കുപ്രസിദ്ധ കൊളംബിയൻ മയക്കുമരുന്ന് രാജാവ് പാബ്ലോ എസ്കോബാർ മരിച്ചെങ്കിലും മുപ്പത് വർഷത്തിന് ശേഷവും ഇയാളുടെ ചില ചെയ്തികളുടെ ഫലം രാജ്യത്തെ വേട്ടയാടുകയാണ്. 1980 കളിൽ രൂപംകൊണ്ട മെഡലിൻ മയക്കുമരുന്ന് കാർട്ടലിന്റെ സ്ഥാപകനായ എസ്കോബാർ നിരവധി തട്ടിക്കൊണ്ടുപോകലുകൾക്കും കൊലപാതകങ്ങൾക്കും ബോംബാക്രമണങ്ങൾക്കും പിന്നിലെ ബുദ്ധികേന്ദ്രമായിരുന്നു. എന്നാൽ അത് മാത്രമല്ല എസ്കോബാറിന്റെ കുപ്രസിദ്ധിയുടെ കാരണം. ‘കൊക്കെയ്ൻ രാജാവ്’ ആയിരുന്നു എസ്കോബാർ. ഇപ്പോൾ അയാളുടെ കുപ്രസിദ്ധ ഹിപ്പപ്പോട്ടമസുകളുകളാണ് ഭീഷണിയാകുന്നത്. അതിൽ ചിലത് ഇന്ത്യയിലേയ്ക്കും വന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.
എസ്‌കോബാറിന്റെ ‘കൊക്കെയ്ൻ’ ഹിപ്പോകൾ?
ഒരു കാലത്ത് ലോകത്തിലെ ഏറ്റവും ധനികരായ ആളുകളിൽ ഒരാളായിരുന്നു എസ്‌കോബാർ. തന്റെ സ്വകാര്യ എസ്റ്റേറ്റിൽ സൂക്ഷിക്കുന്നതിനായി ഒരു കൂട്ടം ഹിപ്പോപ്പൊട്ടാമസുകളെ യുഎസ് മൃഗശാലയിൽ നിന്ന് അനധികൃതമായി അയാൾ ഇറക്കുമതി ചെയ്തു. ഹിപ്പോകൾക്കു പുറമേ സീബ്രകൾ, ജിറാഫുകൾ, അരയന്നങ്ങൾ തുടങ്ങിയ മറ്റ് മൃഗങ്ങളെയും അയാൾ എസ്റ്റേറ്റിൽ പാർപ്പിച്ചിരുന്നു.
1993-ൽ ഈ മയക്കുമരുന്ന് രാജാവ് കൊല്ലപ്പെട്ടതിനുശേഷം, മിക്ക മൃഗങ്ങളെയും സർക്കാർ മാറ്റിപ്പാർപ്പിച്ചു. എന്നാൽ ഹിപ്പോകളെ അന്ന് മാറ്റിയിരുന്നില്ല. അവയെ കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടുള്ളതായി കണക്കാക്കുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ഹിപ്പോകൾ മരിച്ച് പൊയ്ക്കോളും എന്ന് അധികാരികൾ കരുതി. പക്ഷെ ഹിപ്പോകൾ മരിച്ചില്ല എന്ന് മാത്രമല്ല കാലക്രമേണ അവ 100-ലധികമായി വർദ്ധിക്കുകയും രാജ്യത്തിന്റെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണി ഉയർത്തുകയും ചെയ്തിരിക്കുകയാണ്.
ഇന്ത്യ ഈ ചിത്രത്തിലേക്ക് വരുന്നത് എപ്പോഴാണ്?
കൊളംബിയയിൽ ഇത് പരിഹരിക്കാനുള്ള ചർച്ചകൾക്കിടയിൽ ഉയർന്ന വന്ന നിർദ്ദേശങ്ങളിൽ ഇന്ത്യയിലേക്കും മെക്സിക്കോയിലേക്കും ഹിപ്പോകളെ അയക്കാനുള്ള നിർദ്ദേശവുമുണ്ട്. ഹിപ്പോകളുടെ എണ്ണം നിയന്ത്രിക്കാൻ കുറഞ്ഞത് 70 ഹിപ്പോകളെയെങ്കിലും ഇരു രാജ്യങ്ങൾക്കും കൈമാറാൻ കൊളംബിയ നിർദ്ദേശിക്കുന്നു. അവയെ ഇന്ത്യയിലേക്കും മെക്‌സിക്കോയിലേക്കും കൊണ്ടുപോകാനുള്ള പദ്ധതി ഒരു വർഷത്തിലേറെയായി ആലോചനയിലാണെന്ന് ആന്റിയോക്വിയ പ്രവിശ്യയിലെ പരിസ്ഥിതി മന്ത്രാലയത്തിലെ മൃഗസംരക്ഷണ-ക്ഷേമ ഡയറക്ടർ ലിന മാർസെല ഡി ലോസ് റിയോസ് മൊറേൽസ് പറഞ്ഞു.
Also read: 3000 വർഷങ്ങൾക്ക് മുൻപ് ടിബറ്റുകാർ പാൽ കുടിച്ചു; ബീഫും കഴിച്ചു; ചൈനീസ് ഗവേഷകരുടെ വെളിപ്പെടുത്തൽ
ഇന്ത്യയിലെ ഗുജറാത്തിലെ ഗ്രീൻസ് സുവോളജിക്കൽ റെസ്ക്യൂ & റീഹാബിലിറ്റേഷൻ കിംഗ്ഡത്തിലേക്ക് 60 ഹിപ്പോകളെ അയയ്ക്കാൻ കൊളംബിയൻ അധികാരികൾ ആഗ്രഹിക്കുന്നുണ്ട്. കൂടാതെ 10 എണ്ണം മെക്സിക്കോയിലെ സിനാലോവയിൽ സ്ഥിതി ചെയ്യുന്ന ഓസ്റ്റോക്ക് പോലുള്ള മൃഗശാലകളിലേക്കും സങ്കേതങ്ങളിലേക്കും പോകും. ഇക്വഡോർ, ഫിലിപ്പീൻസ്, ബോട്സ്വാന എന്നീ രാജ്യങ്ങളും കൊളംബിയൻ ഹിപ്പോകളെ തങ്ങളുടെ രാജ്യങ്ങളിലേക്ക് മാറ്റാൻ സന്നദ്ധത പ്രകടിപ്പിച്ചതായി ആന്റിയോക്വിയ ഗവർണറുടെ ഓഫീസ് അറിയിച്ചു.
എന്തുകൊണ്ടാണ് കൊളംബിയ ഹിപ്പോകളെ നാട് കടത്താൻ പദ്ധതിയിടുന്നത്?
ആൻറിയോക്വിയ പ്രവിശ്യയിൽ ഏകദേശം 130 ഹിപ്പോകൾ ഉണ്ടെന്ന് അധികാരികൾ കണക്കാക്കുന്നു, അവയുടെ എണ്ണം എട്ട് വർഷത്തിനുള്ളിൽ 400 ഉം 16 വർഷത്തിനുള്ളിൽ 1,500 ഉം വരെ എത്താനിടയുണ്ട്. 1993-ൽ ഒരു ആണും മൂന്ന് പെണ്ണും ഉണ്ടായിരുന്നു, അവയുടെ എണ്ണത്തിലെ വളർച്ച ഭയാനകമാണ്. രാജ്യത്തിന്റെ പ്രധാന നീർത്തടത്തിന്റെ ഭാഗമായ മഗ്ദലീന നദിയും മറ്റ് ജലാശയങ്ങളും ഇവ കീഴടക്കി കഴിഞ്ഞു.
കൊളംബിയയിലെ ഹിപ്പോകൾ ഭക്ഷണത്തിനും സ്ഥലത്തിനും വേണ്ടി മത്സരിക്കുന്നതിനാൽ കടൽ പശുക്കൾ എന്ന് സ്നേഹപൂർവ്വം വിളിപ്പേരുള്ള ആന്റിലിയൻ മനാറ്റീസ് പോലുള്ളവ വംശനാശഭീഷണി നേരെയിടുകയാണെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ഹിപ്പോകൾ ഓരോ വർഷവും ആഫ്രിക്കയിൽ മറ്റേതൊരു മൃഗത്തേക്കാളും കൂടുതൽ ആളുകളെ കൊല്ലുന്നു എന്നതും ഭീഷണിയുയർത്തുന്നുണ്ട്.
എന്നാൽ കൊളംബിയയിൽ എല്ലാവരും ഇതിനെ അനുകൂലിക്കുന്നില്ല, മൃഗങ്ങളെ കൊല്ലുന്നത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. 2009-ൽ, എസ്കോബാറിന്റെ ആൺ ഹിപ്പോയായ പെപ്പെയെ പട്ടാളക്കാർ വെടിവെച്ചുകൊന്നതിന്റെ ഫോട്ടോകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് മൃഗാവകാശ പ്രവർത്തകരിൽ നിന്ന് വലിയ പ്രതിഷേധം ഉയർന്നു.ഇതെല്ലാം കൊണ്ടാണ് ഹിപ്പോകളെ മറ്റ് രാജ്യങ്ങളിലേക്ക് നാട് കടത്തുന്നതിനെക്കുറിച്ച് കൊളംബിയ ഗൗരവമായ ചർച്ചകൾ നടത്തിവരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.