• HOME
 • »
 • NEWS
 • »
 • world
 • »
 • World Food Day 2021 | ഇന്ന് ലോക ഭക്ഷ്യദിനം: പട്ടിണിയില്ലാത്ത ലോകം സൃഷ്ടിക്കാൻ നമുക്കുമാകാം 'ഫുഡ് ഹീറോസ്'

World Food Day 2021 | ഇന്ന് ലോക ഭക്ഷ്യദിനം: പട്ടിണിയില്ലാത്ത ലോകം സൃഷ്ടിക്കാൻ നമുക്കുമാകാം 'ഫുഡ് ഹീറോസ്'

ആഗോളതലത്തിൽ പട്ടിണി തുടച്ചുമാറ്റുക എന്ന വലിയ ലക്ഷ്യമാണ് ഈ ദിനാചരണത്തിന് പിന്നിലുള്ളത്

 • Last Updated :
 • Share this:
  ലോകമെമ്പാടും ഒക്റ്റോബർ 16 ലോക ഭക്ഷ്യദിനമായാണ് ആചരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ ഫുഡ് ആൻഡ് അഗ്രിക്കൾച്ചറൽ ഓർഗനൈസേഷൻ (എഫ് എ ഓ) ആണ് ലോക ഭക്ഷ്യ ദിനാചരണത്തിന് തുടക്കമിട്ടത്. വളരെ പ്രധാനപ്പെട്ട സാമൂഹ്യ പ്രശ്നങ്ങളിലൊന്നായ പട്ടിണിയെ ചെറുത്തു തോൽപ്പിക്കുന്നതിനും എല്ലാവർക്കും ആരോഗ്യകരമായ ഭക്ഷണം ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനുമുള്ള അവബോധം സൃഷ്ടിക്കാനും കൂട്ടായ പ്രവർത്തനങ്ങൾക്ക് തുടക്കമിടാനും ലോക ഭക്ഷ്യദിനം ആഹ്വാനം ചെയ്യുന്നു.

  എഫ് എ ഓ, യു എൻ എച്ച് സി ആർ, ഐക്യരാഷ്ട്ര സംഘടനയുടെ റെഫ്യൂജി ഏജൻസി, വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ള്യൂ എഫ് പി) എന്നിവയുടെ കൂട്ടായ നേതൃത്വത്തിലാണ് ഈ വർഷം ലോക ഭക്ഷ്യദിനാചരണം സംഘടിപ്പിക്കപ്പെടുന്നത്. ലോകമെമ്പാടുമുള്ള 150 രാജ്യങ്ങളിൽ അവിടത്തെ സർക്കാരുകളുമായും വിവിധ സംഘടനകളുമായും സഹകരിച്ച് ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനാ അറിയിച്ചു. "ആരോഗ്യകരമായ നാളേയ്ക്കായി ഇന്ന് സുരക്ഷിതമായ ഭക്ഷണം" എന്നതാണ് ഈ വർഷത്തെ ഭക്ഷ്യദിനത്തിന്റെ ഔദ്യോഗിക പ്രമേയം.

  1945-ൽ ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ കാർഷിക സംഘടന സ്ഥാപിച്ചതിന്റെ വാർഷികദിനമായതിനാലാണ് എല്ലാ വർഷവും ഒക്റ്റോബർ 16-ന് ലോക ഭക്ഷ്യദിനം ആചരിക്കുന്നത്. 1981 മുതൽ ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യം വിളിച്ചോതുന്ന വിവിധ പ്രമേയങ്ങൾ ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി സ്വീകരിച്ചു തുടങ്ങി. പട്ടിണി, പോഷകാഹാരക്കുറവ്, സുസ്ഥിരത, ഭക്ഷ്യ ഉത്പാദനം തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനുള്ള പ്രധാന മാർഗങ്ങളിലൊന്നായി പിന്നീട് ഭക്ഷ്യദിനാചരണം മാറി. ആഗോളതലത്തിൽ പട്ടിണി തുടച്ചുമാറ്റുക എന്ന വലിയ ലക്ഷ്യമാണ് ഈ ദിനാചരണത്തിന് പിന്നിലുള്ളത്.

  ആർക്കും പട്ടിണി കിടക്കേണ്ടി വരാത്ത ഒരു സുസ്ഥിരലോകം കെട്ടിപ്പടുക്കാൻ തങ്ങളുടേതായ നിലയിൽ സംഭാവന ചെയ്യുന്ന വ്യക്തികളെയും 'ഫുഡ് ഹീറോസിനെയും' ആദരിക്കുന്നതിനും അനുമോദിക്കുന്നതിനുമാണ് ഈ വർഷത്തെ ഭക്ഷ്യദിനം ഊന്നൽ നൽകുന്നത്. 2020-ലെ ലോക ഭക്ഷ്യദിനത്തിന്റെ പ്രമേയം "നമ്മുടെ പ്രവൃത്തികളാണ് നമ്മുടെ ഭാവി" എന്നതായിരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ യാതന അനുഭവിക്കുന്ന ദശലക്ഷക്കണക്കിന് മനുഷ്യരുടെ കഷ്ടപ്പാടുകൾ കണക്കിലെടുത്താണ് ഈ പ്രമേയം തീരുമാനിക്കപ്പെട്ടത്.

  "കോവിഡ് 19 മഹാമാരി നമ്മുടെ ജീവിതത്തിന്റെ പാതയിൽ അടിയന്തിരമായ മാറ്റം വേണമെന്ന കാര്യം അടിവരയിട്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിച്ചു വന്നിരുന്ന കർഷകരുടെ ജീവിതം മഹാമാരി കൂടുതൽ ദുരിതത്തിലാക്കി. നഗരവാസികൾക്ക് കൂടുതലായി ഭക്ഷ്യ ബാങ്കുകളെ ആശ്രയിക്കേണ്ടി വരികയും ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് അടിയന്തിര ഭക്ഷ്യസഹായം എത്തിച്ചു നൽകേണ്ടി വരികയും ചെയ്യുന്ന വിധത്തിൽ ദാരിദ്ര്യം വർദ്ധിക്കുകയാണ്. 2050 ആകുമ്പോഴേക്കും 10 ബില്യൺ ജനങ്ങളെ പരിപാലിക്കാൻ കഴിയുന്ന വിധത്തിൽ സുസ്ഥിരമായ കാർഷിക, ഭക്ഷ്യ സംവിധാനങ്ങൾ നമുക്ക് ആവശ്യമാണ്", ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ കാർഷിക സംഘടന തങ്ങളുടെ വെബ്‌സൈറ്റിൽ പരാമർശിക്കുന്നു. ഭക്ഷ്യോത്പാദനത്തിലും ഉപഭോഗത്തിലും വരുത്തേണ്ട മാറ്റങ്ങൾ ചർച്ച ചെയ്യുന്നതിനായി യു എൻ ജനറൽ സെക്രട്ടറി കഴിഞ്ഞ സെപ്റ്റംബറിൽ ആദ്യത്തെ ഫുഡ് സിസ്റ്റംസ് ഉച്ചകോടി വിളിച്ചു ചേർക്കുകയും ചെയ്തിരുന്നു.
  Published by:Karthika M
  First published: