കീവ്: യുക്രെയ്ൻ അധിനിവേശത്തിൽസാധാരണക്കാർക്കുനേരെ ആക്രമണം ഉണ്ടാകുന്നില്ലെന്ന റഷ്യയുടെ അവകാശവാദം തെറ്റാണെന്ന് തെളിയിക്കുന്ന നടുക്കുന്ന ദൃശ്യം പുറത്ത്. കാറുകൾക്ക് മുകളിലേക്ക് ടാങ്ക് ഓടിച്ചു കയറ്റുന്ന ദൃശ്യമാണ് പുറത്തുവരുന്നത്. യുക്രെയ്നിലെ ഒബലോണിൽനിന്നുള്ള ദൃശ്യമാണിത്. അൽജസീറയാണ് ഇൻസ്റ്റാഗ്രാം വഴി ഈ ദൃശ്യം പുറത്തുവിട്ടത്. സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ഇത് വലിയ ചർച്ചയായി കഴിഞ്ഞു. നിരവധിപ്പേരാണ് റഷ്യയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുള്ളത്. നേരത്തെ റഷ്യയുടെ ഒരു ടാങ്ക് യുക്രെയ്ൻ സൈന്യം പിടിച്ചെടുക്കുകയും അതിൽ ഉണ്ടായിരുന്ന റഷ്യൻ സൈനികരെ അപായപ്പെടുത്തുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. കീവ് നഗരത്തിലെ ജനവാസകേന്ദ്രത്തിലേക്ക് റഷ്യൻ സൈന്യം കടന്നിട്ടുണ്ടെന്നും, എല്ലാവരും സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറണമെന്നും യുക്രെയ്ൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം യുക്രെയ്ൻ അധിനിവേശത്തിൽ തലസ്ഥാന നഗരമായ കീവിന് സമീപത്തെത്തി റഷ്യൻ സേന. മെലിറ്റോപോളിന്റെ നിയന്ത്രണം ഏറ്റെടുത്തതായി റഷ്യ അവകാശപ്പെടുന്നു. സൈന്യം മെലിറ്റോപോൾ നഗരം പിടിച്ചെടുത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയമാണ് അറിയിച്ചത്. കീവ് നഗരത്തിന് സമീപം റഷ്യൻ സേന എത്തിയതായാണ് വിവരം. ഇന്നും കീവ് നഗരത്തിന് ചുറ്റിലുമായി നിരവധി തവണ സ്ഫോടന ശബ്ദങ്ങൾ കേട്ടു.
അതിനിടെ റഷ്യൻ സൈന്യത്തിന്റെ റോക്കറ്റ് ലോഞ്ചറുകൾ തകർത്തെന്ന അവകാശവാദവുമായി യുക്രെയ്ൻ രംഗത്തെത്തി. യുക്രെയ്നിലെ ഖാർകിവിൽ "Z" എന്ന അക്ഷരം വരച്ച റഷ്യൻ സൈന്യത്തിന്റെ ഒന്നിലധികം റോക്കറ്റ് ലോഞ്ചറുകൾ നശിപ്പിച്ചതായാണ് ദൃക്സാക്ഷികൾ പറയുന്നത്.
അവസാനം വരെയും റഷ്യയെ പ്രതിരോധിക്കും
അതേസമയം റഷ്യയെ അവസാനം വരെയും പ്രതിരോധിക്കുമെന്നും താൻ രാജ്യം വിട്ടു പോകില്ലെന്നും യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കി പറഞ്ഞു. ഇന്ന് രാവിലെ, സെൻട്രൽ കീവിൽ നിന്ന് മറ്റൊരു വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 40 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ തെറ്റായപ്രചരണങ്ങളെ തള്ളിക്കളയുന്നുണ്ട്. "ഇന്റർനെറ്റിൽ ധാരാളം തെറ്റായ വിവരങ്ങൾ ഉണ്ട്, ആയുധം താഴെയിടാൻ ഞാൻ ഞങ്ങളുടെ സൈന്യത്തോട് ആവശ്യപ്പെടുന്നതായുള്ള പ്രചരണം തെറ്റാണ്" അദ്ദേഹം പറഞ്ഞു. "ഞങ്ങൾ ഇവിടെ ഉണ്ട്. ഞങ്ങൾ ആയുധം താഴെ വയ്ക്കാൻ പോകുന്നില്ല. ഞങ്ങൾ രാജ്യത്തെ സംരക്ഷിക്കും''- സെലെൻസ്കി പറഞ്ഞു.
Also Read-
War in Ukraine| റഷ്യൻ സൈന്യം കീവിൽ; യുക്രെയ്ൻ പുടിനുമായി ഒത്തുതീർപ്പിന് തയ്യാറാകും
ഇപ്പോൾ നടക്കുന്നത് പുടിന്റെ യുദ്ധമാണെന്നും അത് ലജ്ജാകരമാണെന്നും ഇന്ത്യയിലെ ജർമ്മൻ അംബാസഡർ വാൾട്ടർ ജെ. ലിൻഡ്നർ പറഞ്ഞു. സാമ്പത്തിക ഉപരോധങ്ങളുമായി ഞങ്ങൾ മറുപടി നൽകിയിട്ടുണ്ട്. ഒരു രാജ്യം മറ്റൊരു രാജ്യത്ത് അധിനിവേശം നടത്തുന്നത് അനുവദിക്കാനാവില്ല. അന്താരാഷ്ട്ര നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു അന്താരാഷ്ട്ര സമൂഹമാണ് നമുക്ക് വേണ്ടതെന്നും യുക്രെയ്ൻ പ്രതിസന്ധിയെക്കുറിച്ച് ഇന്ത്യയിലെ ജർമ്മൻ അംബാസഡർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.