അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് സര്‍വകലാശാലകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏര്‍പ്പെടുത്തിയ വിലക്കിനെ ന്യായീകരിച്ച് താലിബാന് വൃത്തങ്ങള്‍. സ്ത്രീകളുടെ അവകാശങ്ങള്‍ മുൻഗണനാ വിഷയമല്ലെന്ന തരത്തിലാണ് താലിബാന് പ്രതിനിധിയുടെ പ്രതികരണം. തങ്ങള്‍ ഇസ്ലാമിക-ശരിയത്ത് നിയമങ്ങളനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിനനുസരിച്ചാണ് സ്ത്രീ വിദ്യാഭ്യാസത്തില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതെന്നും താലിബാന് മുഖ്യവക്താവ് സബീബുള്ള മുജാഹിദ്ദ് പറഞ്ഞു.
” ഇസ്ലാമിക്-ശരിയത്ത് നിയമങ്ങളനുസരിച്ചാണ് രാജ്യം പ്രവര്‍ത്തിക്കുന്നത്. ആ നിയമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കില്ല,’ സബീബുള്ള പറഞ്ഞു. അതേസമയം താലിബാന് സര്‍ക്കാരിന്റെ സ്ത്രീ വിരുദ്ധ നയങ്ങള്‍ക്കെതിരെ ലോകരാജ്യങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 24നാണ് വനിതാ തൊഴിലാളികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി താലിബാന് ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നീടാണ് സര്‍വ്വകലാശാലകളില്‍ സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
മുമ്പ് പെണ്‍കുട്ടികള്‍ക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസം നിരോധിച്ചും താലിബാന് രംഗത്തെത്തിയിരുന്നു. കൂടാതെ പൊതുയിടങ്ങളില്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന പര്‍ദ്ദ ധരിച്ച് മാത്രമേ സ്ത്രീകള്‍ എത്താവുവെന്നും ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് അമേരിക്കയുൾപ്പെടെയുള്ള ലോക രാജ്യങ്ങള്‍ താലിബാന്റെ സ്ത്രീവിരുദ്ധ നയങ്ങൾക്കെതിരെ രംഗത്തെത്തിയത്. സ്ത്രീകള്‍ക്ക് നേരെയുള്ള ഇത്തരം മനുഷ്യത്വ രഹിതമായ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അമേരിക്ക ഐക്യരാഷ്ട്ര സഭയെ സമീപിച്ചിരുന്നു.
Also read- അഫ്ഗാനിസ്ഥാനിൽ പുരുഷ ഡോക്ടർമാർ സ്ത്രീകളെ ചികിത്സിക്കരുതെന്ന് താലിബാൻ
എന്നാല്‍ രാജ്യം പ്രവര്‍ത്തിക്കുന്നത് ചില മതപരമായ വിശ്വാസങ്ങളിലാണെന്നും അതില്‍ കൈകടത്തി ധ്രൂവീകരണം നടത്തതരുതെന്നുമായിരുന്നു ഇതിന് താലിബാന് നല്കിയ മറുപടി. എന്നാല്‍ രക്ഷാ സമിതിയിലെ പതിനൊന്ന് അംഗ സമിതി താലിബാന്റെ സ്ത്രീവിരുദ്ധ നയത്തിനെതിരെ രംഗത്തെത്തിയിരുന്നു.അമേരിക്ക, ബ്രിട്ടണ്, ഫ്രാന്‍സ് എന്നീ അംഗങ്ങളടങ്ങിയ സമിതിയാണ് സ്ത്രീകള്‍ക്കെതിരെയുള്ള വിലക്കുകള്‍ താലിബാന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവനയിറക്കിയത്.
എന്നാല്‍ തങ്ങളുടെ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് താലിബാന് സര്‍ക്കാര്‍. സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന നയങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാല്ലെന്ന സൂചനയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്നത്. അഫ്ഗാനിസ്താനില്‍ താലിബാന് അധികാരം പിടിച്ചതിന് പിന്നാലെതന്നെ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ കര്‍ട്ടനിട്ട് വേര്‍തിരിച്ച പ്രത്യേക ക്ലാസ് മുറികള്‍ ഏര്‍പ്പെടുത്തുകയും പെണ്‍കുട്ടികളെ വനിതാ അധ്യാപകരേ പഠിപ്പിക്കാവൂ എന്ന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നത് വിവാദമായിരുന്നു.
ഇതിന് പിന്നാലെയാണ് സര്‍വകശാലകളില്‍ വിലക്കേര്‍പ്പെടുത്തിയത്. അതേസമയം അഫ്ഗാനിസ്താനില്‍ സ്ത്രീകളെ ചികിത്സിക്കരുതെന്ന് പുരുഷ ഡോക്ടര്‍മാരോട് താലിബാന് സര്‍ക്കാര്‍ ഉത്തരവിട്ടതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഉത്തരവ് നടപ്പാകുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ എല്ലാ ആശുപത്രികളിലും പരിശോധന നടത്തുമെന്നും താലിബാന് ഉത്തരവില്‍ പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.