കാൻബറ: ഓസ്ട്രേലിയയിൽ ആശങ്കയ്ക്ക് ഇടയാക്കി കാണാതായ ആണവ ഉപകരണം മണിക്കൂറുകളോളം നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തി. 660ഓളം കിലോമീറ്റര്‍ തെരഞ്ഞതിന് ശേഷം റോഡരികില്‍ നിന്നാണ് ഒരു ഗുളികയുടെ വലുപ്പമുള്ള റേഡിയോ ആക്ടീവ് ക്യാപ്‌സൂള്‍ കണ്ടെത്തിയത്. ‘ഇത് കണ്ടെത്തുന്നത് അത്യന്തം വെല്ലുവിളി നിറഞ്ഞതായിരുന്നു. ശരിക്കും വൈക്കോല്‍ കൂനയില്‍നിന്ന് സൂചി കണ്ടെത്തുന്ന പോലെ ദുഷ്ക്കരം, ഒടുവില്‍ കണ്ടെത്തി’ ഓസ്‌ട്രേലിയന്‍ അടിയന്തര സേവന വകുപ്പ് മന്ത്രി സ്റ്റീഫന്‍ ഡൗസണ്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ട്രക്കില്‍ കൊണ്ടുപോകുന്നതിനിടെയാണ് ആണവ വികിരണ ശേഷിയുള്ള സീഷ്യം 137 അടങ്ങിയ ക്യാപ്സൂള്‍ കാണാതായത്. ന്യൂമാനിലെ റയോ ടിന്റോ ഇരുമ്പ് ഖനിയില്‍ നിന്ന് 1400 കിലോമീറ്റര്‍ അകലെ പെര്‍ത്ത് നഗരത്തിലെ സ്റ്റോറിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് ഇത് കാണാതായത്. ഗുളികയുടെ വലുപ്പം മാത്രമുള്ള ഈ ക്യാംപ്സ്യൂൾ കണ്ടെത്താൻ വേണ്ടി ട്രക്ക് സഞ്ചരിച്ച 660ഓളം കിലോമീറ്ററിൽ വ്യാപക തെരച്ചിലാണ് നടത്തിയത്.
കാണാതായ ആണവ സാമഗ്രി കണ്ടെത്താൻ വേണ്ടി വലിയ സന്നാഹം തന്നെയാണ് ഓസ്ട്രേലിയൻ സൈന്യം ഒരുക്കിയത്. ഇതിനായി ആണവ വികിരണ വസ്തുക്കള്‍ കണ്ടെത്താനുള്ള ഡിറ്റക്ടറുകളും എത്തിച്ചു. ഓസ്‌ട്രേലിയന്‍ സൈന്യം, ആണവ വകുപ്പ്, വിവിധ പൊലീസ് ഏജന്‍സികള്‍ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിദഗ്ദ്ധരുടെ മേൽനോട്ടത്തിലാണ് തെരച്ചിൽ നടത്തിയത്.
അതേസമയം ക്യാപ്സ്യൂൾ എങ്ങനെയാണ് ട്രക്കിൽനിന്ന് പുറത്തേക്ക് പോയത് എന്നത് സംബന്ധിച്ച് ഇതുവരെ കൃത്യമായ വിശദീകരണം വന്നിട്ടില്ല. യാത്രയ്ക്കിടെ ട്രക്ക് കുലുങ്ങിയപ്പോൾ തെറിച്ചുപോയതാകാമെന്ന് കരുതുന്നു. ഈ ക്യാപ്സ്യൂൾ ആണവായുധം പോലെ അപകടകരമല്ലെങ്കിലും മുൻകരുതൽ ഇല്ലാതെ ഇതിന് സമീപത്ത് ഏറെ നേരം കഴിഞ്ഞാൽ തൊക്ക് രോഗവും ശരീരത്തിൽ ഗുരുതരമായ ദഹന, പ്രതിരോധ പ്രശ്‌നങ്ങളുണ്ടാകാൻ കാരണമാകും. ഏറെ സമയം ഇതുമായി സമ്പർക്കത്തിൽ വന്നാൽ അത് ക്യാൻസറിന് കാരണമാകും. ഇതിൽനിന്നുള്ള വികിരണശേഷി 24 മണിക്കൂറിനുള്ളില്‍ 10 എക്‌സ്‌റേയ്ക്കു തുല്യമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.