ബ്രിട്ടീഷ്, ഐറിഷ് ഇതര പൗരൻമാർക്ക് യുകെയിൽ പ്രവേശിക്കുന്നതിന് മുമ്പ് ആവശ്യമായ ഒരു പെർമിറ്റാണ് ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (Electronic Travel Authorisation) അഥവാ ഇടിഎ. ഐറിഷ് പൗരന്മാരല്ലാത്തവരും എന്നാൽ അയർലണ്ടിൽ നിയമപരമായി താമസമാക്കിയവർക്കും നോർത്തേൺ അയർലന്റിലേക്കുള്ള അതിർത്തി കടക്കാൻ ഇടിഎ ആവശ്യമാണ്. എന്നാൽ ചിലയാളുകൾക്ക് ഈ സംവിധാനത്തിൽ ഇളവ് നൽകുന്നതിനെക്കുറിച്ച് ചില ചർച്ചകൾ ഇപ്പോൾ പുരോഗമിച്ചു വരികയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കോമൺ ട്രാവൽ ഏരിയ ( Common Travel Area -CTA) എന്ന പേരിലുള്ള യുകെയും അയർലന്റും തമ്മിലുള്ള മൈഗ്രേഷൻ കരാർ പ്രകാരം, ഐറിഷ് പൗരന്മാർക്ക് ഇടിഎ ആവശ്യമില്ല. എന്നാൽ പോളിഷ് പൗരൻമാരെപ്പോലെ, നിയമപരമായി അയർലന്റിൽ താമസിക്കുന്നവർക്ക് ഒരു ഷോപ്പിങ്ങിനായി പോലും നോർത്തേൺ അയർലന്റിലുള്ള അതിർത്തി കടക്കണമെങ്കിൽ ഇടിഎ ആവശ്യമാണ്.
Also Read- ആരാണ് അദാനി വിഷയത്തിൽ നരേന്ദ്ര മോദിയെ വിമർശിച്ച ജോർജ് സോറോസ്?
ഒരാൾ അയർലന്റിലെ നിയമാനുസൃതമായ താമസക്കാരനാണോ എന്ന് നിർണയിക്കാൻ സാധിക്കുന്ന തരത്തിലുള്ള യുകെ-അയർലൻഡ് ഡാറ്റ-ഷെയറിംഗ് സൊല്യൂഷന് സാധ്യതയുണ്ടോ എന്നതിനെക്കുറിച്ച് വിശദമായ ചർച്ചകൾ നടക്കുകയാണെന്നും ചിലർക്ക് ഇക്കാര്യത്തിൽ ഇളവുകൾ ലഭിച്ചേക്കാമെന്നും യുകെ ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെൻറിക്ക് പറഞ്ഞു.
Also Read- ജാതി വിവേചനം നിരോധിക്കുന്ന ആദ്യ അമേരിക്കൻ നഗരമായി സിയാറ്റിൽ; നിയമത്തിന് അംഗീകാരം
നോർത്തേൺ അയർലന്റിലെ ടൂറിസം മേഖലയും ഇടിഎയിൽ നിന്ന് ചില ഇളവുകൾ തേടുന്നുണ്ട്. ഡബ്ലിനിൽ എത്തി നോർത്തേൺ അയർലണ്ടിലേക്ക് പോകാൻ പദ്ധതിയിടുന്ന അന്താരാഷ്‌ട്ര സന്ദർശകരെ ഈ നിയമം ബാധിക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇടിഎയുമായി ബന്ധപ്പെട്ട സങ്കീർണതകൾ ഒഴിവാക്കാൻ ടൂർ ഓപ്പറേറ്റർമാരിൽ പലരും അവരുടെ യാത്രാപരിപാടികളിൽ നിന്ന് നോർത്തേൺ അയർലന്റിനെ ഒഴിവാക്കുകയാണെന്ന് ടൂറിസം അയർലൻന്റ് എന്ന മാർക്കറ്റിങ്ങ് ബോഡിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നിയാൽ ഗിബ്ബൺസ് ഇക്കഴിഞ്ഞ ജനുവരിയിൽ ബിബിസി ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. “നോർത്തേൺ അയർലന്റിന് ഈ നിയമം ബാധകമല്ല എന്നതാണ് ആശ്വാസകരമായ ഒരു കാര്യം. എന്നാൽ ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള ഇളവ് ആഗ്രഹിക്കുന്നവരുണ്ട്”, നിയാൽ ഗിബ്ബൺസ് കൂട്ടിച്ചേർത്തു.
ഇടിഎ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ഒരു ക്യാംപെയ്ൻ നടത്തണമെന്നും ഗിബ്ബൺസ് സർക്കാരിനയച്ച കത്തിൽ ആവശ്യപ്പെട്ടു.”അയർലൻഡ് ദ്വീപ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിദേശ പൗരന്മാർക്ക് റിപ്പബ്ലിക് ഓഫ് അയർലന്റ് വഴി മാത്രമേ ഇവിടേക്ക് പ്രവേശിക്കാനാകൂ എന്ന് അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്”, നിയാൽ ഗിബ്ബൺസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.