• HOME
 • »
 • NEWS
 • »
 • world
 • »
 • World Habitat Day 2021 | ഇന്ന് ലോക ആവാസ ദിനം; കാർബൺ രഹിത ലോകത്തിനായി കൈകോർക്കാം

World Habitat Day 2021 | ഇന്ന് ലോക ആവാസ ദിനം; കാർബൺ രഹിത ലോകത്തിനായി കൈകോർക്കാം

പ്രകൃതിയേയും അതിലെ ആവാസവ്യവസ്ഥാകേന്ദ്രങ്ങളെയും സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത ലോക ആവാസ ദിനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു

 • Share this:
  ഇന്ന് ലോക ആവാസ ദിനം. പ്രകൃതിയെയും ആവാസവ്യവസ്ഥാ കേന്ദ്രങ്ങളെയും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനായി യു.എൻ ആഹ്വാന പ്രകാരം ഒക്ടോബറിലെ ആദ്യ തിങ്കളാഴ്ച ആവാസ ദിനമായി ആചരിക്കുന്നു.

  പരിസ്ഥിതിയും പ്രകൃതിയും വൻതോതിൽ വേട്ടയാടപ്പെടുന്ന ഈ കാലഘട്ടത്തിൽ അവയെ സംരക്ഷിക്കണമെന്ന സന്ദേശത്തിന് വലിയ പ്രസക്തിയാണുള്ളത്. മനുഷ്യനുൾപ്പടെയുള്ള ജീവജാലങ്ങളുടെ അതിജീവനത്തിനായി പ്രകൃതിയേയും അതിലെ ആവാസവ്യവസ്ഥാകേന്ദ്രങ്ങളെയും സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത ലോക ആവാസ ദിനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

  പ്രവചിക്കപ്പെട്ടിട്ടുള്ളതിലും വേഗത്തിലാണ് ആഗോള താപനം നടക്കുന്നത്. കാർബൺ ഡൈ ഓക്സൈഡ്, മീഥെയ്ൻ തുടങ്ങിയ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് തടയാൻ അടിയന്തര നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ലോക ആവാസ ദിനം ബോധ്യപ്പെടുത്തുന്നു.

  ഐക്യരാഷ്ട്രസഭയുടെ നിഗമനപ്രകാരം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നതിന്റെ 70 ശതമാനവും നഗരങ്ങളിൽ നിന്നാണ്. ഇതിന് ഏറ്റവും വലിയ സംഭാവന നൽകുന്നത് വാഹനങ്ങളും കെട്ടിടങ്ങളും മാലിന്യ സംസ്കരണവുമാണ്. അതിനാൽ സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുന്നതിന് നമ്മുടെ നഗരങ്ങളെ പുതുക്കി പണിയേണ്ടതുണ്ട്. 'കാർബൺ രഹിത ലോകത്തിനായി നഗരങ്ങളിൽ പ്രവർത്തിച്ചു തുടങ്ങാം' എന്നതാണ് 2021ലെ ലോക ആവാസ ദിനത്തിന്റെ പ്രമേയം

  ഐക്യരാഷ്ടസഭയുടെ ജനറല്‍ അസംബ്ലി 1985 ഡിസംബറിലാണ് ലോക ആവാസ ദിനാചരണം പ്രഖ്യാപിച്ചത്. പാര്‍പ്പിടത്തോടൊപ്പം, ശുദ്ധമായ കുടിവെള്ളം, ശൗചാലയം , ആരോഗ്യപരിപാലനം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങള്‍ക്ക് ലഭ്യമാക്കണം എന്ന കാഴ്ചപ്പാടോടെയാണ് ദിനാചരണം ആരംഭിച്ചത്. ലോകത്ത് 1.6 ബില്യണ്‍ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട പാര്‍പ്പിട സൗകര്യമില്ലെന്നും 100 ദശലക്ഷത്തോളം പേര്‍ ഭവനരഹിതരാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

  1985 ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി (UNGA) ലോക ആവാസ വ്യവസ്ഥ ദിനം ആചരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു. 1986ൽ കെനിയയിലെ നെയ്‌റോബിയിൽ 'അഭയം എന്റെ അവകാശം' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ആദ്യത്തെ ലോക ആവാസ ദിനം ആചരിച്ചു.

  ഓരോ വർഷവും ഓരോ വിഷയങ്ങളായിരിക്കും ലോക ആവാസ ദിനത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കുക. 'അഭയവും നഗരവൽക്കരണവും', 'എല്ലാവർക്കും ഭവനം- ഒരു മികച്ച നഗര ഭാവി', 'വീടില്ലാത്തവർക്കുള്ള അഭയം', 'ഭാവി നഗരങ്ങൾ' എന്നീ വിഷയങ്ങൾ മുൻ ലോക ആവാസ ദിന പരിപാടികളുടെ വിഷയങ്ങൾ ആയിരുന്നു. ആവാസവ്യവസ്ഥ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ ഹ്യൂമൻ സെറ്റിൽമെന്റ്സ് പ്രോഗ്രാം 1989-ൽ UN- ഹാബിറ്റാറ്റ് സ്ക്രോൾ ഓഫ് ഓണർ അവാർഡ് അവതരിപ്പിച്ചു.

  പ്രകൃതി ദുരന്തങ്ങൾ, കാലാവസ്ഥാ പ്രതിസന്ധി എന്നിവ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാണെന്ന വസ്തുതയിൽ നിന്നാണ് ആഗോള തലത്തിൽ ഇത്തരമൊരു സംരംഭത്തിന്റെ പ്രാധാന്യം. ശരിയായ കെട്ടിട സാങ്കേതിക വിദ്യകളുടെ അഭാവവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഭൂമിയിലെ ആവാസവ്യവസ്ഥയെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുകയാണ്.

  ദ്രുതഗതിയിലുള്ള നഗരവൽക്കരണം ആസൂത്രിതമല്ലാത്ത നഗരങ്ങളെ സൃഷ്ടിക്കുകയും പരിസ്ഥിതിയെ നശിപ്പിക്കുകയും ചെയ്യുന്നു. പരിസ്ഥിതിയിലെ ഇതിന്റെ പ്രതിഫലനം മനുഷ്യ ആവാസ വ്യവസ്ഥയെ ബാധിക്കുന്നു.ഏകദേശം 70% കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് നഗരങ്ങളിൽ നിന്നുമാണ് അതിനാലാണ് ഈ വർഷത്തെ ആവാസ ദിനത്തിന്റെ ലക്ഷ്യം കാർബൺ രഹിത ലോകം ആകുന്നത്. ഇതിനായി നഗരങ്ങളിൽ നിന്നും പ്രവർത്തിച്ചു തുടങ്ങേണ്ടതുണ്ട്.

  ഉചിതമായ ആവാസ വ്യവസ്ഥകൾ കൊണ്ടുവരിക, ഭവനരഹിതരുടെ ദുരവസ്ഥ ഉയർത്തിക്കാട്ടുക, മനുഷ്യവാസ കേന്ദ്രങ്ങളും നഗരജീവിതത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തുക, നഗര വ്യാപനത്തിന്റെ പ്രതിസന്ധി ഒഴിവാക്കുക എന്നിവയാണ് ഇതിനായുള്ള ശ്രമങ്ങൾ. മനുഷ്യന്റെ ആവാസവ്യവസ്ഥയുടെ ഭാവി സംരക്ഷിക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും കൂട്ടായ ഉത്തരവാദിത്തമാണ്.
  Published by:Karthika M
  First published: