Recession | സാമ്പത്തിക മാന്ദ്യം ഉണ്ടാകില്ല; അമേരിക്കക്കാർക്ക് ബൈഡന്റെ ഉറപ്പ്
Recession | സാമ്പത്തിക മാന്ദ്യം ഉണ്ടാകില്ല; അമേരിക്കക്കാർക്ക് ബൈഡന്റെ ഉറപ്പ്
ആദ്യപാദത്തിൽ പ്രതീക്ഷിച്ചതിലും വലിയ ഇടിവാണ് ജിഡിപിയിൽ ഉണ്ടായത്. കോവിഡ് വ്യാപനമാണ് യുഎസ് സാമ്പത്തികമേഖലയെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നയിച്ചത്.
Last Updated :
Share this:
അമേരിക്കയിൽ നിലവിൽ സാമ്പത്തിക മാന്ദ്യം (Recession) ഉണ്ടാകില്ലെന്ന് വ്യക്തമാക്കി പ്രസിഡൻറ് ജോ ബൈഡൻ (Joe Biden). രാജ്യത്ത് തുടർച്ചയായ രണ്ടാം പാദത്തിലും ജിഡിപി ഇടിയുകയാണ്. ഈ ആഴ്ച അവസാനത്തോടെയാണ് പുതിയ റിപ്പോർട്ട് വരാൻ പോകുന്നത്. എന്നാൽ ബൈഡൻ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് രാജ്യത്തിൻെറ സാമ്പത്തികസ്ഥിതിയെ നോക്കിക്കാണുന്നത്. “എൻെറ കാഴ്ച്ചപ്പാടിൽ നമ്മളൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് ഇപ്പോൾ പോകാൻ യാതൊരു സാധ്യതയുമില്ല,” ബൈഡൻ മാധ്യപപ്രവർത്തകരോട് പറഞ്ഞു.
രാജ്യത്തെ ജീവനക്കാരുടെ എണ്ണത്തിൽ ഗണ്യമായ പുരോഗതിയാണുള്ളത്. തൊഴിൽമേഖലയിൽ സുസ്ഥിരമായ പുരോഗതിയിലേക്കാണ് രാജ്യം പോകുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധിക്ക് യാതൊരു സാധ്യതയുമില്ലെന്ന് ബൈഡൻ വ്യക്തമാക്കി. യുഎസിലെ മുതിർന്ന പല ഉദ്യോഗസ്ഥരും സാമ്പത്തികമാന്ദ്യത്തിനുള്ള സാധ്യത തള്ളിക്കളഞ്ഞിട്ടുണ്ട്. ശക്തമായ തൊഴിൽ വിപണികൾ കണക്കിലെടുക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയിൽ മാന്ദ്യം ഉണ്ടാകാൻ സാധ്യതയില്ലെന്ന് അവർ പറയുന്നു.
യുഎസ് ജിഡിപിയിൽ വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ 1.6 ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളത്. രണ്ടാം പാദത്തിലും ജിഡിപി ഇടിയുമെന്ന് സമീപകാല കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ സാമ്പത്തിക വിദഗ്ദർക്കിടയിലെ ഒരു വിഭാഗം ഇപ്പോഴും ജിഡിപി പുരോഗതി കൈവരിക്കുമെന്ന് പ്രത്യാശ പുലർത്തുന്നുണ്ട്. ആദ്യപാദത്തിൽ പ്രതീക്ഷിച്ചതിലും വലിയ ഇടിവാണ് ജിഡിപിയിൽ ഉണ്ടായത്. കോവിഡ് വ്യാപനമാണ് യുഎസ് സാമ്പത്തികമേഖലയെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നയിച്ചത്.
എന്നാൽ പണപ്പെരുപ്പം കുറയ്ക്കുന്നതിന് വേണ്ടിയുള്ള സാമ്പത്തികനയം രൂപീകരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് യുഎസ് ഭരണകൂടം. ഫെഡറൽ റിസർവിന് ഇക്കാര്യത്തിൽ എന്തെല്ലാം ചെയ്യാൻ സാധിക്കുമോ അതെല്ലാം ചെയ്യാനാണ് തീരുമാനം. പലിശനിരക്ക് മുക്കാൽ ശതമാനം കൂടി വർധിപ്പിച്ചേക്കും. വരുന്ന മൂന്ന് പാദങ്ങളിൽ ഈ കൂടിയ പലിശനിരക്ക് നിലനിർത്താനാണ് തീരുമാനം.
പണപ്പെരുപ്പം കുറയ്ക്കുന്നതിന് പലിശനിരക്ക് കൂട്ടുന്നത് അനിവാര്യമാണെന്ന് ഫെഡറൽ ചെയർ ജെറോം പവൽ പറഞ്ഞു. എന്നാൽ യുഎസ് സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ പ്രതിസന്ധി ഇല്ലാതെ എങ്ങനെ മുന്നോട്ട് പോവാൻ സാധിക്കുമെന്നാണ് ആലോചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ദ്രുതഗതിയിൽ യുഎസ് സാമ്പത്തികവ്യവസ്ഥ മുന്നോട്ട് കുതിച്ചിരുന്നു. എന്നാൽ പിന്നീടുണ്ടായ ഇടിവ് അമേരിക്കൻ കുടുംബങ്ങളെയാകെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്.
സാമ്പത്തിക മാന്ദ്യം മുന്നിൽ കണ്ട് യുഎസിലെ ബഹുരാഷ്ട്ര കമ്പനികൾ നടപടികൾ എടുത്ത് തുടങ്ങിയിരുന്നു. ടെക്ക് ഭീമൻമാരായ ആപ്പിൾ, ഗൂഗിൾ (Google), മൈക്രോസോഫ്റ്റ് (Microsoft), ആമസോൺ (Amazon) തുടങ്ങിയ കമ്പനികൾ ജീവനക്കാരെ എടുക്കുന്നത് താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ചില കമ്പനികൾ ജീവനക്കാരെ പിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്.
ചെലവ് കുറയ്ക്കുന്നതിൻെറ ഭാഗമായി പുതിയ നിക്ഷേപങ്ങളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഎസിൽ ജോലി ലഭിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടെന്നും ബ്ലൂംബൈർഗ് റിപ്പോർട്ട് ചെയ്യുന്നു. എല്ലാ ടെക്ക് കമ്പനികളുടെയും സാഹചര്യങ്ങൾ ഒരുപോലെയല്ല. പല മേഖലകളിലും മൈക്രോസോഫ്റ്റ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നുണ്ട്. ഏകദേശം 1 ശതമാനം പിരിച്ചുവിടൽ സ്ഥാപനത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ വർഷം അവസാനിക്കുമ്പോഴേക്കും ജീവനക്കാരുടെ എണ്ണം വർധിക്കുമെന്നാണ് കമ്പനി പറയുന്നത്.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.