ബോറിസ് ജോൺസൺ (Boris Johnson) പ്രധാനമന്ത്രി സ്ഥാനം രാജി വെച്ചതിനു പിന്നാലെ പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാകും എന്ന് ഉറ്റുനോക്കുകയാണ് ലോകം. പുതിയ പ്രധാനമന്ത്രി എത്തും വരെ അദ്ദേഹം തന്നെ കാവൽ പ്രധാനമന്ത്രിയായി തുടരും. ഈ സാഹചര്യത്തിൽ അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാൻ (UK Prime Minister) സാധ്യതയുള്ളവർ ആരൊക്കെയാണെന്ന് പരിശോധിക്കാം.
1. സുവല്ല ബ്രാവർമാൻ, അറ്റോർണി ജനറൽ (SUELLA BRAVERMAN, ATTORNEY GENERAL)2020-ൽ ബ്രിട്ടന്റെ അറ്റോർണി ജനറലായി നിയമിതയായ വ്യക്തിയാണ് സുവല്ല ബ്രാവർമാൻ. ബ്രിട്ടനിലെ കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തെത്താൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബ്രാവർമാൻ പരസ്യമായി പറഞ്ഞിരുന്നു. കുടിയേറ്റക്കാരായാണ് താനും തന്റെ കുടുംബവും ബ്രിട്ടനിലെത്തിയതെന്നും തങ്ങൾ ഈ രാജ്യത്തോട് കടപ്പെട്ടിരിക്കുന്നു എന്നും പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും 42 കാരിയായ സുവല്ല ബ്രാവർമാൻ ഒരു ടെലിവിഷൻ അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.
പൊതുജനങ്ങൾക്കിടയിൽ അത്ര പരിചിതയായിരുന്നില്ല സുവല്ല ബ്രാവർമാൻ. ബോറിസ് ജോൺസൺ സർക്കാരിൽ ഇവർ ഇടം നേടിയത് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. ബോറിസ് ജോൺസണെ എക്കാലവും പിന്തുണച്ചിരുന്ന ബ്രാവർമാൻ ഇത്തവണ അദ്ദേഹം രാജി വെയ്ക്കുന്നതാണ് നല്ലതെന്നും അഭിപ്രായപ്പെട്ടിരുന്നു.
2015-ലാണ് സുവല്ല ബ്രാവർമാൻ ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2020 ഫെബ്രുവരിയിൽ ബോറിസ് ജോൺസൺ ബ്രാവർമാനെ അറ്റോർണി ജനറലായി നിയമിച്ചു.
2. ഋഷി സുനക്, മുൻ ട്രഷറി ചീഫ് (RISHI SUNAK, FORMER TREASURY CHIEF)ഇന്ത്യൻ വംശജനായ ഋഷി സുനക് ആണ് ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകാൻ സാധ്യതയുള്ളവരിൽ ഒരാൾ. പ്രധാനമന്ത്രിയെന്ന നിലയിൽ ബോറിസ് ജോൺസന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി ധനമന്ത്രിയായിരുന്ന ഋഷി സുനക് രാജി വെച്ചിരുന്നു. സർക്കാർ നീതിപൂർവമായും കാര്യക്ഷമമായും ഗൗരവത്തോടെയും കൂടി പ്രവർത്തിക്കുമെന്നാണ് പൊതുജനങ്ങൾ പ്രതീക്ഷിക്കുന്നത് എന്ന് രാജിക്കത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ. നാരായണമൂർത്തിയുടെ മരുമകൻ കൂടിയാണ് ഋഷി സുനക്.
പാർട്ടിയിൽ ഏറ്റവും പ്രഭാവമുള്ള, വളർന്നുവരുന്ന താരങ്ങളിൽ ഒരാളായി ഋഷി സുനക് വിലയിരുത്തപ്പെടുന്നുണ്ട്. ബോറിസ് ജോൺസന്റെ പിൻഗാമിയായി വാതുവെയ്പുകാരും ചില രാഷ്ട്രീയ നിരീക്ഷരുമൊക്കെ അദ്ദേഹത്തെ കാണുന്നുമുണ്ട്.
2020 ലാണ് 42 കാരനായ സുനക് ട്രഷറി മേധാവിയായി ചുമതലയേറ്റെടുത്തത്. കോവിഡ് മഹാമാരിയെത്തുടർന്ന് മാന്ദ്യം നേരിട്ട സമ്പദ്‌വ്യവസ്ഥയെ നയിക്കുകയെന്ന ശ്രമകരമായ ജോലിയാണ് അദ്ദേഹത്തെ ഏൽപിച്ചിരുന്നത്. ബിസിനസുകാരെയും തൊഴിലാളികളെയും സഹായിക്കാൻ കോടിക്കണക്കിന് പൗണ്ട് വിനിയോഗിക്കുന്നതുൾപ്പെടെയുള്ള അദ്ദേഹത്തിന്റെ നയങ്ങൾക്ക് പൊതുവെ നല്ല സ്വീകാര്യത ലഭിച്ചു.
എന്നാൽ പാർട്ടിഗേറ്റ് വിവാദം എല്ലാം മാറ്റിമറിച്ചു. 2020 ജൂണിൽ, ഡൗണിംഗ് സ്ട്രീറ്റിൽ നടന്ന പിറന്നാൾ പാർട്ടിയിൽ ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ ലംഘിച്ച് പങ്കെടുത്തതിന് ജോൺസണൊപ്പം സുനകിനും പോലീസ് പിഴ ചുമത്തി. ബ്രിട്ടനിലെ ഉയർന്നു വരുന്ന ജീവിതച്ചെലവ് പരിഹരിക്കാൻ അടിയന്തിര പദ്ധതികൾ ആവിഷ്കരിക്കാത്തതും നിരവധി വിമർശനങ്ങൾക്ക് ഇടയാക്കി. ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തി വിദേശ വരുമാനത്തിന് നികുതി അടക്കാത്തതും വൻ വിവാദങ്ങൾക്ക് വഴി വെച്ചു.
ഇന്ത്യൻ വംശജരായ മാതാപിതാക്കളുടെ മകനായി ജനിച്ച ഋഷി സുനകും കുടുംബവും ആഫ്രിക്കയിൽ നിന്നാണ് ബ്രിട്ടനിലേക്ക് കുടിയേറിയത്. വിൻചെസ്റ്റർ കോളേജിലും ഓക്സ്ഫോർഡിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. സാധാരണ വോട്ടർമാരുമായി സമ്പർക്കം പുലർത്താത്തത് ഋഷി സുനകിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തുന്നവരുമുണ്ട്. തിരഞ്ഞെടുക്കപ്പെട്ടാൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യൻ വംശജനായിരിക്കും അദ്ദേഹം.
3. നാദിം സഹവി, ട്രഷറി ചീഫ് (NADHIM ZAHAWI, TREASURY CHIEF)ഋഷി സുനകിന്റെ രാജിയെത്തുടർന്ന് ബോറിസ് ജോൺസൺ 55 കാരനായ നാദീം സഹവിയെയാണ് ട്രഷറി തലവനായി നിയമിച്ചത്. ബോറിസ് ജോൺസൺ രാജി വെയ്ക്കണമെന്ന് സഹവിയും ശക്തമായി ആവശ്യപ്പെടാൻ തുടങ്ങിയിരുന്നു.
മാർക്കറ്റ് റിസർച്ച് സ്ഥാപനമായ YouGov ന്റെ സഹസ്ഥാപകനാണ് സഹവി. 2010-ലാണ് അദ്ദേഹം പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇറാഖിലെ ഒരു കുർദിഷ് കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. സദ്ദാം ഹുസൈന്റെ ഭരണകാലത്താണ് അദ്ദേഹത്തിന്റെ കുടുംബം ഇറാഖിൽ നിന്ന് പലായനം ചെയ്ത് ബ്രിട്ടനിലെത്തിയത്.
കൺസർവേറ്റീവ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഓസ്‌ട്രേലിയൻ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ ലിന്റൺ ക്രോസ്ബിയുടെ അടുത്ത സഖ്യകക്ഷികളുമായി സഹവി രഹസ്യമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് ടൈംസ് ദിനപ്പത്രം റിപ്പോർട്ട് ചെയ്തിരുന്നു.
മറ്റ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ എതിർപ്പ് ഉണ്ടാകുകയാണെങ്കിൽ ഏറ്റവും സുരക്ഷിതമായ ഓപ്ഷനായി നാദിം സഹവിയുടെ പേര് ഉയർന്നു വരാനും സാധ്യതയുണ്ട്.
4. സാജിദ് ജാവിദ്, മുൻ ആരോഗ്യ സെക്രട്ടറി (SAJID JAVID, FORMER HEALTH SECRETARY)ബോറിസ് ജോൺസന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി, മുൻ ആരോഗ്യ മന്ത്രിയായിരുന്ന സാജിദ് ജാവിദും ഋഷി സുനകിനൊപ്പം രാജി വെച്ചിരുന്നു. 2021 ജൂൺ മുതൽ ബ്രിട്ടനിലെ ആരോഗ്യ മന്ത്രിയായിരുന്ന ജാവിദ് കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആൾ കൂടിയാണ്. മുൻപ് ട്രഷറി മേധാവിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്നാൽ തന്റെ ഉപദേശകരെ പുറത്താക്കാനുള്ള ഉത്തരവിനെച്ചൊല്ലി ബോറിസ് ജോൺസണുമായി ഏറ്റുമുട്ടിയതിനെത്തുടർന്ന് 2020 ന്റെ തുടക്കത്തിൽ ആ സ്ഥാനം അദ്ദേഹം രാജിവച്ചു. എന്നാൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാൻ ജോൺസൺ അദ്ദേഹത്തെ തിരികെ കൊണ്ടുവന്നത് ജാവിദിന്റെ കഴിവിനുള്ള അംഗീകാരമായാണ് കണക്കാക്കപ്പെടുന്നത്.
പാകിസ്ഥാനിൽ നിന്നും ബ്രിട്ടനിലേക്ക് കുടിയേറിയതാണ് ജാദിവിന്റെ കുടുംബം. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുൻപ് അദ്ദേഹം ബാങ്കിങ്ങ് മേഖലയിൽ ജോലി ചെയ്തിരുന്നു.
5. ലിസ് ട്രസ്, വിദേശകാര്യ സെക്രട്ടറി (LIZ TRUSS, FOREIGN SECRETARY)46 കാരിയായ ലിസ് ട്രസ് വാണിജ്യ മന്ത്രിയായി സേവനമനുഷ്ഠിച്ച ശേഷമാണ് ഉയർന്ന കാബിനറ്റ് പദവിയായ വിദേശകാര്യ സെക്രട്ടറി സ്ഥാനത്ത് എത്തുന്നത്. അന്നുമുതൽ പാർട്ടിയിലെ ശക്തരായ നേതാക്കളിൽ ഒരാൾ കൂടിയാണ് ലിസ്.
യൂറോപ്യൻ യൂണിയനും യുകെയുമായുള്ള പ്രധാന ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നയാൾ കൂടിയാണ് ലിസ്. ഒരിക്കൽ, യൂറോപ്യൻ യൂണിയനിൽ ബ്രിട്ടൻ തുടരണമെന്ന് ശക്തമായി വാദിച്ചിരുന്ന ലിസ് പിന്നീട് ബ്രെക്‌സിറ്റിന്റെ പ്രചാരകയായി മാറി. ലിസിൽ ഞങ്ങൾ വിശ്വസിക്കുന്നു (In Liz We Truss) എന്ന മുദ്രാവാക്യം പോലും അവരെ പിന്തുണക്കുന്നവർ പുറത്തിറക്കിക്കഴിഞ്ഞു. ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായിരുന്ന മാർഗരറ്റ് താച്ചറിനോടു പോലും ലിസിനെ താരതമ്യപ്പെടുത്തുന്നവരുണ്ട്.
6. ബെൻ വാലസ്, പ്രതിരോധ സെക്രട്ടറി (BEN WALLACE, DEFENSE SECRETARY)വളച്ചു കെട്ടലുകൾ കൂടാതെയുള്ള സംസാരത്തിന് നിരവധി ആരാധകരെ നേടിയിട്ടുള്ള നേതാവാണ് ബെൻ വാലസ്. യുകെയുടെ പ്രതിരോധ ചെലവുകൾ വർദ്ധിപ്പിക്കണമെന്ന കൺസർവേറ്റീവ് അംഗങ്ങളുടെ ആവശ്യം അംഗീകരിച്ചതിനാൽ പാർലമെന്റ് അംഗങ്ങൾക്കിടയിലും ഏറെ ജനപ്രിയനാണ് ബെൻ. 52 കാരനായ ഇദ്ദേഹം മുൻപ് ബ്രിട്ടീഷ് ആർമിയിലും അംഗമായിരുന്നു. യുക്രൈനിലെ റഷ്യൻ അധിനിവേശത്തിനു പിന്നാലെ ബെൻ വാലസ് ബ്രിട്ടന്റെ ശബ്ദമായി ലോകത്തോട് സംസാരിച്ചിരുന്നു.
7. ജെറമി ഹണ്ട്, മുൻ ക്യാബിനറ്റ് മന്ത്രി (JEREMY HUNT, FORMER CABINET MINISTER)മുൻ ആരോഗ്യ സെക്രട്ടറിയും വിദേശകാര്യ സെക്രട്ടറിയുമായിരുന്ന ജെറമി ഹണ്ട്, 2019 ലെ പ്രധാനമന്ത്രി യോഗ്യതാ മത്സരത്തിൽ ബോറിസ് ജോൺസണെതിരെ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. ബോറിസ് ജോൺസണെ താൻ പിന്തുണയ്ക്കില്ലെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തെ അധികാരത്തിൽ നിലനിർത്തുന്നത് പാർട്ടിയുടെ അടുത്ത പൊതു തിരഞ്ഞെടുപ്പ് സാധ്യതകളെ ഇല്ലാതാക്കുമെന്നും ഹണ്ട് മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തെ നയിക്കാനുള്ള തന്റെ ആഗ്രഹം പൂർണമായും ഇല്ലാതായിട്ടില്ലെന്ന് 55 കാരനായ അദ്ദേഹം തുറന്നു പറയുകയും ചെയ്തിരുന്നു.
ബ്രിട്ടീഷ് പാർലമെന്റിലെ ഹെൽത്ത് ആന്റ് സോഷ്യൽ കെയർ സെലക്ട് കമ്മിറ്റിയുടെ തലവനായ അദ്ദേഹം മന്ത്രിമാരുടെയും വിദഗ്ധരുടെയും പ്രവർത്തനങ്ങൾ പലകുറി വിമർശിച്ചിട്ടുണ്ട്. സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും ജെറമി ഹണ്ട് വിമർശിച്ചിട്ടുണ്ട്.
8. ടോം തുഗെൻഹാറ്റ്, കോമൺസ് ഫോറിൻ അഫയേഴ്സ് കമ്മിറ്റി ചെയർ (TOM TUGENDHAT, COMMONS FOREIGN AFFAIRS COMMITTEE CHAIR)48 കാരനായ ടോം തുഗെൻഹാറ്റ് ഇപ്പോൾ ക്യാബിനറ്റിൽ അംഗമല്ല. ഏതെങ്കിലും മന്ത്രി സ്ഥാനത്തിരുന്നുള്ള അനുഭവ സമ്പത്തും അദ്ദേഹത്തിനില്ല. എങ്കിലും ഒരു പുതിയ മാറ്റത്തിനു തുടക്കം കുറിക്കാൻ അദ്ദേഹം പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്.
ബ്രെക്സിറ്റിനെ എതിർത്തിരുന്നവരിൽ ഒരാൾ കൂടിയാണ് മുൻ സൈനികൻ കൂടിയായ ടോം തുഗെൻഹാറ്റ്. ബോറിസ് ജോൺസന്റെ കടുത്ത വിമർശകരിൽ ഒരാൾ കൂടിയാണ് അദ്ദേഹം. ചൈനയ്‌ക്കെതിരെ ബ്രിട്ടൻ കർശനമായ നിലപാട് സ്വീകരിക്കണമെന്ന് പല തവണ തുഗെൻഹാറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
9. പെന്നി മോർഡന്റ്, വാണിജ്യ മന്ത്രിപാർട്ടിയിലെ വിഭാഗീയത ഇല്ലാതാക്കാൻ കഴിവുള്ള നേതാവ് എന്നാണ് 49 കാരിയായ പെന്നി മോർഡന്റിനെ പലരും വിശേഷിപ്പിക്കുന്നത്. ബ്രെക്‌സിറ്റ് അനുകൂല പ്രചാരണത്തിൽ മുൻപന്തിയിൽ നിന്നയാളാണ് പെന്നി. 2019 ലെ പ്രധാനമന്ത്രി യോഗ്യതാ മത്സരത്തിൽ ജെറമി ഹണ്ടിനെയാണ് പെന്നി പിന്തുണച്ചിരുന്നത്. ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായപ്പോൾ പെന്നിയെ പ്രതിരോധ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. അതിനുശേഷം വാണിജ്യ മന്ത്രിയായി പെന്നി സർക്കാരിൽ തിരിച്ചെത്തി.
10. മൈക്കൽ ഗോവ്, ലെവലിംഗ് അപ്പ് സെക്രട്ടറി (MICHAEL GOVE, LEVELING UP SECRETARY)പ്രധാനമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് മണിക്കൂറുകൾക്ക് ശേഷം, പാർട്ടിയുടെ പ്രധാന നേതാക്കളിൽ ഒരാളായ മൈക്കൽ ഗോവിനെ ബോറിസ് ജോൺസൺ പുറത്താക്കിയിരുന്നു.
നിരവധി സുപ്രധാന കാബിനറ്റ് പദവികൾ വഹിച്ചിട്ടുള്ള ഗോവ്, രാജ്യത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മേഖലകളിലുള്ള അവസരങ്ങൾ വർധിപ്പിച്ച് അസമത്വം പരിഹരിക്കുമെന്ന സർക്കാരിന്റെ വാഗ്ദാനം നിറവേറ്റാൻ ചുക്കാൻ പിടിച്ചയാൾ കൂടിയാണ്.
54 കാരനായ ഗോവ് ബ്രെക്‌സിറ്റ് പ്രചാരണത്തിലും സുപ്രധാന പങ്ക് വഹിച്ചിരുന്നു. പാർട്ടിയിൽ പരക്കെ ബഹുമാനിക്കപ്പെടുന്ന അദ്ദേഹത്തെ പൂർണമായും വിശ്വസിക്കാത്തവരും ഉണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.