റഷ്യൻ (Russia) പ്രസിഡന്റ് (President) വ്ളാഡിമിർ പുടിൻ (Vladimir Putin) തന്റെ കുടുംബവുമായി (Family) ബന്ധപ്പെട്ട ചോദ്യങ്ങൾ വരുമ്പോൾ എപ്പോഴും ജാഗ്രത പാലിക്കാറുണ്ട്. 2015ലെ ഒരു വാർത്താ സമ്മേളനത്തിലും തന്റെ മകളുടെ ഐഡന്റിറ്റിയെക്കുറിച്ചുള്ള ചോദ്യങ്ങൾ അദ്ദേഹം ഒഴിവാക്കിയിരുന്നു.
“എന്റെ പെൺമക്കൾ റഷ്യയിലാണ് താമസിക്കുന്നത്. അവർ റഷ്യയിൽ മാത്രമാണ് പഠിച്ചിട്ടുള്ളത്. ഞാൻ അവരെക്കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു“ എന്നും പുടിൻ ഒരിയ്ക്കൽ പറഞ്ഞിരുന്നു. അവർ മൂന്ന് വിദേശ ഭാഷകൾ അനായാസം സംസാരിക്കും. ഞാൻ എന്റെ കുടുംബത്തെ കുറിച്ച് ആരുമായും ചർച്ച ചെയ്യാറില്ലെന്നും ” അദ്ദേഹം അന്ന് കൂട്ടിച്ചേർത്തു.
"ഓരോ വ്യക്തിയ്ക്കും അവരവരുടെ വിധിയുണ്ട്. അവർ സ്വന്തം ജീവിതം നയിക്കുന്നു. അന്തസ്സോടെ തന്നെ" അദ്ദേഹം പറഞ്ഞു.
പുടിൻ ഒരിയ്ക്കലും മക്കളുടെ പേര് പുറത്ത് പറയാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ പുടിന്റെ മക്കളായ 36 കാരിയായ മരിയ വോറൻത്സോവ, 35 കാരിയായ കാതറീന ടികനോവ എന്നിവർക്കെതിരെ നിലവിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
“പുടിന്റെ സ്വത്തുക്കൾ കുടുംബാംഗങ്ങളുടെ പേരിലുമുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനാലാണ് ഞങ്ങൾ അവരെയും ലക്ഷ്യമിടുന്നത്” ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രസിഡന്റ് പുടിന്റെയും മുൻ ഭാര്യ ല്യൂഡ്മിലയുടെയും മക്കളാണ് ഇരുവരും. 1983ൽ ല്യൂഡ്മില ഒരു ഫ്ലൈറ്റ് അറ്റൻഡന്റും പുടിൻ കെജിബി ഓഫീസറുമായിരുന്ന സമയത്താണ് ഇരുവരും വിവാഹിതരായത്. അവരുടെ ദാമ്പത്യം 30 വർഷം നീണ്ടുനിന്നു. എന്നാൽ 2013ൽ അവർ വേർപിരിഞ്ഞു. "ഇത് ഒരു സംയുക്ത തീരുമാനമാണെന്നും. ഞങ്ങൾക്ക് പരസ്പരം കാണാൻ പോലും സാധിക്കുന്നില്ലെന്നും, നമുക്ക് ഓരോരുത്തർക്കും സ്വന്തം ജീവിതമുണ്ടെന്നുമാണ്" വിവാഹമോചനത്തെക്കുറിച്ച് പുടിൻ വ്യക്തമാക്കിയത്. "അദ്ദേഹം പൂർണമായും ജോലിയിൽ മുഴുകിപ്പോയി" എന്ന് ല്യൂഡ്മിലയും പറഞ്ഞിരുന്നു.
Also Read-
Pakistan | പാകിസ്ഥാന് പുതിയ പ്രധാനമന്ത്രി; ഷെഹ്ബാസ് ഷെരീഫ് രാഷ്ട്രപതിയെ കാണും
ഇരുവരുടെയും മൂത്ത മകളായ മരിയ വോറൻത്സോവ 1985ലാണ് ജനിച്ചത്. സെന്റ് പീറ്റേഴ്സ്ബർഗ് യൂണിവേഴ്സിറ്റിയിൽ ബയോളജിയും മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് മെഡിസിനുമാണ് ഇവർ പഠിച്ചത്. കുട്ടികളിലെ വളർച്ച മുരടിപ്പിനെക്കുറിച്ച് ഒരു പുസ്തകം എഴുതിയിട്ടുള്ള മരിയ മോസ്കോയിലെ എൻഡോക്രൈനോളജി റിസർച്ച് സെന്ററിൽ ഗവേഷകയായാണ് പ്രവർത്തിക്കുന്നത്. മരിയ ഒരു ബിസിനസുകാരി കൂടിയാണ്. മെഡിക്കൽ സെന്റർ നിർമ്മിക്കാൻ പദ്ധതിയിടുന്ന ഒരു കമ്പനിയുടെ സഹ ഉടമയാണ് മരിയയെന്ന് ബിബിസി റഷ്യ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഡച്ച് വ്യവസായി ജോറിറ്റ് ജൂസ്റ്റ് ഫാസനെയാണ് മരിയ വിവാഹം കഴിച്ചത്. എന്നാൽ ഇവർ വേർപിരിഞ്ഞുവെന്നാണ് വിവരം.
പുടിന്റെ ഇളയ മകളായ കാതറീന ടികനോവ കൂടുതൽ പൊതുജനശ്രദ്ധ നേടിയിട്ടുള്ളയാളാണ്. ഒരു റോക്ക് എൻ റോൾ നർത്തകിയാണ് ഇവർ. 2013ൽ നടന്ന ഒരു അന്താരാഷ്ട്ര ഇവന്റിൽ കാതറീനയും കൂട്ടാളിയും അഞ്ചാം സ്ഥാനത്തെത്തിയിരുന്നു.
അതേ വർഷം, പ്രസിഡന്റ് പുടിന്റെ ദീർഘകാല സുഹൃത്തിന്റെ മകൻ കിറിൽ ഷമലോവിനെ കാതറീന വിവാഹം കഴിച്ചു. സെന്റ് പീറ്റേഴ്സ്ബർഗിന് സമീപമുള്ള ഒരു സ്കൈ റിസോർട്ടിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. 2018ൽ ഷാമലോവിന് യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. റഷ്യയുടെ ഊർജ്ജ മേഖലയിൽ അദ്ദേഹം വഹിച്ച പങ്കിനെ തുടർന്നായിരുന്നു ഉപരോധം. 2018ൽ റഷ്യൻ സ്റ്റേറ്റ് മീഡിയയിലും 2021ലെ ഒരു ബിസിനസ് ഫോറത്തിലും കാതറീന പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു സാഹചര്യത്തിലും പ്രസിഡന്റുമായുള്ള തന്റെ ബന്ധം കാതറീന പരാമർശിച്ചിട്ടില്ല.
പുടിന് പേരക്കുട്ടികളുമുണ്ട്. 2017ൽ ഒരു ഫോൺ-ഇൻ പരിപാടിയിൽ അദ്ദേഹം അവരെക്കുറിച്ച് പരാമർശിച്ചിരുന്നു. എന്നാൽ തനിക്ക് എത്ര പേരക്കുട്ടികളുണ്ടെന്നോ തന്റെ പെൺമക്കളിൽ ആരുടെ മക്കളാണെന്നോ വ്യക്തമാക്കിയിട്ടില്ല.
Also Read-Imran Khan | പാകിസ്ഥാനില്‍ അവിശ്വാസം പാസായി; നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഇമ്രാന് ഖാന് പുറത്ത്
"എന്റെ പേരക്കുട്ടികളിൽ ഒരാൾ ഇപ്പോൾ നഴ്സറി സ്കൂളിലാണ്. അവർ ഒരിയ്ക്കലും ഒരു രാജകുമാരന്മാരെപ്പോലെ വളരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവർ സാധാരണക്കാരെപ്പോലെ വളരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്നാണ്" പുടിൻ വ്യക്തമാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.