സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്, പ്രത്യേകിച്ച് കഴിഞ്ഞ രണ്ടു വർഷങ്ങളിലായി. കുട്ടികൾ മുതൽ പ്രായമായവർ വരെ അക്കൂട്ടത്തിൽ പെടും. എന്നാൽ മൃഗങ്ങളും അക്കാര്യത്തിൽ വ്യത്യസ്തരല്ലെന്ന് തെളിയിക്കുകയാണ് ഒരു വീഡിയോ. അതി പരിചിതമായ ഒരു പ്രവൃത്തിയെന്ന പോലെ അവർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ഒരു സ്മാർട്ട്ഫോണിന്റെ സ്ക്രീനിലേക്ക് ആകാംക്ഷയോടെ നോക്കി ഇവർ ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് സ്ക്രോൾ ചെയ്യുന്നതും വീഡിയോയിൽ കാണാം.
Craze Of Social Media🤦♀️🤦♀️ pic.twitter.com/UiLboQLD32
— Queen Of Himachal (@himachal_queen) July 10, 2022
ഒരാൾ സ്മാർട് ഫോൺ കുരങ്ങൻമാർക്കു മുന്നിലേക്ക് നീട്ടുന്നതാണ് വീഡിയോയുടെ ആദ്യം കാണുന്നത്. അവർ അത്യധികം ആകാംക്ഷയോടെ അതിലേക്ക് നോക്കിയിരിക്കുന്നതും കാണാം. കൂട്ടത്തിലൊരാൾ താഴേക്ക് സ്ക്രോൾ ചെയ്യുന്നുമുണ്ട്. അഞ്ചു കുരങ്ങൻമാരെയാണ് വീഡിയോയിൽ കാണുന്നത്. ഒരാൾ ദൂരെ മാറിയിരിക്കുകയാണ്. ദൂരെ ഇരിക്കുന്നയാൾ ഫോൺ നോക്കുന്നവരെ എന്തോ ആംഗ്യം കാണിക്കുന്നതും വീഡിയോയിൽ കാണാം.
ഒരു ലക്ഷത്തിലധികം പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടിരിക്കുന്നത്. ടൺ കണക്കിന് പ്രതികരണങ്ങളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. ചിലർ ഇതിനെ മനോഹരമെന്ന് വിശേഷിപ്പിച്ചപ്പോൾ അവരും സോഷ്യൽ മീഡിയക്ക് അടിമകളായിരിക്കുന്നു എന്നാണ് മറ്റൊരാൾ കുറിച്ചത്. സോഷ്യൽ മീഡിയ ഉപയോഗിക്കേണ്ട വിധം മനുഷ്യരിൽ നിന്നും അവരുടെ മുൻഗാമികൾ പഠിച്ചിരിക്കുന്നു എന്നും ഒരാൾ കമന്റ് ചെയ്തിട്ടുണ്ട്.
ഒരു കുരങ്ങൻ ചികിത്സ തേടി ക്ലിനിക്കിലെത്തിയ സംഭവം മുൻപ് പുറത്തു വന്നിരുന്നു. ബിഹാറിലെ റോഹ്താസ് ജില്ലയിലെ സസാരമിലാണ് സംഭവം നടന്നത്. കണ്ടു നിന്ന എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടാണ് മുറിവിന് ചികിത്സ തേടി കുരങ്ങൻ എത്തിയത്. ഒരു മടിയും കൂടാതെ കുരങ്ങനെ ഡോക്ടർ പരിചരിക്കുകയും ചെയ്തു. ചികിത്സ ലഭിച്ചതോടെ ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ കുരങ്ങൻ മടങ്ങുകയും ചെയ്തു. കുരങ്ങിന്റെ മുറിവിൽ ഡോക്ടർ മരുന്ന് വച്ച് കെട്ടുന്ന ഈ വീഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഷാസുമ നഗരത്തിലെ തന്റെ സ്വകാര്യ ക്ലിനിക്കിലാണ് സംഭവം നടന്നത്. കുഞ്ഞിനെ നെഞ്ചോട് ചേർത്തു പിടിച്ചാണ് പെൺകുരങ്ങ് ക്ലിനിക്കിൽ എത്തിയത്. കുരങ്ങൻ വന്ന് ശാന്തമായി കട്ടിലിൽ ഇരുന്നു, ശരീരത്തിലെ മുറിവുകൾ കാണിച്ചു. ഉടൻ തന്നെ ഡോക്ടർ ചികിത്സ ആരംഭിച്ചു. മുറിവുകളിൽ മരുന്ന് പുരട്ടി. ബാൻഡേജ് ഒട്ടിക്കുകയും ചെയ്തു. വാർത്ത പരന്നതോടെ സംഭവം കാണാൻ ആളുകൾ ക്ലിനിക്കിൽ തടിച്ചുകൂടി. പ്രദേശവാസികൾ സംഭവത്തിന്റെ മുഴുവൻ വീഡിയോയും ചിത്രീകരിക്കുകയും ചെയ്തു. ചികിത്സ ലഭിച്ചതോടെ കുരങ്ങൻ കുട്ടിയുമായി തിരികെ പോകുകയായിരുന്നു.
കൊലപാതകക്കേസിൽ പ്രതിയെ കുടുക്കുന്നതിനായി പൊലീസ് ശേഖരിച്ച തെളിവുകൾ സൂക്ഷിച്ചിരുന്ന ബാഗ് കുരങ്ങൾ എടുത്ത് കൊണ്ടുപോയതും അടുത്തിടെ വാർത്തയായിരുന്നു. കൊല്ലാനുപയോഗിച്ച കത്തിയടക്കം പതിനഞ്ചോളം തെളിവുകളടങ്ങിയ ബാഗാണ് രാജസ്ഥാൻ പൊലീസിൻെറ കയ്യിൽ നിന്ന് നഷ്ടമായത്. കത്തിയടക്കമുള്ള വസ്തുക്കളെല്ലാം ഭദ്രമായി കെട്ടി മരച്ചുവട്ടിലാണ് വെച്ചത്. പെട്ടെന്ന് ഒരു കുരങ്ങൻ വന്ന് ഇതെല്ലാം എടുത്ത് കടന്നുകളഞ്ഞെന്നാണ് പൊലീസ് പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.