• HOME
  • »
  • NEWS
  • »
  • world
  • »
  • പുടിന്റെ സ്വകാര്യ സേനയായ വാഗ്നർ ഗ്രൂപ്പിലേക്ക് എച്ച്‍ഐവിയും ഹെപ്പറ്റൈറ്റിസും ബാധിച്ച തടവുകാരെ റിക്രൂട്ട് ചെയ്തു?

പുടിന്റെ സ്വകാര്യ സേനയായ വാഗ്നർ ഗ്രൂപ്പിലേക്ക് എച്ച്‍ഐവിയും ഹെപ്പറ്റൈറ്റിസും ബാധിച്ച തടവുകാരെ റിക്രൂട്ട് ചെയ്തു?

ഹെപ്പറ്റൈറ്റിസ് അല്ലെങ്കിൽ എച്ച്ഐവി ബാധിച്ച് പരിക്കേറ്റ സൈനികർക്ക് റഷ്യയിലെ ഡോക്ടർമാർ ചികിത്സ നിഷേധിക്കുന്ന റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്

വ്‌ളാഡിമിർ പുടിൻ

വ്‌ളാഡിമിർ പുടിൻ

  • Share this:
എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ പകർച്ചവ്യാധികൾ ബാധിച്ച തടവുകാരെ വ്‌ളാഡിമിർ പുടിന്റെ (Vladimir Putin) സ്വകാര്യ സേനയായ വാഗ്‌നർ ഗ്രൂപ്പിലേക്ക് (Wagner Group) റിക്രൂട്ട് ചെയ്യുന്നതായി റിപ്പോർട്ടുകൾ. യുകെ പ്രതിരോധ മന്ത്രാലയമാണ് (United Kingdom’s ministry of defence) ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. മുൻപ് പ്രൊഫഷണൽ പട്ടാളക്കാരെ മാത്രമാണ് ഈ സേനയിലേക്ക് റിക്രൂട്ട് ചെയ്തിരുന്നത്. യുക്രൈനുമായുള്ള യുദ്ധത്തിൽ റഷ്യയ്ക്ക് നഷ്ടമായത് നിരവധി സൈനികരെയാണ്. രാജ്യത്ത് ഉദ്യോഗസ്ഥരുടെ ക്ഷാമം രൂക്ഷമായെന്നും അത് നികത്താനുള്ള ശ്രമത്തിന്റെ ഫലമായാണ് തടവിലാക്കപ്പെട്ട കള്ളന്മാരെയും കൊലയാളികളെയും മോചിപ്പിച്ച് സൈന്യത്തിൽ ചേർക്കുന്നതെന്നുമാണ് റിപ്പോർട്ട്.

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ള തടവുകാരെ സൈന്യത്തിൽ പ്രവേശിപ്പിക്കുന്നത് ആശങ്കാജനകമാണെന്നും അനുഭവസമ്പത്തിനോ കഴിവിനോ പകരം സേനയുടെ അംഗബലത്തിനു മാത്രം മുൻ​ഗണന നൽകരുതെന്നും യുകെ പ്രതിരോധ മന്ത്രാലയം പറഞ്ഞു.

എന്തുകൊണ്ടാണ് വാഗ്നർ ഗ്രൂപ്പ് രോഗബാധിതരായ തടവുകാരെ റിക്രൂട്ട് ചെയ്യുന്നത്?

എച്ച്‌ഐവിയും ഹെപ്പറ്റൈറ്റിസ് സിയും ബാധിച്ച നൂറിലധികം റഷ്യൻ തടവുകാരെ വാഗ്നർ ​ഗ്രൂപ്പിലേക്ക് റിക്രൂട്ട് ചെയ്തതായാണ് റിപ്പോർട്ടുകൾ. രോഗബാധിതരായ ഈ തടവുകാരെ സാധാരണ തടവുകാരിൽ നിന്ന് തിരിച്ചറിയാനായി ഇവരുടെ കൈകളിൽ പല നിറത്തിലുള്ള വളകൾ ഇട്ടിട്ടുണ്ടെന്ന് യുക്രെയ്നിലെ മിലിട്ടറി ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തു. ചുവന്ന റിസ്റ്റ് ബാൻഡ് എച്ച്ഐവി പോസിറ്റീവും വെള്ള റിസ്റ്റ് ബാൻഡ് ഹെപ്പറ്റൈറ്റിസിനെയും സൂചിപ്പിക്കുന്നു.

സൈനികർക്ക് കടുത്ത ക്ഷാമം നേരിടുന്നതിനാലാണ് ഇങ്ങനെയുള്ള കാര്യങ്ങൾ സംഭവിക്കുന്നതെന്ന് സിഎൻഎന്നിലെ ഒരു മാധ്യമപ്രവർത്തക പറയുന്നു. യുക്രെയ്നുമായി യുദ്ധം തുടരുന്നതിനാൽ റഷ്യൻ സൈന്യം കടുത്ത പ്രതിരോധത്തിലാണെന്നും സൈനിക ശേഷിയിലും മനുഷ്യ വിഭവ ശേഷിയിലും ക്ഷാമം നേരിടുന്നുണ്ടെന്നും അമേരിക്കയുടെ ഇന്റലിജൻസ് വിഭാ​ഗം നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ശിക്ഷിക്കപ്പെട്ട കുറ്റവാളികളെയും പൗരന്മാരെയും സൈന്യത്തിലേേക്ക് റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുന്നതായും ഇവർ കണ്ടെത്തിയിരുന്നു.

ഹെപ്പറ്റൈറ്റിസ് അല്ലെങ്കിൽ എച്ച്ഐവി ബാധിച്ച് പരിക്കേറ്റ സൈനികർക്ക് റഷ്യയിലെ ഡോക്ടർമാർ ചികിത്സ നിഷേധിക്കുന്ന റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. ഇക്കാര്യത്തിൽ റഷ്യയിലെ തന്നെ മറ്റു സൈനികർ അതൃപ്തി പ്രകടിപ്പിച്ചതായും യുക്രെയ്നിന്റെ ഇന്റലിജൻസ് വിഭാ​ഗം പറയുന്നു.

അന്താരാഷ്ട്ര മാധ്യമമായ ദി ഡെയ്‌ലി ബീസ്റ്റും ഈ വിഷയത്തിൽ അന്വേഷണം നടത്തിയിരുന്നു. റഷ്യയിലെ നിലവിലെ ശിക്ഷാ സമ്പ്രദായം സോവിയറ്റ് കാലഘട്ടത്തിലെ ജയിൽ, ജാതി വ്യവസ്ഥകളെ ഓർമിപ്പിക്കുന്നതാണെന്ന് ഡെയ്‌ലി ബീസ്റ്റ് പറയുന്നു. ഇവിടുത്തെ ജയിലുകളിൽ 'ദ ഷേയ്മ്ഡ്' (the Shamed) എന്നറിയപ്പെടുന്ന ഒരു വിഭാ​ഗമുണ്ട്. ജയിലറയിലെ ഏറ്റവും താഴേക്കിടയിൽ ഉള്ളവരായാണ് ഇവരെ കണക്കാക്കുന്നത്. ബലാത്സംഗത്തിന് ഇരയായ തടവുകാരും സ്വവർഗാനുരാഗികളും പകർച്ചവ്യാധികൾ ബാധിച്ചവരുമാണ് 'ദ ഷേയ്മ്ഡ്' എന്ന വിഭാ​ഗത്തിൽ ഉൾപ്പെടുന്നത്. ഈ തടവുകാർക്ക് നിരന്തരമായ പീഡനവും മർദനവും നേരിടേണ്ടിവരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇത്തരം തടവുകാരെയും ഇപ്പോൾ വാ​ഗ്നർ ​ഗ്രൂപ്പിലേക്ക് റിക്രൂട്ട് ചെയ്യുന്നതായും ദി ഡെയ്‌ലി ബീസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. വെറും ഒരാഴ്ചത്തെ പരിശീലത്തിനു ശേഷമാണ് ഇവരിൽ പലരും യുദ്ധമുഖത്തേക്ക് എത്തിയത്.

എന്താണ് വാഗ്നർ ഗ്രൂപ്പ്?

റഷ്യയുടെ സ്പെഷൽ ഫോഴ്സ് ഓഫിസർ ആയിരുന്ന ദിമിത്രി ഉത്കിൻ (Dmitri Utkin) ആണ് വാഗ്നർ ഗ്രൂപ്പ് സ്ഥാപിച്ചത്. 2014 ൽ റഷ്യ ക്രിമിയ പിടിച്ചടക്കിയ സമയത്താണ് വാഗ്നർ ആദ്യമായി യുദ്ധരം​ഗത്തേക്ക് എത്തിയത്. തുടക്കത്തിൽ ഡോൺബാസിലെ 100 റഷ്യൻ വിമതരായിരുന്നു ഗ്രൂപ്പിലുണ്ടായിരുന്നത്.

പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള വാഗ്നർ ഗ്രൂപ്പിന്റെ ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങൾ റഷ്യ വീണ്ടും വീണ്ടും നിഷേധിക്കുകയാണ് ചെയ്യുന്നത്. വാഗ്നർ ഗ്രൂപ്പിന് റഷ്യയുടെ യുദ്ധ പോരാട്ടങ്ങളിൽ കാര്യമായ പങ്കുണ്ടെന്ന് ചില നിരീക്ഷകർ പറയുന്നു. റഷ്യയിലെ ഈ കൂലിപ്പടയാളികളെ യുക്രൈനിലേക്കും അയച്ചിട്ടുണ്ട്.

നിലവിൽ വാഗ്നർ ഗ്രൂപ്പിന് ധനസഹായം നൽകുകയും അതിന്റെ മേൽനോട്ടം വഹിക്കുകയും ചെയ്യുന്നത് പുടിന്റെ അടുത്ത സഹായികളിൽ ഒരാളായ യെവ്‌ജെനി പ്രിഗോജിൻ ആണെന്ന് യൂറോപ്യൻ യൂണിയനും യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റും പറയുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം പുടിൻ നിഷേധിക്കുകയാണുണ്ടായത്. ന്യൂയോർക്ക് പോസ്റ്റിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, കാറ്ററിംഗ് കരാറുകൾ ഏറ്റെടുക്കാറുള്ള പ്രിഗോജിൻ, ഷെഫ് ആയും അറിയപ്പെടുന്ന ആളാണ്. ഇയാൾ ഇക്കഴിഞ്ഞ ജൂലൈ മുതൽ തടവുകാരെ റിക്രൂട്ട് ചെയ്യാൻ തുടങ്ങിയതായും റിപ്പോർട്ടുണ്ട്. റഷ്യയിലെ വിവിധ ജയിലുകളിലുള്ള തടവുകാരുടെ കുടുംബാഗങ്ങളുമായി ഇയാൾ കൂടിക്കാഴ്ച നടത്തിയതായും സൂചനകൾ പുറത്തു വന്നിരുന്നു. യുദ്ധത്തിൽ പങ്കെടുക്കുന്ന തടവുകാർക്ക് ആറു മാസത്തിന് ശേഷം മാപ്പ് നൽകുമെന്നും പ്രതിമാസം 100,000 റൂബിൾ (1,33,819.81 ഇന്ത്യൻ രൂപ) ശമ്പളം ലഭിക്കുമെന്നുമുള്ള വാഗ്ദാനങ്ങൾ നൽകിയതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

സിറിയയിൽ 2015 മുതലും ലിബിയയിൽ 2016 മുതലും വാഗ്നർ ഗ്രൂപ്പ് സജീവമായി പ്രവർത്തിച്ചു വരികയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2017-ൽ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ വജ്രഖനികൾക്ക് കാവലിരിക്കാനും ഇവരെ വിളിച്ചിരുന്നു. 2021-ൽ, ഇസ്ലാമിക് തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ പ്രവർത്തിക്കാൻ മാലി സർക്കാർ വാഗ്നർ ​ഗ്രൂപ്പിനെ ക്ഷണിച്ചു.

സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ സാധാരണക്കാർക്കെതിരെ വാഗ്നർ ​ഗ്രൂപ്പിന്റെ കൂലിപ്പടയാളികൾ ബലാത്സംഗങ്ങളും കവർച്ചകളും നടത്തിയതായി ഐക്യരാഷ്ട്രസഭയും ഫ്രഞ്ച് സർക്കാരും മുമ്പ് ആരോപിച്ചിരുന്നു. ഇത്തരം പല ആരോപണങ്ങളും ഇവർക്കു മേൽ ആരോപിക്കപ്പെട്ടിട്ടുണ്ട്.

യുക്രെയ്ൻ- റഷ്യ യുദ്ധത്തിൽ വാഗ്നർ ​ഗ്രൂപ്പിന്റെ പങ്കാളിത്തം

യുക്രെയ്ൻ- റഷ്യ യുദ്ധത്തിന്റെ തുടക്കത്തിൽ കിഴക്കൻ യുക്രെയ്നിൽ നടന്ന നിരവധി ആക്രമണങ്ങളിൽ വാഗ്നർ ഗ്രൂപ്പിന്റെ കൂലിപ്പടയാളികൾക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നു. ലുഹാൻസ്ക്, ഡൊനെറ്റ്സ്ക് മേഖലകളുടെ നിയന്ത്രണത്തിനായി പോരാടിയ റഷ്യൻ വിമതരെ വാ​ഗ്നറിന്റെ ആയിരത്തോളം കൂലിപ്പടയാളികൾ പിന്തുണച്ചിരുന്നു എന്ന് ലണ്ടനിലെ കിംഗ്‌സ് കോളേജിലെ പ്രൊഫസർ ട്രേസി ജർമ്മൻ ബിബിസിയോട് പറഞ്ഞു.

കിഴക്കൻ യുക്രെയ്നിലെ പ്രത്യേക മേഖലകളുടെ ചുമതല വാഗ്നർ ഗ്രൂപ്പിന് നൽകിയിട്ടുണ്ടെന്നും യുകെയുടെ പ്രതിരോധ മന്ത്രാലയം പറയുന്നു. യുക്രൈന്‍ ശക്തമായി തന്നെ റഷ്യയുടെ സൈനിക നീക്കത്തെ ചെറുക്കുന്നുണ്ട്. അതോടൊപ്പം വാ​ഗ്നർ ​ഗ്രൂപ്പിലെ പോരാളികൾക്കെതിരെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

അൽ ജസീറയുടെ ഒരു റിപ്പോർട്ട് അനുസരിച്ച്, യുക്രെയ്നിന്റെ ചില ഭാഗങ്ങളിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ റഷ്യ വാഗ്നർ ​ഗ്രൂപ്പിനെ കൂടുതലായി ആശ്രയിക്കുന്നുണ്ട്.

ഇക്കഴിഞ്ഞ ഏപ്രിലിൽ കീവിനടുത്തുള്ള മോട്ടിജിൻ ഗ്രാമത്തിൽ റഷ്യൻ സൈനികരോടൊപ്പം വാഗ്ന ഗ്രൂപ്പിന്റെ മൂന്ന് കൂലിപ്പടയാളികൾ യുദ്ധക്കുറ്റം ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്ന് യുക്രൈനിലെ പ്രോസിക്യൂട്ടർമാർ ആരോപിച്ചിരുന്നു. കൊലപാതകം, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളെല്ലാം യുദ്ധക്കുറ്റങ്ങളിൽ ഉൾപ്പെടുന്നതാണ്.
Published by:Anuraj GR
First published: