2016 ലെ പ്രസിഡൻഷ്യൽ ക്യാംപെയ്നുമായി ബന്ധപ്പെട്ട് പോൺ താരത്തിന് പണം നൽകിയ കേസിൽ മുൻ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ ന്യൂയോര്‍ക്കിലെ കോടതി കഴിഞ്ഞ ദിവസമാണ് ക്രിമിനൽ കുറ്റം ചുമത്തിയത്. അന്നു മുതൽ വാർത്താ കോളങ്ങളിൽ വീണ്ടും ഇടം പിടിച്ചയാളാണ് സ്റ്റോമി ഡാനിയേൽസ് എന്ന പോൺ താരം. സ്റ്റോമി ഡാനിയേൽസുമായി ബന്ധം പുലർത്തിയിരുന്നതായും 2016ലെ തെരഞ്ഞെടുപ്പ് സമയത്ത് ഇക്കാര്യം പുറത്ത് പറയാതിരിക്കാനായി പ്രചാരണ ഫണ്ടില്‍ നിന്ന് ട്രംപ് 130,000 ഡോളര്‍ നല്‍കി എന്നുമാണ് കേസ്. ട്രംപിനെതിരെ ലൈംഗികാരോപണമുന്നയിച്ച് സ്‌റ്റോമി ഡാനിയല്‍സ് നേരത്തേ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിനു മുന്‍പ് ഇത് ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടിയാണ് പണം കൈമാറിയതെന്നായിരുന്നു കേസ്. ആരാണ് സ്റ്റോമി ഡാനിയേൽസ് എന്ന് വിശദമായി മനസിലാക്കാം.
സ്റ്റെഫാനി ക്ലിഫോർഡ് എന്നാണ് സ്റ്റോമി ഡാനിയേൽസിന്റെ യഥാർത്ഥ പേര്. 2006 ജൂലൈയിൽ, ഒരു സെലിബ്രിറ്റി ഗോൾഫ് ടൂർണമെന്റിൽ വെച്ചാണ് താൻ ട്രംപിനെ കണ്ടുമുട്ടിയതെന്നും ഇരുവരും തമ്മിൽ ബന്ധം തുടർന്നതായും സ്റ്റോമി ഡാനിയേൽസ് വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം മെലാനിയ ട്രംപിനെ വിവാഹം ചെയ്ത് ഇവർക്ക് ഒരു മകൻ ഉണ്ടായതിനു ശേഷമായിരുന്നു ഇതെല്ലാം സംഭവിച്ചത്.
കൗമാരപ്രായത്തിൽ തന്നെ പോൺ വ്യവസായ രംഗത്തേക്ക്
ലൂസിയാനയിലാണ് സ്റ്റോമി ഡാനിയേൽസ് ജനിച്ചതും വളർന്നതും. കൗമാരപ്രായത്തിൽ തന്നെ ഇവർ പോൺ വ്യവസായ രംഗത്ത് പ്രവർത്തിക്കാനാരംഭിച്ചു. 2002ൽ, കാലിഫോർണിയ ആസ്ഥാനമായുള്ള പോൺ സിനിമാ സ്റ്റുഡിയോയായ വിക്കഡ് പിക്‌ചേഴ്‌സിന്റെ ഒരു സിനിമയിൽ അവർ നായികയായി അഭിനയിച്ചു. അഡൽറ്റ് സീനുകളിലും സിനിമകളിലും നടിയായും സംവിധായികയായും സ്റ്റോമി ഡാനിയേൽസ് ജോലി ചെയ്തു. ഈ രംഗത്ത് നിരവധി അവാർഡുകളും ഇവർ നേടിയിട്ടുണ്ട്. ‘ദി 40-ഇയർ-ഓൾഡ് വിർജിൻ’, ‘നോക്ക്ഡ് അപ്പ്’, ‘ഫൈൻഡിംഗ് ബ്ലിസ്’, എന്നിവയുൾപ്പെടെ ചില മുഖ്യധാരാ സിനിമകളിൽ ഡാനിയേൽസ് ചെറിയ വേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. 2007-ൽ ‘വേക്ക് അപ്പ് കോൾ’ സംഗീത വീഡിയോയിലും പ്രത്യക്ഷപ്പെട്ടു.
വ്യക്തിജീവിതം
സ്റ്റോമി ഡാനിയൽസ് നാലു തവണ വിവാഹിതയായിട്ടുണ്ട്. അഡൾട് സിനിമകളിലഭിനയിക്കുന്ന ബാരറ്റ് ബ്ലേഡാണ് ഇപ്പോഴത്തെ ഭർത്താവ്. ബ്ലേഡിനെ വിവാഹം ചെയ്യുന്നതിമു മുൻപ് ബ്രണ്ടൻ മില്ലർ എന്നയാളായിരുന്നു ഡാനിയൽസിന്റെ ഭർത്താവ്. ഈ സമയത്ത്, മുൻ കാമുകനിൽ ഡാനിയേൽസിന് ഒരു പെൺകുഞ്ഞ് ഉണ്ട് എന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. രാഷ്ട്രീയം
2009-ൽ, സ്റ്റോമി ഡാനിയേൽസ് രാഷ്ട്രീയ ഗോദയിലുമിറങ്ങി. ലൂസിയാനയിലെ സെനറ്റർ ഡേവിഡ് വിറ്ററിനെതിരെയായിരുന്നു മൽസരം. ഇപ്പോഴത്തെ സെനറ്ററേക്കാൾ എന്തുകൊണ്ടും ആ സ്ഥാനത്തെത്താൻ യോഗ്യയാണ് താൻ എന്നാണവർ പറഞ്ഞത്. അതേ വർഷം ഭർത്താവുമായുള്ള തർക്കത്തെത്തുടർന്ന് ഗാർഹിക പീഡന കുറ്റത്തിന് സ്റ്റോമി ഡാനിയേൽസിന് പോലീസ് അറസ്റ്റ് ചെയ്തു. ഒടുവിൽ സെനറ്റിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
വീണ്ടും 2018 ലാണ് സ്റ്റോമി ഡാനിയേൽസിന്റെ പേര് രാഷ്ട്രീയരംഗത്ത് ചർച്ചാവിഷയമാകുന്നത്. പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായുള്ള ബന്ധത്തിന്റെ പേരിൽ ഇവർക്ക് ഒരു ലക്ഷം ഡോളറിലധികം പണം ലഭിച്ചതായി വാൾസ്ട്രീറ്റ് ജേണലാണ് ആദ്യം റിപ്പോർട്ട് ചെയ്തത്.
ട്രംപിന്റെ അഭിഭാഷകൻ മൈക്കൽ കോഹൻ പിന്നീട് കുറ്റം സമ്മതിച്ചു. താൻ വഴിയാണ് സ്റ്റോമി ഡാനിയൽസിനു പണം നൽകിയതെന്നും പണം ട്രംപ് ഓർഗനൈസേഷൻ തിരികെ നൽകിയതായും കോഹൻ തുറന്നു പറഞ്ഞു. ട്രംപുമായുള്ള ബന്ധം പുറത്തു പറയരുതെന്നാവശ്യപ്പെട്ട് ഒരാൾ തന്നെ ഭീഷണിപ്പെടുത്തിയതായി സ്റ്റോമി ഡാനിയേൽസ് പിന്നീട് ഒരു ടെലിവിഷൻ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ട്രംപ് തനിക്കെതിരെയുള്ള ഈ കുറ്റാരോപണങ്ങളെല്ലാം നിഷേധിക്കുകയാണുണ്ടായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Adult star, Donald trump, Porn star