• HOME
  • »
  • NEWS
  • »
  • world
  • »
  • Murder | ആരാണ് നുബിയ ക്രിസ്റ്റീന ബ്രാഗ? ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ കൊലപാതകികളെ കണ്ടെത്താനാകാതെ പോലീസ്  

Murder | ആരാണ് നുബിയ ക്രിസ്റ്റീന ബ്രാഗ? ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ കൊലപാതകികളെ കണ്ടെത്താനാകാതെ പോലീസ്  

ഒക്ടോബർ 14നാണ് സാന്ത മരിയയിലെ അരക്കാജുവിലുള്ള വീട്ടിൽ നൂബിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

  • Share this:
ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർമാർക്കിടയിൽ സുപരിചിതമായ പേരാണ് നുബിയ ക്രിസ്റ്റീന ബ്രാഗ. ബ്രസീലിൽ നിന്നുള്ള ഈ ഇൻസ്റ്റഗ്രാം സൂപ്പർ താരം തൻെറ വീട്ടിൽ വെച്ച് ദാരുണമായി കൊല്ലപ്പെട്ടു. ഒരു സലൂണിൽ പോയി തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് സംഭവം. ഒക്ടോബർ 14നാണ് സാന്ത മരിയയിലെ അരക്കാജുവിലുള്ള വീട്ടിൽ നൂബിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു സലൂണിൽ പോയി തൻെറ അവസാനത്തെ ഇൻസ്റ്റഗ്രാം സ്റ്റോറിയും ചെയ്ത് തിരിച്ചെത്തിയ ശേഷമാണ് നൂബിയയുടെ മരണം സംഭവിച്ചത്.

ആരാണ് നുബിയ ക്രിസ്റ്റീന ബ്രാഗ?

ബ്രസീലുകാരിയായ ഈ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർക്ക് 60000ത്തിലധികം ഫോളോവേഴ്സുണ്ട്. ഫാഷനും യാത്രയുമായി ബന്ധപ്പെട്ട വീഡിയോകളാണ് നുബിയ കാര്യമായി ചെയ്തിരുന്നത്. ന്യൂയോർക്കിൽ നിന്നും റിയോഡി ജനീറോയിൽ നിന്നുമെല്ലാമുള്ള വീഡിയോകൾ നുബിയയുടെ പ്രൊഫൈലിലുണ്ട്.

ലോക പ്രശസ്ത ഇൻഫ്ലുവൻസർ ആകാൻ സ്വപ്നം കണ്ട 23കാരിയായ നുബിയ സോഷ്യൽ മീഡിയ ലോകത്ത് ബോസ് എന്നാണ് അറിയപ്പെടുന്നത്. ഈ പേര് വെച്ച് വസ്ത്രങ്ങളുടെ ഒരു ഷോപ്പും അവർ തുടങ്ങിയിരുന്നു. കുട്ടികൾക്ക് വേണ്ടിയും പാവപ്പെട്ടവർക്ക് വേണ്ടിയും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നുബിയ ചെയ്യാറുണ്ടായിരുന്നു.

മരണത്തിന് കാരണമെന്ത്?

ഒക്ടോബർ 14ന് നുബിയ ഒരു സലൂണിൽ പോയി വീട്ടിൽ തിരിച്ചെത്തിയതിന് ശേഷമാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു. രണ്ട് പേർ വീടിൻെറ മുന്നിലെ വാതിലിലൂടെ അകത്ത് കയറിയാണ് കൃത്യം നടത്തിയത്. നൂബിയയെ കണ്ടപ്പോൾ തന്നെ വെടിവെക്കുകയായിരുന്നു. നിരവധി തവണ വെടിയുതിർത്ത ശേഷം മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം ഇരുവരും മോട്ടോർബൈക്കിൽ രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

രാത്രി 9 മണിക്ക് പോലീസ് എത്തുമ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന നൂബിയയുടെ മൃതദേഹമാണ് കണ്ടെത്താൻ സാധിച്ചത്. കൊലപാതകികൾ ആരാണെന്ന് പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൊലപാതകത്തിന് പിന്നിലെ കാരണം എന്തെന്നും വ്യക്തമല്ല. മാസ്ക് ധരിച്ചാണ് രണ്ട് പേർ എത്തിയതെന്നും പോലീസ് വ്യക്തമാക്കി.

Also read : 5,000 വർഷം പഴക്കമുള്ള 'റൈറ്റേഴ്സ് ബ്ലോക്ക്'; എഴുത്തുമായി ബന്ധപ്പെട്ട ദൈവങ്ങളും വിശുദ്ധരും

നുബിയയുടെ കൊലപാതകത്തിൻെറ ഞെട്ടലിലാണ് കുടുംബവും ആരാധകരും. അവർക്ക് ആരിൽ നിന്നും ഭീഷണി ഉണ്ടായിരുന്നില്ലെന്ന് നുബിയയുടെ ബന്ധുവായ ക്ലോഡിയ മെൻസസ് പറഞ്ഞു. “അവൾക്ക് ഇതെങ്ങനെ സംഭവിച്ചുവെന്ന് ഞങ്ങൾക്ക് അറിയണം. എന്തെങ്കിലും ഭീഷണിയുള്ളതായി അവളൊരിക്കലും പറഞ്ഞിട്ടില്ല,” അവർ പറഞ്ഞു. നുബിയക്ക് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ആരാധകരുടെ നേതൃത്വത്തിൽ സോഷ്യൽ മീഡിയയിൽ ക്യാമ്പെയിനും തുടങ്ങിയിട്ടുണ്ട്.

Also read : യുകെ പാർലമെന്റിനെ അഭിസംബോധന ചെയ്ത ഐഡ റോബോട്ട്; ലോകത്തിലെ ആദ്യ അൾട്രാ റിയലിസ്റ്റിക് റോബോട്ട് ആർട്ടിസ്റ്റ്

സമാനമായ രീതിയിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ വേറെയുമുണ്ട്. കഴിഞ്ഞ മാസമാണ് കർല പാർദീനി എന്ന 21കാരി മെക്സിക്കോയിൽ കൊല്ലപ്പെട്ടത്. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ അലക്സിസ് ഷാർക്കി 2020ൽ യുഎസിൽ വെച്ച് ദാരുണമായി കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിൽ പോലീസിന് ഭർത്താവിനെയായിരുന്നു സംശയം ഉണ്ടായിരുന്നത്. എന്നാൽ ഭർത്താവിനെ ഫ്ലോറിഡയിലെ അപ്പാർട്ട്മെൻറിൽ കഴിഞ്ഞ വർഷം മരിച്ച നിലയിൽ കണ്ടെത്തി.
Published by:Amal Surendran
First published: