• HOME
  • »
  • NEWS
  • »
  • world
  • »
  • 'Commonwealth നയിക്കുക ആരെന്നത് ചിന്തയിലില്ല'; രാജകുടുംബത്തിന് പുറത്തുള്ളവർക്കും സാധ്യതയെന്ന സൂചനയുമായി വില്യം രാജകുമാരൻ

'Commonwealth നയിക്കുക ആരെന്നത് ചിന്തയിലില്ല'; രാജകുടുംബത്തിന് പുറത്തുള്ളവർക്കും സാധ്യതയെന്ന സൂചനയുമായി വില്യം രാജകുമാരൻ

എലിസബത്ത് രാജ്ഞിയുടെ പിൻഗാമിയായി ചാൾസ് രാജകുമാരൻ സംഘടനയുടെ തലപ്പത്ത് വരണമെന്ന് 2018ൽ കോമൺവെൽത്ത് നേതാക്കളുടെ യോഗത്തിൽ നിർദ്ദേശമുയർന്നിരുന്നു

വില്യം രാജകുമാരൻ (Photo : AP)

വില്യം രാജകുമാരൻ (Photo : AP)

  • Share this:
    കോമൺവെൽത്തിന്റെ (Commonwealth) തലപ്പത്ത് രാജകുടുംബത്തിലെ ആരെങ്കിലും വേണമെന്ന കാര്യത്തിൽ തനിക്ക് നിർബന്ധമൊന്നുമില്ലെന്ന സൂചന നൽകി വില്യം രാജകുമാരൻ (Prince William). സംഘടനയുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ബഹാമാസിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഭാര്യ കെയ്റ്റ് മിഡിൽടണിനൊപ്പം (Kate Middleton) കരീബിയൻ രാജ്യങ്ങളിലേക്ക് നടത്തിയ യാത്രയുടെ സമാപനവേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയടക്കം 54 രാജ്യങ്ങളാണ് കോമൺവെൽത്ത് (Commonwealth Of Nations) സംഘടനയിൽ അംഗമായിട്ടുള്ളത്.

    “കാതറിനും ഞാനും സേവനം ചെയ്യാൻ പ്രതിജ്ഞാബദ്ധരാണ്. ആരെങ്കിലും എന്തെങ്കിലും ചെയ്യണമെന്നോ വേണ്ടെന്നോ പറയുകയയെന്നത് ഞങ്ങളുടെ രീതിയല്ല. സംഘടനയുടെ കാര്യങ്ങൾ ഏറ്റവും നല്ല രീതിയിൽ നടന്ന് കാണണമെന്ന് മാത്രമാണ് ആഗ്രഹം,” വില്യം പറഞ്ഞു. കോമൺവെൽത്തിലെ ജനങ്ങളെ കേൾക്കുകയും അവരുടെ വിഷയങ്ങളെ ആഗോളതലത്തിൽ എത്തിക്കുകയും ചെയ്യുകയെന്നതാണ് ലക്ഷ്യം. അതിന് വേണ്ടിയാണ് ഇത്തരത്തിൽ യാത്രകൾ നടത്തുന്നത്. കോമൺവെൽത്ത് കുടുംബം ആരെയാണ് ഭാവിനേതാവായി തെരഞ്ഞെടുക്കുകയെന്നത് തൻെറ പരിഗണനയിലുള്ള വിഷയമല്ലെന്നും പ്രിൻസ് വില്യം കൂട്ടിച്ചേർത്തു.

    എലിസബത്ത് രാജ്ഞിയുടെ പിൻഗാമിയായി ചാൾസ് രാജകുമാരൻ സംഘടനയുടെ തലപ്പത്ത് വരണമെന്ന് 2018ൽ കോമൺവെൽത്ത് നേതാക്കളുടെ യോഗത്തിൽ നിർദ്ദേശമുയർന്നിരുന്നു. എന്നാൽ രാജകുടുംബത്തിന് പുറത്തുള്ള നേതാക്കളെ ആരെയെങ്കിലും പുതിയ നേതാവായി പ്രഖ്യാപിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. പാരമ്പര്യമായി നൽകുന്ന പദവിയായിട്ടില്ല കോമൺവെൽത്ത് രാജ്യങ്ങളുടെ തലപ്പത്ത് ആര് വരണമെന്ന് നിശ്ചയിക്കപ്പെടുന്നത്. ബഹുമാനാർഥമായിട്ടാണ് ബ്രിട്ടീഷ് രാജകുടുംബത്തിന് ഈ പദവി നൽകിപ്പോരുന്നത്.

    ഈ സാഹചര്യത്തിൽ വില്യം രാജകുമാരൻെറ പ്രസ്താവനയ്ക്ക് വ്യത്യസ്തമായ മാനങ്ങളുണ്ടെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. രാജകുടുംബത്തിലെ മറ്റുള്ളവരിൽ നിന്ന് എത്ര വ്യത്യസ്തമായിട്ടായിരിക്കും താൻ മുന്നോട്ട് പോവുകയെന്നതിന്റെ സൂചനയാണ് അദ്ദേഹം നൽകുന്നത്. “ജനങ്ങളെ കേൾക്കുകയെന്നതാണ് തൻെറ കടമയെന്ന് വില്യം രാജകുമാരൻ വിശ്വസിക്കുന്നു. വലിയ പ്രസംഗങ്ങൾ നടത്താൻ വേണ്ടിയല്ല അദ്ദേഹം എട്ട് ദിവസത്തെ കരീബിയൻ ടൂറിനായി എത്തിയിരിക്കുന്നത്. കോമൺവെൽത്തിൻെറ പുതിയ നേതാവ് ആരെന്നത് അദ്ദേഹത്തെ ആശങ്കപ്പെടുത്തുന്നില്ല. സംഘടനയുടെ ഭാവി സുരക്ഷിതമാക്കുകയാണ് ലക്ഷ്യം” വില്യം രാജകുമാരനോട് അടുപ്പമുള്ള വൃത്തങ്ങൾ വിശദീകരിക്കുന്നു.

    എലിസബത്ത് രാജ്ഞിയുടെ ഭരണത്തിൻെറ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന വേളയിൽ കരീബിയൻ മേഖലയിൽ രാജകീയബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാൻ കൂടി വേണ്ടിയാണ് വില്യമും കെയ്റ്റും സന്ദർശനം നടത്തുന്നത്. ജമൈക്കയും ബെലീസും ബ്രിട്ടീഷ് രാജകുടുംബത്തെ തങ്ങളുടെ ഔദ്യോഗിക രാഷ്ട്രത്തലവൻ സ്ഥാനത്ത് നിന്ന് മാറ്റാൻ ആഗ്രഹിക്കുന്നുണ്ട്. കരീബിയൻ രാജ്യമായ ബാർബഡോസ് ബ്രിട്ടീഷ് രാജ്ഞിയെ തങ്ങളുടെ ഔദ്യോഗിക രാഷ്ട്രത്തലവൻ സ്ഥാനത്ത് നിന്ന് കഴിഞ്ഞ വർഷം നീക്കം ചെയ്തിരുന്നു. ഇത്തരത്തിൽ കൂടുതൽ രാജ്യങ്ങൾ മുന്നോട്ട് വരുമെന്ന് രാജകുടുംബം ആശങ്കപ്പെടുന്നുണ്ട്.

    “ബെലീസിലും ജമൈക്കയിലും ബഹാമാസിലും ഭാവി എന്താണെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. എന്നാൽ ഈ മൂന്ന് രാജ്യങ്ങളിലെയും ജനങ്ങളുമായി സംവദിക്കാൻ സാധിച്ചത് ഏറെ സന്തോഷം പകരുന്നു. അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ സന്ദർശനത്തിലൂടെ സാധിച്ചു,” വില്യം രാജകുമാരൻ കൂട്ടിച്ചേർത്തു.
    Published by:Naveen
    First published: