• HOME
 • »
 • NEWS
 • »
 • world
 • »
 • Chinese Communist Party | ദേശീയ കോൺഗ്രസിനൊരുങ്ങി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി; ലോകം ഉറ്റു നോക്കുന്നത് എന്തുകൊണ്ട്?

Chinese Communist Party | ദേശീയ കോൺഗ്രസിനൊരുങ്ങി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി; ലോകം ഉറ്റു നോക്കുന്നത് എന്തുകൊണ്ട്?

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കോൺഗ്രസിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാം.

 • Last Updated :
 • Share this:
  ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (Chinese Communist Party) ദേശീയ കോൺഗ്രസ് (National Congress) പല കാരണങ്ങൾ കൊണ്ടും അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കാറുണ്ട്. പണപ്പെരുപ്പം, ആഗോള മാന്ദ്യം തുടങ്ങി പല വിഷയങ്ങളും ഇത്തവണത്തെ ദേശീയ കോൺഗ്രസിൽ ചർച്ചയാകും. ഈ മാസമാണ് 20-ാമത് ദേശീയ കോൺഗ്രസ് നടക്കുക. 1921 -ൽ (Mao Zedong) മാവോ സെതൂങിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ആധുനിക ചൈന സ്ഥാപിച്ച ഭരണകക്ഷി കൂടിയാണ്.

  ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കോൺഗ്രസിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാം.

  എന്താണ് പാർട്ടി കോൺഗ്രസ്?

  ഓരോ അഞ്ച് വർഷത്തിലും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കോൺഗ്രസ് നടക്കാറുണ്ട്. ചൈനീസ് രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിൽ ഒന്നാണിത്. ഈ വർഷത്തെ പാർട്ടി കോൺഗ്രസ് ഒക്‌ടോബർ 16 മുതൽ ഒരാഴ്ചത്തേക്കാണ് നടത്തുക.

  അടുത്ത അഞ്ച് വർഷത്തേക്ക് രാജ്യം ഭരിക്കാനും ലോകത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധം സ്ഥാപിക്കാനും സാധിക്കുന്ന പുതിയ നേതാക്കളെ പാർട്ടി കോൺഗ്രസ് തിരഞ്ഞെടുക്കും.

  പാർട്ടി കോൺഗ്രസിന്റെ പ്രാധാന്യം

  1970 കളുടെ അവസാനം മുതൽ രാഷ്ട്രീയ സംഭവവികാസങ്ങളിലുള്ള ചൈനയുടെ താൽപര്യം വർദ്ധിച്ചു, ക്രമേണ രാജ്യം സാമ്പത്തിക പരിഷ്കാരങ്ങൾ ആരംഭിക്കുകയും വേഗത്തിൽ വളരുകയും ആഗോള ശക്തി എന്ന നിലയിലുള്ള ഉയർച്ച കൊണ്ട് ലോകത്തെ അമ്പരപ്പിക്കുകയും ചെയ്തു.

  ചൈനയെ നേരിടാൻ നയങ്ങൾ രൂപീകരിക്കാൻ ലോകനേതാക്കൾ ഇന്ന് തല പുകയ്ക്കുകയാണ്.

  ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്ത് ഷി ജിന്‍പിങ്ങിന്റെ സ്ഥാനം ഉറപ്പിക്കാന്‍ സിസിപി പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. ജനറല്‍ സെക്രട്ടറിയായി രണ്ടു ടേം പൂര്‍ത്തിയാക്കിയ ഷി, മൂന്നാമതും സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. മൂന്നാമത്തെ ടേം പൂര്‍ത്തിയാക്കിയാൽ മാവോയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിച്ച രണ്ടാമത്തെ നേതാവ് എന്ന റെക്കോര്‍ഡ് ഷിയുടെ പേരിലാകും

  ചൈനയുടെ പ്രസിഡൻറ് എന്ന നിലയിലും, ആഭ്യന്തര സുരക്ഷയ്ക്ക് ചുമതലപ്പെടുത്തിയിട്ടുള്ള പീപ്പിൾസ് ലിബറേഷൻ ആർമിയുടെയും (പിഎൽഎ) പീപ്പിൾസ് ആംഡ് പോലീസിന്റെയും ചെയർമാൻ എന്ന നിലയിലും ശക്തനായ നേതാവാണ് ഷി ജിന്‍പിങ്ങ്.

  നിലവിലെ ആഗോള സാഹചര്യത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിന്റെ പ്രാധാന്യം

  ലോകമാകെ അഭിമുഖീകരിക്കുന്ന നിരവധി സാമ്പത്തിക രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലാണ് സിസിപി കോൺഗ്രസ് നടക്കുന്നത്. പല ലോക രാജ്യങ്ങളും കോവിഡ് മഹാമാരിയുടെ ആഘാതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുകയാണ്. ഈ സാഹചര്യത്തിൽ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ എന്ന നിലയിൽ, ചൈനയുടെ തീരുമാനങ്ങൾ ഏറെ നിർണായകമാകും. കോവിഡ് പ്രതിരോധത്തിന്റെ പേരിൽ ബലം പ്രയോഗിച്ചുള്ള അടച്ചിടലുകളും മറ്റും സര്‍ക്കാരിന് എതിരെ ശക്തമായ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത സമ്മേളനം നടക്കുന്നത്.

  മറ്റൊരു വൻ ശക്തിയും ചൈനയുടെ അടുത്ത സുഹൃത്തുമായ റഷ്യ, യുക്രെയ്നുമായി യുദ്ധത്തിലുമാണ്. യുക്രെയ്ന് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങലും പിന്തുണ പ്രഖ്യാപിച്ചിരിക്കുകയുമാണ്. കഴിഞ്ഞ എട്ട് മാസമായി തുടരുന്ന റഷ്യ യുക്രെയ്ൻ യുദ്ധം ആഗോള ഊർജ വിതരണത്തിലും തടസം സൃഷ്ടിച്ചിട്ടുണ്ട്. ഇത് ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നതിനും ദരിദ്ര രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. കൂടാതെ, ഷി നേതൃത്വത്തിന് കീഴിലുള്ള ഇന്തോ-പസഫിക് മേഖല കടന്നുള്ള ചൈനയുടെ വളർച്ച ചൈന-അമേരിക്കൻ ബന്ധങ്ങളിലും മറ്റ് ഏഷ്യൻ രാജ്യങ്ങളുമായുള്ള ചൈനയുടെ ബന്ധത്തിലും ഗുരുതരമായ വിള്ളൽ വീഴ്ത്തിയിരിക്കുകയാണ്. ഇത്തരം സാഹചര്യങ്ങൾക്കിടയിലാണ് പാർട്ടി ദേശീയ കോൺഗ്രസ് വിളിക്കുന്നത്. ഷിയുടെ മൂന്നാം ടേമിന് കീഴിൽ ചൈന കൂടുതൽ ശക്തിയാർജിക്കുമോ എന്ന ആശങ്ക പല രാജ്യങ്ങൾക്കും ഉണ്ട്.

  ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉദയം

  1921-ലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിക്കപ്പെട്ടത്. മാർക്‌സിസം, ലെനിനിസം തത്ത്വങ്ങളിൽ അധിഷ്ടിതമായാണ് പാർട്ടി രൂപീകരിക്കപ്പെട്ടത്. കമ്മ്യൂണിസ്റ്റുകളും അവരുടെ പ്രധാന എതിരാളിയായ കുമിന്റാങ്ങും തമ്മിൽ നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിലെ വിജയത്തിനുശേഷം മാത്രമേ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിക്കാനായുള്ളൂ. എല്ലാ ലെനിനിസ്റ്റ് പാർട്ടികളെയും പോലെ, അക്രമത്തിലൂടെയും കീഴടക്കലിലൂടെയും എതിരാളികളെ കീഴ്പ്പെടുത്തുന്നതിൽ തെറ്റില്ലെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും വിശ്വസിക്കുന്നു.

  92 ദശലക്ഷത്തിലധികം അംഗങ്ങൾ ഇന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ട്. ചൈനയിലെ എല്ലാ മേഖലകളിൽ നിന്നുമുള്ള ആളുകൾ പാർട്ടിയിലുണ്ട്.

  ആരാണ് പുതിയ സിസിപി നേതൃത്വത്തെ തിരഞ്ഞെടുക്കുന്നത്?

  പാർട്ടി കോൺഗ്രസിന് മുന്നോടിയായി പാർട്ടി അംഗങ്ങളിൽ നിന്നും നേതാക്കളിൽ നിന്നും മുൻനിര പ്രവർത്തകരിൽ നിന്നും വനിതാ പാർട്ടി പ്രവർത്തകരിൽ നിന്നുള്ള പ്രതിനിധികളെയും, ന്യൂനപക്ഷ ഗ്രൂപ്പുകളുടെ പ്രതിനിധികളെയും, സമ്പദ്‌വ്യവസ്ഥ, ശാസ്ത്രം, സാങ്കേതികവിദ്യ, പ്രതിരോധം, ജുഡീഷ്യറി തുടങ്ങിയ മേഖലകളിൽ നിന്നുള്ള 2,300 പ്രതിനിധികളെയും തിരഞ്ഞെടുത്തിട്ടുണ്ട്. പൊതു സുരക്ഷ, വിദ്യാഭ്യാസം, കായികം, ആരോഗ്യ സംരക്ഷണം, സാമൂഹിക ഭരണം തുടങ്ങിയ മേഖലകിൽ പ്രവർത്തിക്കുന്നവരുടെ പേരും നാമനിർദേശം ചെയ്തിട്ടുണ്ട്.

  ചൈനയിലെ 34 പ്രവിശ്യകളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള മന്ത്രിമാർ, സംസ്ഥാന കൗൺസിൽ കമ്മീഷണർമാർ, പിഎൽഎയുടെ റീജിയണൽ കമാൻഡർമാർ, സെൻട്രൽ മിലിട്ടറി കമ്മീഷനു കീഴിലുള്ള പിഎൽഎ വകുപ്പുകളുടെ മേധാവികൾ എന്നിവരിൽ നിന്ന് സിസിപി യുടെ കേന്ദ്ര കമ്മിറ്റിയിലെ 370 അംഗങ്ങളെ തിരഞ്ഞെടുക്കും.

  Also read : ഹിജാബ് ധരിക്കാതെ ഇറാനിലെ ഹോട്ടലിലിരുന്ന് ഭക്ഷണം കഴിച്ച യുവതിയെ അറസ്റ്റ് ചെയ്തായി ആരോപണം

  ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോയിലേക്കുള്ള 25 അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം കേന്ദ്ര കമ്മിറ്റിക്കുണ്ട്. എന്നാൽ പോളിറ്റ്ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ചില മാനദണ്ഡങ്ങൾ ബാധകമാണ്. ഇവർ മന്ത്രി തലത്തിലോ അതിനു മുകളിലോ,പിഎൽഎയുടെ സൈനിക തലത്തിലോ സേവനമനുഷ്ഠിക്കുന്നവരും 62 വയസിനു മുകളിൽ പ്രായമുള്ളവരുമായിരിക്കണം.

  പോളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി

  കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട കമ്മിറ്റിയാണിത്. ആഭ്യന്തര ചർച്ചകളിലൂടെ ഇവർ പോളിറ്റ് ബ്യൂറോ അംഗങ്ങളെ തിരഞ്ഞെടുക്കുന്നു. നിലവിൽ ഏഴു പേരാണ് പോളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ഉള്ളത്. ഈ അംഗങ്ങളുടെ എണ്ണം ഒൻപതു വരെ ആകാം. പോളിറ്റ് ബ്യൂറോയിലെ 25 അംഗങ്ങൾ ഇല്ലാത്തപ്പോൾ ഈ അംഗങ്ങൾ നയ ചർച്ചകൾ നടത്തുകയും പ്രധാന വിഷയങ്ങളിൽ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നു.

  പോളിറ്റ് ബ്യൂറോ അംഗങ്ങളിൽ ഏറ്റവും പ്രായം കുറഞ്ഞയാളെ പോളിറ്റ് ബ്യൂറോയുടെ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കുകയും അവർക്ക് 68 വയസു വരെ കമ്മിറ്റിയിൽ തുടരുകയും ചെയ്യാം. എന്നാൽ ഷി ജിൻപിങ്ങിന് ഇപ്പോൾ 69 വയസുണ്ട്.
  Published by:Amal Surendran
  First published: