• HOME
  • »
  • NEWS
  • »
  • world
  • »
  • സ്ത്രൈണതയുള്ള പുരുഷന്മാർക്ക് വിലക്ക് ; അമേരിക്കൻ പ്രശംസ കുറ്റകരം; ചൈനയിൽ പരമാധികാരമുറപ്പിക്കാൻ ഷീ ജിൻപിംഗ് ചെയ്തത്

സ്ത്രൈണതയുള്ള പുരുഷന്മാർക്ക് വിലക്ക് ; അമേരിക്കൻ പ്രശംസ കുറ്റകരം; ചൈനയിൽ പരമാധികാരമുറപ്പിക്കാൻ ഷീ ജിൻപിംഗ് ചെയ്തത്

അമേരിക്കയെ പിൻതള്ളി ചൈനയെ ലോകത്തെ ഒന്നാം നമ്പർ ശക്തിയാക്കി മാറ്റുക എന്നതാണ് എല്ലാ കാലത്തും ഷിയുടെ സ്വപ്നം.

  • Share this:
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഒക്ടോബറിൽ അതിൻ്റെ 20-ാം പാർട്ടി കോൺഗ്രസിന് ഒരുങ്ങുമ്പോൾ മൂന്നാം തവണയും പ്രസിഡൻ്റായി തുടരാനാണ് ചൈനീസ് പ്രസിഡൻ്റായ ഷീ ജിൻപിംഗ് ലക്ഷ്യം വയ്ക്കുന്നത്. അമേരിക്കയെ പിൻതള്ളി ചൈനയെ ലോകത്തെ ഒന്നാം നമ്പർ ശക്തിയാക്കി മാറ്റുക എന്നതാണ് എല്ലാ കാലത്തും ഷിയുടെ സ്വപ്നം. അധികാരത്തിലിരുന്ന ഒരു പതിറ്റാണ്ടിനിടെ ആഗോള കാര്യങ്ങളിൽ ചൈനയുടെ സ്വാധീനം അരക്കിട്ടുറപ്പിക്കുന്നതിനായി അദ്ദേഹം സൈനികവും സാമ്പത്തികവും രാഷ്ട്രീയവുമായ നിരവധി നടപടികൾ എടുത്തു.

എന്നാൽ, നിയമാധിഷ്ഠിത വ്യവസ്ഥയുടെ ലംഘനങ്ങളും അശക്തരായ രാജ്യങ്ങളുടെ മേൽ കടന്നുകയറുന്നതും കാരണം ലോകം ചൈനയിൽ വിശ്വാസമർപ്പിക്കുന്നില്ല. അമേരിക്കയെ കുറിച്ചും ഇങ്ങനെ പറയാമെങ്കിലും അടുത്ത കാലത്ത് തായ്‌വാൻ കടലിടുക്കിലും ദക്ഷിണ ചൈനാ കടലിലും ഇൻഡോ-പസഫിക് മേഖലയിലും ഇന്ത്യൻ അതിർത്തി പ്രദേശങ്ങളിലുമെല്ലാം ചൈന നടത്തിയ ഇടപെടലുകൾ ലോകക്രമത്തിൻ്റെ നഗ്നമായ ലംഘനമായാണ് മറ്റു രാജ്യങ്ങൾ കണക്കാക്കുന്നത്.

ഹോങ്കോങ്ങിൽ നടത്തിയ അടിച്ചമർത്തലുകൾ, രാജ്യത്തിനകത്ത് ഉണ്ടാകുന്ന വ്യത്യസ്ത അഭിപ്രായങ്ങളെയും ഷി വെച്ചു പൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കുന്നു. കോവിഡ് സീറോ നയം പ്രകാരം ചൈനീസ് നഗരങ്ങളിൽ ഉടനീളം നടപ്പാക്കിയ ലോക്ക് ഡൗണിനിടയിലും പ്രക്ഷോഭകരെ സർക്കാർ അടിച്ചമർത്തിയത് ഇതിൻ്റെ സൂചനയാണ്.

ഈ നടപടികൾക്കെല്ലാം പാശ്ചാത്യ ലോകത്തു നിന്ന് എതിർപ്പുകൾ ഉണ്ടായിട്ടുണ്ട് എങ്കിലും, കോവിഡ് കാരണം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലും ഇതെല്ലാം സ്വന്തം രാജ്യത്ത് ഷീയുടെ ജനപ്രീതി വർദ്ധിപ്പിക്കുകയാണ് ചെയ്തത്.

വാൾ സ്ട്രീറ്റ് ജേണലിലെ ഒരു റിപ്പോർട്ട് പ്രകാരം, ചൈനയിലെ ആളുകൾ ആശയപരമായി കമ്മ്യൂണിസ്റ്റ് പാർട്ടിയോട് കൂടുതൽ പ്രതിബദ്ധത കാണിക്കുന്നു എന്ന് ഉറപ്പാക്കുകയാണ് ഷീയുടെ ലക്ഷ്യം. അനശ്വരനായ നേതാവ് എന്ന് വിളിക്കപ്പെടുന്ന ഷി ഇന്ന് പിന്തുടരുന്ന മാർഗ്ഗത്തിൽ എങ്ങനെയാണ് എത്തിയതെന്നും ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു.

പാശ്ചാത്യ രാജ്യങ്ങളുമായി ഒരു ഏറ്റുമുട്ടൽ ഉണ്ടാകാൻ സാധ്യത ഏറെയാണെന്ന് ഷി കരുതുന്നതായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഈ വീക്ഷണം ചൈനയുടെ ആഭ്യന്തര രാഷ്ട്രീയത്തെയും ചൈന എങ്ങനെയാണ് ലോകരാജ്യങ്ങളുമായി ഇടപെടുന്നത് എന്നതിനെയും കാര്യമായി ബാധിക്കും.

Also read : ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന് തലച്ചോറിൽ ഗുരുതര രോഗം: ഇരിക്കാനും നടക്കാനും പോലും പരസഹായം വേണമെന്ന് റിപ്പോർട്ട്

ചോദ്യം ചെയ്യാത്ത ആൾക്കൂട്ടം

തൻ്റെ അപ്രമാദിത്തത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ ആഭ്യന്തര ഭീഷണികളും ചൈനയുടെ ഭരണത്തെ കുറിച്ചുള്ള ചോദ്യങ്ങളും ഉണ്ടാകില്ലെന്ന് ഷി ഉറപ്പുവരുത്തിയിട്ടുണ്ട്. സംശയങ്ങൾ ഉയർത്തുന്നതും പോലീസിംഗ് ആണെന്ന് കരുതാവുന്നതുമായ പല നടപടികളും ഷി കൈക്കൊണ്ടിട്ടുണ്ട്.

ഭരണത്തിൽ കാർക്കശ്യം പ്രോത്സാഹിപ്പിക്കുന്നതും മിലിട്ടറിയെ അപകീർത്തിപ്പെടുത്തുന്നവരെ ശിക്ഷിക്കുന്നതും യുവാക്കൾ വീഡിയോ ഗെയിം കളിച്ച് സമയം കളയാതിരിക്കുന്നതും ഉറപ്പാക്കുന്നതിനായി ഷി ക്യാമ്പെയ്നുകൾ നടപ്പാക്കിയിട്ടുണ്ട് എന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

2021-ൽ, സ്ത്രൈണത പ്രകടിപ്പിക്കുന്ന പുരുഷന്മാർ ടെലിവിഷനിൽ പ്രത്യക്ഷപ്പെടുന്നത് നിരോധിക്കുന്ന ‘ദേശീയ പുനരുജ്ജീവനത്തിന്’ ഷി ആഹ്വാനം ചെയ്തതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. സ്ത്രൈണതയുള്ള പുരുഷന്മാരെയും മറ്റ് അസാധാരണമായ സൗന്ദര്യസങ്കൽപ്പങ്ങളെയും ഇല്ലാതാക്കാനുള്ള നടപടികൾ എടുക്കണമെന്ന് അദ്ദേഹം ഉത്തരവിട്ടിരുന്നു.

Also read : നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം: ചൈനയുടെ എതിർപ്പിന് കാരണമെന്ത്?

മെലിഞ്ഞ ശരീരപ്രകൃതമുള്ള യുവാക്കൾ പുഷ് അപ്പ് ചെയ്യുന്നതിൻ്റെയും അവരുടെ കൈയ്യിലെ പേശികൾ ശക്തിപ്പെടുന്നതിൻ്റെയും വിവിധ കാലഘട്ടങ്ങളിലെ വീഡിയോകൾ ചൈനീസ് സമൂഹ മാധ്യമങ്ങളിൽ ചൈനീസ് പട്ടാളം പ്രചരിപ്പിച്ചിരുന്നതായി വാൾ സ്ട്രീറ്റ് ജേണൽ പറയുന്നു. ഷി ജിൻപിംഗിനെ കുറിച്ചും ഷിയുടെ ചിന്തകളെ കുറിച്ചുമുള്ള ചോദ്യങ്ങൾ ചോദിക്കുന്ന ഗെയിമുകൾ ചൈനയിൽ നിലവിലുണ്ട്. ചൈനീസ് പ്രസിഡൻ്റ് എഴുതിയ പുസ്തകങ്ങൾ കൊണ്ട് പുസ്തകക്കടകൾ നിറഞ്ഞിരിക്കുകയാണ്.

പാർട്ടിയിലും പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കിടയിലും ഉള്ള വിമതരെ മാറ്റിനിർത്തിക്കൊണ്ട് ഷി വീണ്ടും തൻ്റെ ജനപ്രീതി വർദ്ധിപ്പിച്ചു. സ്വന്തം പാർട്ടിയിലെ അംഗങ്ങളിൽ അഴിമതി ആരോപണം നേരിടുന്നവർക്കെതിരെ അഴിമതി നിരോധന നടപടികൾക്കും അദ്ദേഹം തുടക്കം കുറിച്ചു.

ചൈനയിലെ വമ്പൻ ടെക് കമ്പനികളെയും സെമികണ്ടക്ടർ വ്യവസായ മേഖലയേയും ഷി തൻ്റെ വരുതിയിൽ നിർത്തി. ചൈനയിലെ ടെക് ഭീമന്മാർ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കാൾ വളരുന്നത് ഷിയ്ക്ക് അനുവദിക്കാൻ കഴിയുമായിരുന്നില്ല. ചൈനയിലെ സെമികണ്ടക്ടർ നിർമ്മാണ കമ്പനികൾ ഇപ്പോഴും ഈ മേഖലയിലെ പാശ്ചാത്യ കമ്പനികൾക്ക് പിന്നിലാണെങ്കിലും അവയുടെ ഉന്നത അധികാരികളെ അറസ്റ്റ് ചെയ്യാൻ ഷി ഉത്തരവിട്ടു.

ഈ നടപടികളെയെല്ലാം ചൈനയിലെ ആളുകൾ പിന്തുണച്ചു, രാജ്യത്തെ പ്രതാപത്തിലേക്ക് നയിക്കുന്ന ശക്തനായ നേതാവ് എന്ന നിലയിൽ ഷിയുടെ ജനപ്രീതി വർദ്ധിക്കുകയും ചെയ്യുന്നു. രാജ്യത്തുടനീളം ചൈനീസ് പൗരന്മാരുടെ നീക്കങ്ങളും പെരുമാറ്റവും നിരീക്ഷിക്കുന്നതിനായി ചൈനീസ് പ്രസിഡൻ്റ് അത്യന്താധുനിക നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിക്കുമ്പോഴാണ് അദ്ദേഹത്തിൻ്റെ ജനപ്രീതിയും വർദ്ധിക്കുന്നത് എന്ന വിരോധാഭാസവുമുണ്ട്. ഇതും ദേശീയതാ ബോധം ഉണർത്താനുള്ള ഷിയുടെ നടപടികളിൽ ഒന്നായിരുന്നു.

എന്നാൽ, ഷിയുടെ പടയൊരുക്കങ്ങളിൽ ഏതാനും പാളിച്ചകളും ഉണ്ടായിട്ടുണ്ട്. ചൈന എങ്ങനെ ഭരിക്കപ്പെട്ടാലും സാമ്പത്തിക അഭിവൃദ്ധി ഉണ്ടായിരിക്കണം എന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും ജനങ്ങളുമായി ഒരു ധാരണയുണ്ട് എന്നതാണ് ചൈനീസ് സമൂഹത്തിൻ്റെ ഒരു പ്രത്യേകത. ഇക്കാര്യത്തിൽ അടുത്ത കാലത്ത് ഷിയ്ക്ക് പിഴച്ചു.

അദ്ദേഹത്തിൻ്റെ കോവിഡ് സീറോ നയം രാജ്യത്തുടനീളം ലോക്ക് ഡൗണുകൾ നടപ്പാക്കുകയും ഇത് സാമ്പത്തിക വളർച്ച കുറയ്ക്കുകയും ചെയ്തു. ഇതിനെതിരെ അപൂർവ്വമായി പ്രതിഷേധം ഉയർന്നെങ്കിലും പ്രതിഷേധക്കാർ അറസ്റ്റ് ചെയ്യപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തു.

ലോണെടുത്ത് വീടുകൾ വാങ്ങിയവർ ലോൺ തുക തിരിച്ചടയ്ക്കാൻ വിമുഖത കാണിക്കുന്നത് ചൈനയിലെ റിയൽ എസ്റ്റേറ്റ് മേഖലയെ തകിടം മറിച്ചുകൊണ്ടിരിക്കുകയാണ്. ചൈനീസ് സാമ്പത്തികമേഖലയ്ക്ക് വലിയ ഭീഷണി ഉയർത്താവുന്ന തരത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങളിലേക്ക് ഇത് നയിച്ചേക്കാം എന്ന ഭീതിയും ഉയരുന്നുണ്ട്.

എന്നിരുന്നാലും, വംശീയ ന്യൂനപക്ഷമായ ഉയിഗറുകളുടെ കാര്യത്തിൽ എന്നപോലെ ഈ ആശങ്കൾക്ക് നേരെയെല്ലാം കണ്ണടയ്ക്കുകയാണ് ഷി. പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ആവർത്തിച്ച് സമ്മർദ്ദം ഉണ്ടാകുമ്പോഴും ഉയിഗർ മുസ്ലീങ്ങൾ നേരിടുന്ന മനുഷ്യാവകാശ പ്രശ്നങ്ങളെ കുറിച്ച് ആവർത്തിച്ചുണ്ടാകുന്ന ആശങ്കകളൊന്നും ഷി കണക്കിലെടുക്കുന്നില്ല.

പാർട്ടി കോൺഗ്രസ് നടക്കാൻ പോകുന്നതിന് മുന്നോടിയായി പുതിയ നിയമങ്ങളും ചൈനയിൽ നടപ്പാക്കിയിട്ടുണ്ട്. ഇംഗ്ലീഷ് പേര് ആരെങ്കിലും സ്വന്തം പേരിൻ്റെ ആദ്യ ഭാഗമായി സ്വീകരിച്ചാലോ അമേരിക്കയെ പുകഴ്ത്തുകയോ അമേരിക്കയ്ക്ക് മുന്നിൽ മുട്ടു കുത്തുകയോ ചെയ്താലോ ശിക്ഷ ലഭിക്കുന്നതാണ് പുതിയ നിയമം. സമാധാനം നിലനിൽക്കുന്ന കാലത്ത് ആണെങ്കിൽ പോലും ജനങ്ങൾ ജാഗ്രത കൈവിടരുതെന്നാണ് ഷി എന്നും ചൈനയിലെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
Published by:Amal Surendran
First published: