• HOME
  • »
  • NEWS
  • »
  • world
  • »
  • NASA | അപ്പോളോയ്ക്ക് 50 വർഷങ്ങൾക്കിപ്പുറം വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ലക്ഷ്യമെന്ത്?

NASA | അപ്പോളോയ്ക്ക് 50 വർഷങ്ങൾക്കിപ്പുറം വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ലക്ഷ്യമെന്ത്?

ഇത്തവണ മനുഷ്യർക്കു പകരം, പരീക്ഷണാർത്ഥം മൂന്നു ഡമ്മികളെയാണ് അയച്ചത്.

  • Share this:
1969 ജൂലൈ 20 നായിരുന്നു ചരിത്രം കുറിച്ച നാസയുടെ ആദ്യത്തെ ചാന്ദ്രദൗത്യം. അന്ന് നാസ മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ചു. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ 12 പേരെക്കൂടി അപ്പോളോ പ​ദ്ധതിയുടെ ഭാ​ഗമായി നാസ ചന്ദ്രനിൽ എത്തിച്ചു. 1972 ഡിസംബറിൽ അപ്പോളോ പദ്ധതി അവസാനിച്ചു.

അൻപതു വർഷങ്ങൾക്കിപ്പുറം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ് നാസ. അതിനു മുന്നോടിയായുള്ള ആർട്ടെമിസ് -1 വിക്ഷേപണം വിജയകരമായി നടത്തിയിരിക്കുകയുമാണ്. പുരാണ ​ഗ്ര​ന്ഥങ്ങളിലെ അപ്പോളോയുടെ ഇരട്ട സഹോദരിയാണ് ആർട്ടെമിസ്. ഇന്നലെയാണ് (നവംബർ 16) 12.17-ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ആർട്ടെമിസ് 1 വിക്ഷേപിച്ചത്. മനുഷ്യരെ വഹിക്കാന്‍ കഴിവുള്ള ഓറിയോണ്‍ പേടകവുമായാണ് നാസ ഈ പരീക്ഷണ വിക്ഷേപണം നടത്തിയത്.

സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലാണ് ഓറിയോൺ വിക്ഷേപിച്ചത്. ഇത്തവണ മനുഷ്യർക്കു പകരം, പരീക്ഷണാർത്ഥം മൂന്നു ഡമ്മികളെയാണ് അയച്ചത്. മൂന്നാഴ്ച ഓറിയോൺ ചന്ദ്രനുചുറ്റുമുള്ള വിശാലമായ ഭ്രമണപഥത്തെ വലയം ചെയ്യുകയും തുടർന്ന് ഡിസംബറിൽ ഭൂമിയിലേക്ക് തിരികെ എത്തുകയും ചെയ്യും.

എന്തുകൊണ്ടാണ് നാസ ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുന്നത്? അതേക്കുറിച്ച് വിശദമായി അറിയാം.

ആത്യന്തിക ലക്ഷ്യം ചൊവ്വ

ചൊവ്വയിൽ മനുഷ്യനെ എത്തിക്കുക എന്നതാണ് നാസയുടെ ആത്യന്തിക ലക്ഷ്യം. അതിനായി കൂടുതൽ ബഹിരാകാശ ​ഗവേഷങ്ങൾ നടത്തേണ്ടതുണ്ട്. ''ഞങ്ങൾ എല്ലാവരും പ്രത്യേകമായ ഒരു ദൗത്യത്തിന്റെ ഭാഗമാണ്. നമ്മുടെ രാജ്യത്തെ ചാന്ദ്ര പര്യവേക്ഷണത്തിലേക്കും ചൊവ്വാ പര്യവേക്ഷണത്തിലേക്കും തിരികെ കൊണ്ടുവരുന്നതിനുള്ള ആദ്യ ചുവടാണ് ആർട്ടെമിസിന്റെ ആദ്യ വിക്ഷേപണം'', എന്നാണ് ലോഞ്ച് ഡയറക്ടർ ചാർലി ബ്ലാക്ക്‌വെൽ-തോംസൺ ലിഫ്റ്റ്-ഓഫിന് ശേഷം പറഞ്ഞത്.

''ചൊവ്വാ പര്യവേഷണം സാധ്യമാക്കുന്ന തരത്തിലുള്ള അടിത്തറ ചന്ദ്രനിൽ സ്ഥാപിക്കാനാണ് നാസ ഉദ്ദേശിക്കുന്നത്. മനുഷ്യരെ ചൊവ്വയിലേക്കും അതിനപ്പുറത്തേക്കും കൊണ്ടുപോകുന്നതിനു പര്യാപ്തമായ സാങ്കേതികവിദ്യകളും വിഭവങ്ങളും പരീക്ഷിക്കുന്നതിന് ചാന്ദ്ര പര്യവേക്ഷണങ്ങൾ കൂടുതൽ സഹായിക്കും'', എന്ന് നാസയുടെ വെബ്‌സൈറ്റിൽ പറയുന്നുണ്ട്.

ചന്ദ്രനിലെ മനുഷ്യ സാന്നിധ്യം സുസ്ഥിരമാക്കാനും നാസ ആഗ്രഹിക്കുന്നുണ്ട്. അപ്പോളോയിൽ നിന്നു വ്യത്യസ്തമായി, ഏതാനും ആഴ്ചകൾ നീണ്ടുനിൽക്കുന്ന പരീക്ഷണ ദൗത്യങ്ങളാണ് ഇത്തവണ ഉള്ളത്. ചൊവ്വയിലേക്ക് ഒരു മൾട്ടി-ഇയർ റൗണ്ട് ട്രിപ്പ് എങ്ങനെ തയ്യാറാക്കാമെന്ന് നന്നായി മനസിലാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

ആദ്യത്തെ ആർട്ടെമിസ് ദൗത്യം മുതൽ, നിരവധി പരീക്ഷണങ്ങൾ നാസ ആസൂത്രണം ചെയ്തിട്ടുണ്ട്. ചന്ദ്രനിലേക്ക് എല്ലാ വിഭവങ്ങളും കൊണ്ടുപോകുന്നത് ഒഴിവാക്കാനും ചെലവ് ലാഭിക്കാനും, ഉപരിതലത്തിലുള്ള വിഭവങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്ന് പഠിക്കാനും നാസ ഉദ്ദേശിക്കുന്നുണ്ട്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഖന രൂപത്തിലുള്ള വെള്ളമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ എങ്ങനെ റോക്കറ്റ് ഇന്ധനമാക്കി മാറ്റാൻ കഴിയും എന്ന കാര്യവും നാസ പഠിക്കും.

രാഷ്ട്രീയ മാനങ്ങൾ, ചൈനയുമായുള്ള മത്സരം, സ്വകാര്യ പങ്കാളികളുമായുള്ള സഹകരണം

1962-ൽ, അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡി, ചന്ദ്രനിൽ മനുഷ്യനെ എത്തിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചപ്പോൾ പലരും അക്ഷരാർത്ഥത്തിൽ അമ്പരന്നു പോകുകയാണ് ഉണ്ടായത്. ശീതയുദ്ധം അതിന്റെ പാരമ്യത്തിലെത്തിയ സമയമായിരുന്നു അത്. സോവിയറ്റ് യൂണിയൻ ആദ്യത്തെ ഉപഗ്രഹം വിക്ഷേപിച്ച് മനുഷ്യനെ ആദ്യമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിച്ചു. ബഹിരാകാശ ​ഗവേഷണ രം​ഗത്തെ തങ്ങളുടെ മികവ് തെളിയിക്കാൻ അമേരിക്കയ്ക്കും ഒരു വലിയ വിജയം ആവശ്യമായിരുന്നു.

"ഞങ്ങൾ ചന്ദ്രനിലേക്ക് പോകാൻ തീരുമാനിക്കുന്നു. ആ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണ്", എന്നാണ് കെന്നഡി റൈസ് യൂണിവേഴ്സിറ്റിയിലുണ്ടായിരുന്ന 40,000 ത്തോളം വരുന്ന ജനക്കൂട്ടത്തോട് പറഞ്ഞത്.

ഇപ്പോൾ, ചൈനയോടാണ് അമേരിക്ക പ്രധാനമായും മൽസരിക്കുന്നത്. 2030-ഓടെ ചൈനക്കാർ ചന്ദ്രനിലേക്ക് മനുഷ്യരെ അയയ്ക്കാൻ പദ്ധതിയിടുന്നുണ്ട്. ''ഇത് ഞങ്ങൾക്കു താത്പര്യമുള്ള പ്രദേശമാണ്. ചൈന പെട്ടെന്ന് അവിടെയെത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല'', എന്നാണ് നാസ മേധാവി ബിൽ നെൽസൺ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

ആർട്ടെമിസ് പദ്ധതിയുടെ ഭാ​ഗമായി നാസയിലും രാജ്യത്തുടനീളമുള്ള എയ്‌റോസ്‌പേസ് കമ്പനികളിലും തൊഴിലാളികളെ നിയമിക്കുന്നുണ്ടെന്നും പദ്ധതിക്ക് വലിയ രാഷ്ട്രീയ പിന്തുണ ഉണ്ടെന്നും ബഹിരാകാശ പര്യവേക്ഷണം പ്രോത്സാഹിപ്പിക്കുന്ന പ്ലാനറ്ററി സൊസൈറ്റിയുടെ മുഖ്യ നയ ഉപദേഷ്ടാവ് കേസി ഡ്രെയർ പറയുന്നു.

വാണിജ്യ തലത്തിലും അന്താരാഷ്ട്ര തലത്തിലുമുള്ള പങ്കാളികളുമായി സഹകരിച്ച് ചാന്ദ്രദൗത്യം വ്യാപിപ്പിക്കുമെന്നും പുതിയ അറിവുകളും അവസരങ്ങളും സൃഷ്ടിക്കുകയും പുതു തലമുറയെ പ്രചോദിപ്പിക്കുകയും ചെയ്യുമെന്നും നാസ അതിന്റെ വെബ്സൈറ്റിൽ പറയുന്നു.

നാസയുടെ പുതിയ പരീക്ഷണങ്ങൾ

ചൊവ്വാ ദൗത്യത്തിനായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകൾ ആദ്യം ചന്ദ്രനിൽ പരീക്ഷിക്കാൻ നാസ ആഗ്രഹിക്കുന്നുണ്ട്. ബഹിരാകാശ നടത്തത്തിനുള്ള പുതിയ സ്‌പേസ് സ്യൂട്ടുകൾ ആണ് അതിലൊന്ന്. 2025-ൽ ചന്ദ്രനിലേക്കുള്ള ആദ്യത്തെ ക്രൂഡ് ദൗത്യത്തിനായി ആക്സിയം സ്‌പേസ് എന്ന കമ്പനിയുമായി സഹകരിച്ചും നാസ പ്രവർത്തിക്കുന്നുണ്ട്. പോർട്ടബിൾ ന്യൂക്ലിയർ ഫിഷൻ സിസ്റ്റങ്ങളുടെ നിർമാണത്തിലും നാസ ഏർപ്പെട്ടിട്ടുണ്ട്.

ആർട്ടെമിസ് 1 വിക്ഷേപണം എന്തിന്?

മനുഷ്യരെ ചന്ദ്രനിലേക്ക് എത്തിക്കുന്നതിനായി തയ്യാറാക്കിയ ഓറിയോണ്‍ പേടകത്തിന്‍റെയും സ്‌പേസ്‌ ലോഞ്ച് സിസ്റ്റം റോക്കറ്റിന്‍റെയും പ്രവര്‍ത്തനക്ഷമത പരീക്ഷിക്കുന്നതാണ് ആര്‍ട്ടെമിസ് 1 ദൗത്യം. ഈ വിക്ഷേപണത്തില്‍ യാത്രികര്‍ ഇല്ല. ഒരു ശൂന്യമായ ക്രൂ ക്യാപ്‌സ്യൂളിനെയാണ് റോക്കറ്റ് ചന്ദ്രന്‍റെ വിശാലമായ ഭ്രമണപഥത്തിലേക്ക് നയിക്കുന്നത്.

ആർട്ടെമിസ് ശാസ്ത്രത്തിനു നൽകുന്ന സംഭാവനയെന്ത്?

അപ്പോളോ ദൗത്യത്തിന്റെ ഭാ​​ഗമായി ഏകദേശം 400 കിലോഗ്രാം ഉള്ള ചന്ദ്രനിലെ കല്ലുകൾ ഭൂമിയിലേക്ക് കൊണ്ടുവന്നിരുന്നു. പുതിയ ദൗത്യം ചന്ദ്രനെയും അതിന്റെ രൂപീകരണത്തെയും കുറിച്ചുള്ള അറിവ് കൂടുതൽ ആഴത്തിലാക്കാൻ സഹായിക്കുമെന്ന് നാസ പറയുന്നു.

"അപ്പോളോ ദൗത്യത്തിനിടെ ഞങ്ങൾ ശേഖരിച്ച സാമ്പിളുകൾ സൗരയൂഥത്തെക്കുറിച്ചുള്ള നമ്മുടെ വീക്ഷണം തന്നെ മാറ്റിമറിച്ചു. ആർട്ടെമിസ് പദ്ധതിയിൽ നിന്നും അതിലും കൂടുതൽ പ്രതീക്ഷിക്കാമെന്ന് ഞാൻ കരുതുന്നു", എന്നാണ് ബഹിരാകാശ സഞ്ചാരി ജെസീക്ക മെയർ ഇതേക്കുറിച്ച് പറഞ്ഞത്. അപ്പോളോ പ​ദ്ധതിയിൽ എന്നതു പോലെ പോലെ തന്നെ ആർട്ടെമിസിന്റെ കാര്യത്തിലും ശാസ്ത്ര ലോകത്തിന് വലിയ പ്രതീക്ഷയാണുള്ളത്.

ആർട്ടെമിസും അപ്പോളോയും

1960-കളിലെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നാസ അതിന്റെ ആദ്യ ബഹിരാകാശയാത്രികനായ അലൻ ഷെപ്പേർഡിനെ ബഹിരാകാശത്ത് എത്തിച്ചത്. ചാന്ദ്രദൗത്യത്തിന്റെ ഭാ​ഗമായി നീൽ ആംസ്ട്രോങ്ങിനെയും ആൽഡ്രിനെയും ചന്ദ്രനിൽ ഇറക്കിയതും. അലൻ ഷെപ്പേർഡിനെ ബഹിരാകാശത്തെത്തിച്ച് എട്ടു വർങ്ങൾക്കു ശേഷമായിരുന്നു അപ്പോളോ ദൗത്യം. 50 വർഷത്തിനു ശേഷം വമ്പൻ പദ്ധതിയായ ആർട്ടെമിസ് ദൗത്യവുമായി നാസ എത്തിയിരിക്കുകയാണ്. ആർട്ടെമിസിന്റെ പരീക്ഷണ വിക്ഷേപണത്തിന്റെ മാത്രം ചെലവ് 4 ബില്യനിൽ അധികമാണ്. ഇനിയുള്ള നാസയുടെ സുപ്രധാന ചുവടുവെയ്പുകളിലേക്ക് ഉറ്റുനോക്കുകയാണ് ശാസ്ത്രലോകം.
Published by:Arun krishna
First published: