സമാധാന നൊബേൽ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി. ഇത്തവണ ലോകത്തിന്റെ സമാധാന പുരസ്കാരം നേടുന്നത് വെറും പതിനാറു വയസുള്ള ഒരു പെൺകുട്ടിയാകുമോ? ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സമാധാന നൊബേൽ ജേതാവായി മാറുമോ ഗ്രെറ്റ തുൻബെർഗ്? അതറിയാൻ കാത് കൂർപ്പിക്കുകയാണ് ലോകം.
ഭൂമിയെ രക്ഷിക്കാൻ വഴി തേടേണ്ടതിനു പകരം വ്യാജ വാഗ്ദാനങ്ങളുമായി ഞങ്ങൾക്ക് മുന്നിലെത്താൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു? രണ്ടാഴ്ച മുൻപ്, ലോക നേതാക്കളോട് ഈ ചോദ്യം ചോദിച്ചത് പതിനാറു വയസുള്ള ഒരു പെൺകുട്ടിയായിരുന്നു. സ്വീഡനിലെ സ്കൂൾ വിദ്യാർത്ഥിനിയായ ഗ്രെറ്റ തുൻബെർഗ്. സ്വീഡിഷ് പാര്‍ലമെന്റ് കെട്ടിടത്തിന് പുറത്ത് തുടങ്ങിയ ഏകാംഗ സമരമാണ് ഗ്രെറ്റയെ ലോക ശ്രദ്ധയിൽ എത്തിച്ചത്. 'ഭാവിക്കായുള്ള വെള്ളിയാഴ്ച ' എന്നൊരു ബോർഡും കയ്യിലേന്തി ഗ്രെറ്റ തുടങ്ങിവെച്ച സമരം പിന്നീട് ലോകമെങ്ങും പടർന്നു. ഗ്രെറ്റയുടെ ഒറ്റയാൾ ശബ്ദം യുഎൻ കാലാവസ്ഥാ ഉച്ചകോടിയിലും മുഴങ്ങി.
കാലാവസ്ഥ വ്യതിയാനം നേരിടാന്‍ നടപടി സ്വീകരിക്കാത്ത രാഷ്ട്രങ്ങൾക്കെതിരെ ഗ്രേറ്റ ഐക്യ രാഷ്ട്ര സഭയിൽ പരാതിയും നൽകി. ലഘു ഓട്ടിസം കാരണമുള്ള വൈഷമ്യങ്ങൾ അനുഭവിക്കുന്ന കുട്ടിയാണ് ഗ്രെറ്റ. ഇത്തവണ ഗ്രെറ്റ നൊബേൽ നേടിയാൽ മലാല യുസഫ് സായിയുടെ റെക്കോഡാവും മറികടക്കുക. പതിനേഴാം വയസിലാണ് മലാലയ്ക്ക് നൊബേൽ ലഭിച്ചത്. പെൺകുട്ടികളുടെ വിദ്യാഭാസ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങൾക്കായിരുന്നു മലാലയ്ക്ക് പുരസ്കാരം.
ഗ്രെറ്റ തുൻബെർഗിനാകും ഇത്തവണ സമാധാന നൊബേൽ എന്ന പ്രതീക്ഷ വർധിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സമാധാന നൊബേൽ പ്രഖ്യാപനം വരിക.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.