മോസ്ക്കോ: വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള യുക്രെയ്നിലെ ഡൊനെറ്റ്സ്കിൽ അഞ്ച് തവണ സ്ഫോടനങ്ങളുണ്ടായെന്ന് റിപ്പോർട്ട്. പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള കിഴക്കൻ ഉക്രെയ്ൻ നഗരമായ ഡൊനെറ്റ്സ്കിൽ വ്യാഴാഴ്ച പുലർച്ചെ അഞ്ച് സ്ഫോടനങ്ങളെങ്കിലും കേട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുക്രെയ്നിൽ സൈനിക നടപടിയെന്ന് റഷ്യൻ പ്രസിഡനറ് വ്ലാഡിമിർ പുടിൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്ഫോടനം. സ്ഫോടനത്തെത്തുടർന്ന് നാല് സൈനിക ട്രക്കുകൾ സംഭവസ്ഥലത്തേക്ക് പോകുന്നത് കാണാമായിരുന്നു. മണിക്കൂറുകൾക്ക് മുമ്പ്, യുക്രെയ്നിലെ രണ്ട് വിഘടനവാദി പ്രദേശങ്ങളിലെ യുക്രേനിയൻ സൈന്യത്തിന്റെ "ആക്രമണത്തെ" ചെറുക്കാൻ റഷ്യൻ സഹായം ആവശ്യപ്പെട്ടതായി ക്രെംലിൻ പറയുന്നു.
അതേസമയം എന്തിനും തയാറാണെന്നും തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് സൈന്യം മറുപടി നല്‍കുമെന്നും പുടിന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. യുക്രെയ്ന് അതിര്‍ത്തിയില്‍ ഏകദേശം രണ്ട് ലക്ഷം സൈനികരെയും യുദ്ധവാഹനങ്ങളെയും റഷ്യ വിന്യസിച്ചിട്ടുണ്ടെന്ന് യുക്രെയ്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കി വ്യക്തമാക്കിയിരുന്നു. രാത്രി വൈകി നടത്തിയ ടെലിവിഷന്‍ പ്രസംഗത്തില്‍ റഷ്യന്‍ പൗരന്മാരെ അഭിസംബോധന ചെയ്യാന്‍ സെലന്‍സ്കി റഷ്യന്‍ ഭാഷയിലാണ് സംസാരിച്ചത്. "ഞങ്ങള്‍ പറയുന്നത് കേള്‍ക്കൂ. യുക്രെയ്ന് ജനത സമാധാനം ആഗ്രഹിക്കുന്നു. യുക്രെയ്നിയന്‍ അധികാരികള്‍ സമാധാനം ആഗ്രഹിക്കുന്നു'-സെലന്‍സ്കി ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു.
ഏതു നിമിഷവും യുദ്ധമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സാധ്യമായ എല്ലാരീതിയിലും പ്രതിരോധിക്കുമെന്നും യുക്രെയ്ന് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. ചര്‍ച്ചയ്ക്കുള്ള തന്റെ ക്ഷണത്തിന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് മറുപടി നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. കിഴക്കന്‍ യുക്രെയ്നില്‍ റഷ്യയുടെ അധിനിവേശത്തെത്തുടര്‍ന്ന് യുക്രെയ്നില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. റഷ്യ സന്ദര്‍ശിക്കരുതെന്ന് യുക്രെയ്ന് പൗരന്മാരോടു സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. റഷ്യയിലുള്ളവരോട് എത്രയും വേഗം മടങ്ങാന്‍ യുക്രെയ്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുപ്പതു ലക്ഷത്തോളം യുക്രെയ്ന് പൗരന്മാര് റഷ്യയിലുണ്ട്.
കിഴക്കൻ യുക്രെയ്നിലെ വിമത നേതാക്കൾ യുക്രേനിയൻ ആക്രമണത്തെ പ്രതിരോധിക്കാൻ കഴിഞ്ഞ ദിവസമാണ് റഷ്യയോട് സൈനിക സഹായം ആവശ്യപ്പെട്ടതെന്ന് ക്രെംലിൻ പറഞ്ഞു, പാശ്ചാത്യ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയതുപോലെ, ഇത് റഷ്യ-യുക്രെയ്ൻ യുദ്ധത്തിലേക്ക് കാര്യങ്ങൾ എത്തിച്ചേക്കുമെന്നാണ് വിവരം.
"ആക്രമണം" തടയാൻ ബുധനാഴ്ച വിഘടനവാദികൾ റഷ്യൻ സഹായം ആവശ്യപ്പെട്ടതിന് ശേഷം മണിക്കൂറുകൾക്കുള്ളിൽ റഷ്യ യുക്രെയ്ൻ ആക്രമിക്കുമെന്ന് താൻ വിശ്വസിക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു. യൂറോപ്പിനെ യുദ്ധത്തിന്റെ വക്കിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള നയതന്ത്രം ഇനിയും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും റഷ്യൻ സൈന്യം ഒറ്റരാത്രികൊണ്ട് യുക്രെയ്നെ ആക്രമിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി ബ്ലിങ്കെൻ എൻബിസി ന്യൂസിനോട് പറഞ്ഞു.
Also Read-
Russia-Ukraine Conflict: റഷ്യ-യുക്രെയ്ൻ സംഘർഷം: രണ്ട് രാജ്യങ്ങളുടെയും ചരിത്രം അറിയണോ? ഇതാ 5 പുസ്തകങ്ങള്‍
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ ബുധനാഴ്ച രാത്രി യുക്രെയ്ൻ വിഷയം ചർച്ച ചെയ്തിരുന്നതായി നയതന്ത്രജ്ഞർ പറഞ്ഞു, ഈ ആഴ്ച പ്രതിസന്ധിയെക്കുറിച്ച് 15 അംഗ സുരക്ഷാസമിതിയുടെ രണ്ടാമത്തെ യോഗമാണ് നടന്നത്. റഷ്യയുടെ സഹായത്തിനായുള്ള വിഘടനവാദികളുടെ അഭ്യർത്ഥനയെത്തുടർന്ന് യുഎസിന്റെയും മറ്റ് അഞ്ച് കൗൺസിൽ അംഗങ്ങളുടെയും പിന്തുണയോടെ യുക്രെയ്ൻ വിഷയത്തിൽ ഇടപെടണമെന്ന് സുരക്ഷാസമിതിയോട് ആവശ്യപ്പെടുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.