• HOME
  • »
  • NEWS
  • »
  • world
  • »
  • Balochistan | നിർബന്ധിത തിരോധാനങ്ങൾ‍; വ്യാജ ഏറ്റുമുട്ടലുകൾ; ബലൂചിസ്ഥാനിൽ സംഭവിക്കുന്നതെന്ത്?

Balochistan | നിർബന്ധിത തിരോധാനങ്ങൾ‍; വ്യാജ ഏറ്റുമുട്ടലുകൾ; ബലൂചിസ്ഥാനിൽ സംഭവിക്കുന്നതെന്ത്?

കഴിഞ്ഞ 25 വർഷമായി ബലൂചിസ്ഥാൻ പ്രവിശ്യയിൽ നിർബന്ധിത തിരോധാനങ്ങൾ നടക്കുന്നുണ്ട്. ഇവിടെ നിന്നും ആയിരക്കണക്കിന് ആളുകളെ കാണാതായതായതി ചില മനുഷ്യാവകാശ സംഘടനകൾ പറയുന്നു.

  • Share this:
    മനോജ് ​ഗുപ്ത

    വടക്കൻ ബലൂചിസ്ഥാനിലെ (Balochistan) സിയാറത്ത്, ഹർനൈ ജില്ലകളിൽ പാകിസ്ഥാൻ സൈന്യം (Pakistan Army) നടത്തിയ വ്യാജ ഏറ്റുമുട്ടലുകൾക്കിടെ (fake encounters) നടന്ന ക്രൂരമായ കൊലപാതകങ്ങളെ അപലപിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മനുഷ്യാവകാശ പ്രവർത്തകർ. ബലൂചിസ്ഥാൻ പ്രവിശ്യയിൽ നിന്നും കാണാതായ‌ ഒൻപതു പേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇവരിൽ ആറു പേർ ഒളിവിലായിരുന്നെന്നാണ് പാകിസ്ഥാൻ നിയമ നിർവഹണ ഏജൻസികൾ (Pakistani Law Enforcement Agencies (LEAs)) പറയുന്നത്. കാണാതായവരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ഇവരുടെ കുടുംബാം​ഗങ്ങൾ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു.

    ജൂലൈ 13, 14 തീയതികളിൽ, ബലൂചിസ്ഥാനിലെ വിഘടനവാദ ​ഗ്രൂപ്പായ ബലൂച് ലിബറേഷൻ ആർമി (Baloch Liberation Army (BLA)) പാക് സൈനിക ഓഫീസറായ ലെഫ്റ്റനന്റ് കേണൽ ലായിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനെത്തുടർന്നാണ് സിയാറത്തിലും ഹർനൈയിലും പാകിസ്ഥാൻ സൈന്യം ഏറ്റുമുട്ടലിനെത്തിയത്.

    ഒൻപത് ബിഎൽഎ അംഗങ്ങളെ പാക് സൈന്യം വധിച്ചതായി പാക്കിസ്ഥാനിലെ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) അവകാശപ്പെട്ടു. എന്നാൽ ബലൂച് ലിബറേഷൻ ആർമി ഈ അവകാശവാദങ്ങൾ നിഷേധിക്കുകയും കൊല്ലപ്പെട്ടവർക്ക് തങ്ങളുമായി ബന്ധമില്ലെന്ന് അറിയിക്കുകയും ചെയ്തു. സിയാറത്ത്, ഹർനൈ പ്രദേശങ്ങളിൽ നടത്തിയ ഓപ്പറേഷനിൽ ഞങ്ങളുടെ പോരാളികളെ കൊലപ്പെടുത്തിയെന്ന പാകിസ്ഥാൻ സൈന്യത്തിന്റെ അവകാശവാദങ്ങൾ, ബലൂചിസ്ഥാനിലെ തങ്ങളുടെ പരാജയങ്ങൾ മറയ്ക്കാനുള്ള പ്രചാരണ തന്ത്രങ്ങൾ മാത്രമാണ്," ബലൂച് ലിബറേഷൻ ആർമി കൂട്ടിച്ചേർത്തു. തങ്ങളുടെ കൂട്ടത്തിലെ ഒരംഗത്തിനു പോലും ഒരു തരത്തിലുള്ള അപകടമോ പരിക്കോ ഉണ്ടായിട്ടില്ലെന്നും ബിഎൽഎ വ്യക്തമാക്കി.

    കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ ഒൻപതു പേർ കലാപകാരികളാണോ അതോ ബലൂചിസ്ഥാനിൽ നിന്നും കാണാതായവരാണോ തുടങ്ങിയ ചർച്ചകളും നടക്കുന്നുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ക്വറ്റ സിവിൽ ആശുപത്രിയിലേക്കാണ് മാറ്റിയത്. കൊല്ലപ്പെട്ട ഒൻപതു പേരിൽ ആറു പേരെയും കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞു. ഇവരെ പാക്കിസ്ഥാൻ ബലം പ്രയോ​ഗിച്ച് ഒളിവിൽ വെച്ചിരിക്കുകയായിരുന്നെന്ന് കുടുംബാം​ഗങ്ങളും വോയ്‌സ് ഓഫ് ബലൂച്ച് മിസ്സിംഗ് പേഴ്‌സൺസ് (വിബിഎംപി) എന്ന ​ഗ്രൂപ്പും ആരോപിക്കുന്നു.

    തിരിച്ചറിയപ്പെട്ടവരിൽ ഒരാളായ ഷംസ് സതക്‌സായിയെ 2017-ൽ പാകിസ്ഥാൻ സുരക്ഷാ സേന തട്ടികൊണ്ടുപോയി ഒളിവിൽ പാർപ്പിച്ചതായാണ് ആരോപിക്കപ്പെടുന്നത്. ഷെഹ്‌സാദ് ആണ് സിയാറത്ത് ഓപ്പറേഷനിൽ കൊല്ലപ്പെട്ട രണ്ടാമത്തെ വ്യക്തി. 2022 ജൂൺ 4-നാണ് ഇയാളെ കാണാതായത്. മൂന്നാമത്തെ മൃതദേഹം പഞ്ച്ഗൂർ സ്വദേശിയും വിദ്യാർത്ഥിയുമായ സലിം കരീമിന്റെതാണെന്ന് തിരിച്ചറിഞ്ഞു. 2022 ഏപ്രിലിൽ ക്വെറ്റയിലേക്കുള്ള യാത്രാമധ്യേയാണ് അദ്ദേഹത്തെ കാണാതായത്. നാലാമത്തേത് എഞ്ചിനീയർ സഹീർ ബംഗുൽസായിയുടേതാണ്. ക്വറ്റയിലെ എയർപോർട്ട് റോഡിൽ നിന്ന് 2021 ഒക്ടോബർ 7-ന് ഇയാളെയും ബലം പ്രയോ​ഗിച്ചു കൊണ്ടു പോയി ഒളിവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു എന്നാണ് ആരോപണം. അഞ്ചാമത്തെ മൃതദേഹം ഫിസിയോതെറാപ്പിസ്റ്റായ ഡോ. മുഖ്താറിന്റേതാണ്. ഇയാളെ 2022 ജൂൺ 11-ന് ക്വറ്റയിൽ നിന്ന് ബലമായി പിടിച്ചു കൊണ്ടുപോയതാണെന്ന് കുടുംബാം​ഗങ്ങളും വോയ്‌സ് ഓഫ് ബലൂച്ച് മിസ്സിംഗ് പേഴ്‌സൺസും പറയുന്നു. വ്യാജ ഏറ്റുമുട്ടലിലെ ആറാമത്തെ ഇര ഷാ ബക്ഷ് മാരി എന്നയാളാണ്.

    ബലൂചിസ്ഥാനിൽ മുൻപും ഇത്തരം വ്യാജ ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാണാതായവരെ കലാപകാരികളും തീവ്രവാദികളുമായി ചിത്രീകരിച്ച് സൈന്യം വധിച്ചതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണേഷ്യയിലെ സമാധാനത്തിനും ജനാധിപത്യത്തിനും വേണ്ടി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവെല്ലാം ഈ ഏറ്റുമുട്ടലിനെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. പാകിസ്ഥാൻ സുപ്രീം കോടതി സ്വമേധയാ നടപടിയെടുത്ത് കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.
    "നിർബന്ധിത തിരോധാനം (Enforced disappearance) ഒരു കുറ്റകൃത്യമാണ്. ഒരു വ്യാജ ഏറ്റുമുട്ടലിൽ, തീവ്രവാദിയെന്നു മുദ്രകുത്തി, കാണാതായ ഒരാളെ കൊല്ലുന്നതും കുറ്റകരമാണ്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഇതെല്ലാം'', ഇവർ ട്വീറ്റ് ചെയ്തു.

    ''ഇത്തരം വംശഹത്യകൾ തടയാനുള്ള ഏക മാർഗം ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യമാണ്. ഈ ഫാസിസ്റ്റ് പഞ്ചാബി ഭരണകൂടത്തിന് ബലൂചിസ്ഥാന്റെ വിഭവങ്ങളിൽ മാത്രമാണ് താൽപര്യമുള്ളത്, ജനങ്ങളുടെ ക്ഷേമത്തിലല്ല. നമ്മുടെ ഭാവി തലമുറയെ സംരക്ഷിക്കണമെങ്കിൽ പോരാടിയേ തീരൂ'', ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ചീഫ് ബഷീർ സൈബ് ബലോച്ച് വീഡിയോ പ്രസ്താവനയിൽ പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്തണമെന്നും ബലൂച് വംശഹത്യ അവസാനിപ്പിക്കാൻ ഇടപെടണമെന്നും ബലൂച് ലിബറേഷൻ ആർമി നേതാക്കൾ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

    ബലൂചിസ്ഥാനിൽ നിർബന്ധിത തിരോധാനങ്ങളിലൂടെ കാണാതാകുന്നവരെ ഘട്ടം ഘട്ടമായുള്ള ഏറ്റുമുട്ടലുകളിൽ നിയമവിരുദ്ധമായി വധിക്കുന്നത് ഒരു പുതിയ കാര്യമല്ല. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷത്തിനിടെ ആയിരക്കണക്കിന് ബലൂച് ജനതയെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) നിർബന്ധപൂർവം ഒളിവിൽ പാർപ്പിച്ചിട്ടുണ്ടെന്ന് ബലൂച് വിമത ഗ്രൂപ്പുകൾ ആരോപിക്കുന്നു. 2022 ജനുവരി മുതൽ പാകിസ്ഥാൻ സുരക്ഷാ സേനയിലെ കുറഞ്ഞത് 35 ഉദ്യോഗസ്ഥരെ തങ്ങൾ വധിച്ചതായും ഇവർ അവകാശപ്പെടുന്നു. ഇത്തരം വ്യാജ ഏറ്റുമുട്ടലുകൾക്കെതിരെ വ്യാഴാഴ്ച പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

    "ഇത്തരം ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ പരിഹരിക്കുന്നതിൽ പ്രാദേശിക ഭരണകൂടം പരാജയപ്പെടുന്നതിനാൽ, ഈ പ്രശ്നത്തിൽ ഇടപെടാൻ ഞങ്ങൾ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിനോട് അഭ്യർത്ഥിക്കുന്നു", ബലൂച് രാഷ്ട്രീയ പ്രവർത്തകൻ ഡോ.മഹ്‌റംഗ് ബലോച്ച് പറഞ്ഞു.

    കഴിഞ്ഞ 25 വർഷമായി ബലൂചിസ്ഥാൻ പ്രവിശ്യയിൽ നിർബന്ധിത തിരോധാനങ്ങൾ നടക്കുന്നുണ്ട്. ഇവിടെ നിന്നും ആയിരക്കണക്കിന് ആളുകളെ കാണാതായതായതി ചില മനുഷ്യാവകാശ സംഘടനകൾ പറയുന്നു. 2011ൽ നിർബന്ധിത തിരോധാനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഒരു ‌കമ്മീഷൻ രൂപീകരിച്ചെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല.

    2021 ജനുവരിയിൽ, ഇസ്ലാമാബാദ് ഹൈക്കോടതി ഒരു തിരോധാനക്കേസിനെക്കുറിച്ചുള്ള ഒരു ഹർജി പരിഗണിച്ചിരുന്നു. 2015 ലായിരുന്നു ഹർജിയിൽ പറഞ്ഞിരുന്ന ആളെ കാണാതായത്. പൗരന്മാരെ സംരക്ഷിക്കുന്നതിൽ ഭരണകൂടം പരാജയമാണെന്നും ഇതിന് പാകിസ്ഥാൻ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിസഭയും ഉത്തരവാദികളാണെന്നും കോടി വിധിച്ചിരുന്നു. നിർബന്ധിത തിരോധാനങ്ങളെ 'ഏറ്റവും ഹീനവും അസഹനീയവുമായ കുറ്റകൃത്യം' എന്നാണ് കോടതി വിശേഷിപ്പിച്ചത്. ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കനുസരിച്ച്, ഇത്തരത്തിൽ കാണാതായവരെക്കുറിച്ച് 3,200 ലധികം കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.

    വസീറിസ്ഥാൻ പ്രവിശ്യയിലെ ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും

    ജൂലൈ 19: വടക്കൻ വസീറിസ്ഥാനിൽ രണ്ട് കൊലപാതകങ്ങൾ നടന്നു. ഹുർമാസിൽ നിന്നുള്ള ഉമർ എന്ന യുവാവാണ് ആദ്യം കൊല്ലപ്പെട്ടത്. ഉമറിന് അനുശോചനമറിയിക്കാനെത്തിയ ബകാഖേലിലെ മറ്റൊരു യുവാവ് പിന്നീട് കൊല്ലപ്പെട്ടു.

    ജൂലൈ 18: വസീറിസ്ഥാനിലെ കൊലപാതകങ്ങൾക്കെതിരെ പ്രതിധേഷിച്ച് ഒരു കുത്തിയിരിപ്പ് സമരം ആരംഭിച്ചു.

    ജൂലൈ 16: മക്കിനിലെ ആദിവാസി മൂപ്പനായ ബഖ്മലി ജാൻ, വടക്കൻ വസീറിസ്ഥാനിലെ ഷാമിറായിയിലെ ഹമീദ് ഖാൻ എന്നിവർ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലായി കൊല്ലപ്പെട്ടു.

    ജൂലൈ 14: ജമിയത്ത് ഉലമ-ഇ-ഇസ്ലാമിന്റെ മുൻ സ്ഥാനാർത്ഥി ഖാരി സമിയുദ്ദീനും ഖാരി നൗമാൻ എന്നയാളും മിർ അലിയിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടു.

    ജൂലൈ 12: ഈഡക്കിലെ മെയിൻ മിറാലി മിരാൻ ഷാ റോഡിൽ അജ്ഞാതർ നടത്തിയ ഏറ്റുമുട്ടലിൽ ജമിയത്ത് ഉലമ-ഇ-ഇസ്‌ലാമിന്റെ ചെയർമാനായ മാലിക് മുർതാസ കൊല്ലപ്പെട്ടു.
    Published by:Amal Surendran
    First published: