നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Julian Assange | വിക്കീലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജിന് ജയിലിൽ വിവാഹം

  Julian Assange | വിക്കീലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജിന് ജയിലിൽ വിവാഹം

  2020 ഏപ്രിലിലാണ് അസാഞ്ജും സ്റ്റെല്ലയും തങ്ങളുടെ ബന്ധം പരസ്യമാക്കിയത്. കൂടാതെ, ജയില്‍ അധികൃതര്‍ മുന്‍പാകെ വിവാഹത്തിനുള്ള അപേക്ഷയും സമര്‍പ്പിച്ചിരുന്നു.

  • Share this:
   വിക്കീലീക്സ് (WikiLeaks) സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിന് (Julian Assange) വിവാഹം കഴിക്കാന്‍ ബ്രിട്ടീഷ് അധികൃതര്‍ അനുമതി നല്‍കി. പങ്കാളിയായ സ്റ്റെല്ലാ മോറിസുമായുള്ള (Stella Moris) വിവാഹത്തിനാണ് അനുമതി ലഭിച്ചത്. എന്നാല്‍ വിവാഹത്തിനായി ജയില്‍ വിടാന്‍ അസാഞ്ജിന് അനുമതിയില്ല.

   ലണ്ടനിലെ (London) അതീവ സുരക്ഷാ ജയിലായ ബെല്‍മാര്‍ഷിലാണ് (Belmarsh Prison) അസാഞ്ജ് ഇപ്പോഴുള്ളത്. ഇവിടെ വെച്ച് വിവാഹിതനാകാനുള്ള അനുമതിയാണ് അസാഞ്ജിന് ലഭിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചാരവൃത്തി കേസില്‍ അമേരിക്കയ്ക്ക് തന്നെ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമ നടപടികളോട് 2019 മുതല്‍ പൊരുതുകയാണ് അദ്ദേഹം.

   സ്വീഡന്‍ തന്റെ മേലാരോപിച്ച ലൈംഗിക കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റ് ഒഴിവാക്കാനായി അസാഞ്ജ് ലണ്ടനിലെ ഇക്വഡോറിയന്‍ എംബസ്സിയില്‍ 7 വര്‍ഷത്തോളം അഭയം പ്രാപിച്ചിരുന്നു. അക്കാലത്താണ് അസാഞ്ജും സ്റ്റെല്ലയും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന വിവരം. സ്റ്റല്ല സൗത്ത് ആഫ്രിക്കന്‍ വംശജയും അഭിഭാഷകയും ആണ്. ഈ ദമ്പതികള്‍ക്ക് രണ്ട് മക്കളുമുണ്ട്. നാല് വയസ്സുകാരന്‍ ഗബ്രിയേലും രണ്ടു വയസ്സുകാരന്‍ മാക്സും.

   വിവാഹാനുമതി ലഭിച്ചതിനെ സ്റ്റെല്ല സ്വാഗതം ചെയ്തിരിക്കുകയാണ്. ''അനുമതി ലഭിച്ചതില്‍ ആശ്വാസം ഉണ്ട്. കൂടാതെ ഞങ്ങളുടെ വിവാഹത്തില്‍ ഇനി മറ്റു തടസ്സങ്ങള്‍ ഒന്നും ഉണ്ടാവുകയില്ല എന്ന് ഞാന്‍ പ്രത്യാശിക്കുന്നു', എന്ന് വാര്‍ത്തയോട് സ്റ്റെല്ല പ്രതികരിച്ചതായിറിപ്പോര്‍ട്ടുകള്‍ പറയുന്നു.

   കഴിഞ്ഞ ജനുവരിയില്‍ അസാഞ്ജിനെ കൈമാറണമെന്ന അമേരിക്കയുടെ ആവശ്യം കോടതി തള്ളിയിരുന്നു. അതേസമയം, മേല്‍ക്കോടതി കേസ് പരിഗണിച്ചതിനെ തുടര്‍ന്ന് അസാഞ്ജ് വീണ്ടും ജയിലില്‍ തുടരുകയായിരുന്നു.

   2020 ഏപ്രിലിലാണ് അസാഞ്ജും സ്റ്റെല്ലയും തങ്ങളുടെ ബന്ധം പരസ്യമാക്കിയത്. കൂടാതെ, ജയില്‍ അധികൃതര്‍ മുന്‍പാകെ വിവാഹത്തിനുള്ള അപേക്ഷയും സമര്‍പ്പിച്ചിരുന്നു.

   വിവാഹത്തിനുള്ള അനുമതി നിഷേധിക്കപ്പെടാനുള്ള സാധ്യതയും നിലവിലുണ്ടായിരുന്നു. അതിനാല്‍, ജയില്‍ ഗവര്‍ണ്ണര്‍ക്കും ജസ്റ്റിസ് സെക്രട്ടറിയായ ഡൊമിനിക്ക് റാബിനുമെതിരെ നിയമ നടപടി കൈക്കൊള്ളുമെന്ന് അവര്‍ ഭീഷണി ഉയര്‍ത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

   ''അസാഞ്ജിന്റെ അപേക്ഷ ലഭിച്ചിട്ടുണ്ട്. മറ്റേത് തടവു പുള്ളിയുടെ കാര്യത്തിലുമെന്ന പോലെ സ്വാഭാവിക നടപടിക്രമങ്ങളിലൂടെ ഈ അപേക്ഷയും കടന്നു പോവുകയാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നത് ജയില്‍ ഗവര്‍ണ്ണറാണ്'' എന്നായിരുന്നു ജയില്‍ അധികൃതര്‍ വ്യാഴാഴ്ച പ്രതികരിച്ചത്.

   വിവാഹത്തീയതി തീരുമാനിച്ചിട്ടില്ല എന്നാണ് ഇതുവരെ ലഭിച്ച റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

   ഒരു പതിറ്റാണ് മുന്‍പാണ് വിക്കീലീക്‌സ് സ്ഥാപകനായ ജൂലിയന്‍ അസാഞ്ജിന് മേല്‍ അമേരിക്ക 18 ഓളം കുറ്റങ്ങള്‍ ആരോപിച്ചത്. അതില്‍ 17 എണ്ണം ചാരവൃത്തി ആരോപിച്ചുള്ളതായിരുന്നു. ഒരെണ്ണം സൈനിക, നയതന്ത്ര കാര്യങ്ങള്‍ പ്രതിപാദിയ്ക്കുന്ന അതീവ രഹസ്യ രേഖകള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ടതാണ്. 2010 ലായിരുന്നു രഹസ്യ രേഖകളുടെ ചോര്‍ത്തലിനെ തുടര്‍ന്ന് അസാഞ്ജനെ അമേരിക്ക പ്രതിയാക്കിയത്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ സൈനിക നടപടികളെ കുറിച്ചുള്ള വിവരങ്ങളും വിക്കീലീക്‌സ് രേഖകളില്‍ ഉള്‍പ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച 500,000 ത്തോളം രേഖകളാണ് വിക്കീലീക്‌സ് ചോര്‍ത്തിയത്.
   Published by:Jayashankar AV
   First published:
   )}