സ്റ്റോക്കോം: അപ്പാർട്ട്മെന്റിൽ 28 വർഷത്തോളം മകനെ പൂട്ടിയിട്ടെന്നാരോപിച്ച് സ്വീഡനിൽ സ്ത്രീയെ അറസ്റ്റുചെയ്തു. പൂട്ടിയിടപ്പെട്ട മകന് പോഷകാഹാര കുറവുണ്ടെന്നും പല്ലുകൾ ഇല്ലായിരുന്നുവെന്നും സ്റ്റോക്കോം പൊലീസ് വക്താവ് ഒല ഓസ്റ്റർലിങ്ങിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. തെക്കൻ സ്റ്റോക്കോമിലെ നഗരമായ ഹാനിങ്ങിലെ അപ്പാർട്ട്മെന്റിലാണ് യുവാവിനെ ദീർഘകാലമായി പൂട്ടിയിട്ടിരുന്നത്.
അതേസമയം, 28 വർഷമായി ഇയാൾ തടവിലാണെന്ന റിപ്പോർട്ടുകളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നു പൊലീസ് വക്താവ് പറഞ്ഞു. 12 വയസ്സുള്ളപ്പോൾ അമ്മ മകന്റെ സ്കൂൾ പഠനം അവസാനിപ്പിക്കുകയും അപ്പാർട്ട്മെന്റിനുള്ളിൽ പൂട്ടിയിടുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. 70 വയസ്സായ അമ്മയെ ചികിത്സാർത്ഥം ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ, ഒരു ബന്ധുവാണു വീടിനുള്ളിൽ പൂട്ടിയിടപ്പെട്ട മകനെ ഞായറാഴ്ച കണ്ടെത്തിയത്. ഇയാൾക്ക് ഇപ്പോൾ 40 വയസ് പ്രായമുണ്ട്.
'അദ്ദേഹം ആശുപത്രിയിലാണ്, ജീവനു ഭീഷണിയല്ല' എന്നു മാത്രമാണ് ഇതേക്കുറിച്ചു പൊലീസ് വക്താവ് പ്രതികരിച്ചത്. കാലിൽ വ്രണം ബാധിച്ചിരുന്ന ഇയാൾക്കു നടക്കാൻ പ്രയാസമുണ്ട്. പല്ലുകളുണ്ടായിരുന്നില്ല. സംസാരശേഷി പരിമിതമായിരുന്നു എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുറ്റകൃത്യങ്ങൾ അമ്മ നിഷേധിച്ചതായി സ്വീഡിഷ് പ്രോസിക്യൂഷൻ അതോറിറ്റി അറിയിച്ചു. യുവാവിനെ പൂട്ടിയ മുറിയിൽ മൂത്രവും അഴുക്കും പൊടിയും ഉണ്ടായിരുന്നെന്നും ദുർഗന്ധം പരന്നിരുന്നെന്നും ബന്ധു പ്രാദേശിക മാധ്യമത്തോടു പറഞ്ഞു. വർഷങ്ങളായി ശുചിയാക്കാതെ കിടക്കുകയായിരുന്നുവെന്നും ബന്ധു പറയുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.