ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ രാജി പ്രഖ്യാപിച്ചതിനെ “ലോകത്തെ ഞെട്ടിച്ച പ്രഖ്യാപനം” എന്നാണ് പത്രങ്ങൾ വിശേഷിപ്പിച്ചത്. ‘പുരോഗമന’ രാഷ്ട്രീയ പ്രതിച്ഛായ കൊണ്ടും, അധികാരത്തിലെത്തുമ്പോൾ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നിലയിലുമെല്ലാം ജസീന്ത അന്തർദേശീയ തലത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ജസീന്തയുടെ രാജി പ്രഖ്യാപനം ന്യൂസിലാൻഡിനെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.
“ഞാൻ ഒരു സാധാരണ മനുഷ്യനാണ്. നമുക്ക് കഴിയുന്നത്രയും നമ്മൾ നൽകുന്നു, എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോൾ സമയമായി ” ലേബർ പാർട്ടി അംഗങ്ങളുടെ യോഗത്തിൽ അവർ പറഞ്ഞു. തുടർഭരണം കിട്ടി മൂന്ന് വർഷത്തിനുള്ളിലാണ് ജസീന്തയുടെ രാജി പ്രഖ്യാപനം.
“ഞാൻ സ്ഥാനമൊഴിയുന്നു, കാരണം ഇത്തരമൊരു ചുമതല നിർവഹിക്കുക എന്നത് ഉത്തരവാദിത്തമുള്ള കാര്യമാണ്. എപ്പോഴാണ് നിങ്ങൾ ഈ ചുമതല നിർവ്വഹിക്കാൻ അനുയോജ്യയായ ആളെന്നും അല്ലെന്നും തിരിച്ചറിനായുള്ള വിവേകമുണ്ടാവുക എന്നതിലാണ് കാര്യം. ഈ ചുമതല എന്നിൽ നിന്ന് എന്താണ് ആവശ്യപ്പടുന്നത് എന്ന് എനിക്കറിയാം. ആ ആവശ്യത്തിനോട് നീതി പുലർത്താനാവശ്യമായ ഊർജ്ജം എന്നിൽ ഇപ്പോൾ പര്യാപ്തമായ അളവിൽ ഇല്ല എന്ന് ഞാൻ മനസിലാക്കുന്നു” അവർ പറഞ്ഞു.
ലേബർ പാർട്ടി നേരിടുന്ന പ്രതിസന്ധികൾ
കുതിച്ചുയരുന്ന പണപ്പെരുപ്പം, ഉയർന്നുവരുന്ന മാന്ദ്യം, ഉയർത്തെഴുന്നേൽക്കുന്ന പ്രതിപക്ഷം എന്നിവയാൽ ജസീന്ത സർക്കാരിന്റെ ജനപ്രീതിയിൽ കുറവ് വന്നിട്ടുണ്ട്. 2017-ലെ തിരഞ്ഞെടുപ്പ് ന്യൂസിലാൻഡ് രാഷ്ട്രീയത്തിലെ ഒരു വഴിത്തിരിവായിരുന്നു. ഒക്ടോബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനമൊഴിയാനുള്ള ജസീന്തയുടെ തീരുമാനം ഒരു മാറ്റത്തിന് കാരണമായേക്കാം എന്ന് മാസി യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസർ ഗ്രാന്റ് ഡങ്കൻ അഭിപ്രായപ്പെട്ടു.
Also Read- ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ രാജി പ്രഖ്യാപിച്ചു
ഒക്ടോബറിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ആരാകണമെന്ന ചോദ്യത്തിന് ജസീന്ത നാഷണൽ പാർട്ടിയുടെ ക്രിസ്റ്റഫർ ലക്സണേക്കാൾ മുന്നിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ലേബർ പാർട്ടിയ്ക്ക് അവരുടെ നേതാവിനെ മാറ്റേണ്ട ആവശ്യമില്ലായിരുന്നു. ഈ വർഷാവസാനം ഒരു ദേശീയ സഖ്യത്തിലേക്ക് സർക്കാർ മാറുമെന്ന് എല്ലാവരും പ്രവചിച്ചിരുന്നതായും പറയപ്പെടുന്നു.
ഇപ്പോൾ ലേബർ പാർട്ടി വോട്ടെടുപ്പിൽ പിന്നിലാണെങ്കിലും നേതൃമാറ്റം ഒക്ടോബറിൽ പാർട്ടിയുടെ വിജയസാധ്യതയ്ക്ക് ഭീഷണിയാകില്ല. മഹാമാരി മൂലമുണ്ടായ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. നേതൃസ്ഥാനത്ത് ഒരു പുതിയ മുഖം ഉണ്ടാകുന്നത് ലേബർ പാർട്ടിയുടെ സാധ്യതകളെ സഹായിക്കുമെന്ന് കരുതുന്നു.
മുൻ പ്രധാനമന്ത്രി ജോൺ കീയും 2016-ൽ സമാനമായി രാജി വച്ചിരുന്നു. അദ്ദേഹം അപ്രതീക്ഷിതമായി രാജിവച്ച് ബിൽ ഇംഗ്ലീഷിനെ അധികാരം ഏൽപ്പിച്ചപ്പോൾ ജസീന്ത പറഞ്ഞപോലെ “ഈ ചുമതല നിർവ്വഹിക്കാൻ ആവശ്യമായ ഊർജ്ജം എന്നിലില്ല ” എന്ന അതേകാര്യം തന്നെയാണ് പറഞ്ഞിരുന്നത്.
Also Read- ലോക സാമ്പത്തിക ഫോറം നടക്കുന്ന സമയം ദാവോസിൽ ലൈംഗികതൊഴിലാളികൾക്ക് വൻ ഡിമാൻഡ് എന്ന് റിപ്പോർട്ട്
അടുത്ത വർഷം 2017 ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇംഗ്ലീഷിനും നാഷണൽ പാർട്ടിക്കും 44% വോട്ടുകൾ ലഭിച്ചു. മൊത്തത്തിലുള്ള കണക്ക് എടുത്തപ്പോൾ നാഷണൽ പാർട്ടിക്ക് ഒരു സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞില്ല എന്ന് മാത്രം, ലേബർ പാർട്ടിയുടെ പ്രതിനിധിയായി ജസീന്ത പ്രധാനമന്ത്രിയാവുകയും ചെയ്തു.
ജസീന്ത ദേശീയതലത്തിനേക്കാൾ അന്താരാഷ്ട്രതലത്തിൽ കൂടുതൽ ജനപ്രിയയാണോ?
51 മുസ്ലീം വിശ്വാസികൾ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2019-ലെ ക്രൈസ്റ്റ് ചർച്ച് മസ്ജിദ് കൂട്ടക്കൊല സംയമനത്തോടെ കൈകാര്യം ചെയ്തതിന് ജസീന്തയ്ക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിരുന്നു. വൈറ്റ് ഐലൻഡ് അഗ്നിപർവ്വത സ്ഫോടനം കൈകാര്യം ചെയ്യാൻ അവർ നൽകിയ നിർണ്ണായക നേതൃത്വത്തിനും പരക്കെ പ്രശംസിക്കപ്പെട്ടു.
ബ്രിട്ടീഷ് വോഗിന്റെയും ടൈം മാഗസിന്റേയും കവറുകളിൽ ജസീന്ത ഇടംപിടിച്ചത് അവർ അന്താരാഷ്ട്ര തലത്തിൽ ജനപ്രീതിയുള്ള വ്യക്തിയാണെന്ന ധാരണ പടർത്തി. ഒരു ഘട്ടത്തിൽ അവർ ന്യൂസിലാൻഡിൽ ശക്തയായിരുന്നു, എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സർക്കാരിന് തെരഞ്ഞെടുപ്പുകളിലെ സ്ഥിരത നഷ്ടപ്പെടുകയാണെന്ന് AFPറിപ്പോർട്ട് ചെയ്തു.
ഉയർന്ന ജീവിതച്ചെലവ്, വർദ്ധിച്ചുവരുന്ന പലിശനിരക്ക് എന്നിവ ജനങ്ങൾക്കിടയിൽ അതൃപ്തിയുണ്ടാക്കിയതോടെ 2017-ൽ അധികാരത്തിൽ വന്നതിന് ശേഷം ന്യൂസിലാന്റിൽ ലേബർ പാർട്ടിക്കുള്ള പിന്തുണ ഇടിഞ്ഞതായാണ് പുതിയ പോളിംഗ് ഫലങ്ങൾ.
കാന്താർ വൺ ന്യൂസ് നടത്തിയ പോൾ അനുസരിച്ച്, 1% മുതൽ 33% വരെ ലേബർ പാർട്ടിക്ക് പിന്തുണ കുറഞ്ഞതിനാൽ സഖ്യകക്ഷികളായ ഗ്രീൻ പാർട്ടിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ കഴിയില്ല, ഗ്രീൻ പാർട്ടി 9% പിന്തുണ നിലനിർത്തി അതേസമയം മറ്റൊരു സഖ്യ കക്ഷിയായ മോറി പാർട്ടിയുടെ പിന്തുണ 2% മാത്രമാണ്.
നാഷണൽ പാർട്ടിയുടെ നേതൃത്വത്തിലുള്ള വലത് പക്ഷം ലീഡ് 1% മുതൽ 38% വരെ വർദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം ലിബർട്ടേറിയൻ ആക്റ്റ് പാർട്ടി ലീഡ് 2% മുതൽ 11% വരെ വർദ്ധിപ്പിച്ചു, ഇത് രണ്ട് പാർട്ടികളെയും മറ്റ് സഖ്യകക്ഷികളുടെ ആവശ്യമില്ലാതെ തന്നെ സർക്കാർ രൂപീകരിക്കാൻ പ്രാപ്തരാക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.