HOME » NEWS » World » WORLD PRESS FREEDOM DAY IS OBSERVED ON MAY 3 MM

World Press Freedom Day | ലോക പത്രസ്വാതന്ത്ര്യദിനം 2021: വിശേഷ ദിവസത്തിന്റെ ചരിത്രം, പ്രാധാന്യം, പ്രമേയം എന്നിവ അറിയാം

1993-ലാണ് ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലി മെയ് 3 പത്രസ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ചത്

News18 Malayalam | news18-malayalam
Updated: May 3, 2021, 6:47 PM IST
World Press Freedom Day | ലോക പത്രസ്വാതന്ത്ര്യദിനം 2021: വിശേഷ ദിവസത്തിന്റെ ചരിത്രം, പ്രാധാന്യം, പ്രമേയം എന്നിവ അറിയാം
ഇന്ന് ലോക പത്രസ്വാതന്ത്ര്യദിനം
  • Share this:
ജനാധിപത്യത്തിന്റെ നാലാം തൂൺ എന്നാണ് മാധ്യമങ്ങളെ വിശേഷിപ്പിക്കാറുള്ളത്. സത്യാന്വേഷണത്തിന്റെ ഭാഗമായി റിപ്പോർട്ടർമാരും എഡിറ്റർമാരും ഫോട്ടോഗ്രാഫർമാരും ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകർ സ്വന്തം ജീവൻ വരെ അപായപ്പെടുത്തുന്ന രീതിയിൽ കർമനിരതരായിട്ടുള്ള അനുഭവം നമുക്കു മുന്നിലുണ്ട്. അവരുടെ ഉത്തരവാദിത്തം ഏറ്റവും സത്യസന്ധമായും സ്വതന്ത്രമായും നിർവഹിക്കണമെങ്കിൽ ജനാധിപത്യ രാജ്യങ്ങളുടെ ഭരണഘടനയും ലോക മനുഷ്യാവകാശ പ്രഖ്യാപനവും ഉറപ്പു നൽകുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും പാലിക്കപ്പെടേണ്ടത് അനിവാര്യമാണ്.

മെയ് 3-ന് ലോക പത്രസ്വാതന്ത്ര്യദിനം ആചരിക്കുന്ന വേളയിൽ ഈ ദിനാചരണത്തിന്റെ ചരിത്രവും പ്രാധാന്യവും എന്താണെന്ന് നമുക്ക് അറിയാം.

ചരിത്രം

1993-ലാണ് ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലി മെയ് 3 പത്രസ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ചത്. 1991-ൽ നടന്ന യുനെസ്‌കോയുടെ 26-ാം ജനറൽ കോൺഫറൻസിൽ ഉയർന്നുവന്ന ശുപാർശയെ തുടർന്നാണ് ഈ പ്രഖ്യാപനം ഉണ്ടായത്. 1991-ലെ വിൻഡ്ഹോക്ക് പ്രഖ്യാപനവും ഇതിനൊരു കാരണമായിട്ടുണ്ട്. മെയ് 3-ന് അവസാനിച്ച യുനെസ്‌കോയുടെ ഒരു സെമിനാറിൽ ആഫ്രിക്കയിൽ നിന്നുള്ള മാധ്യമപ്രവർത്തകർ പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് അവതരിപ്പിച്ച ഒരു പ്രസ്താവനയായിരുന്നു അത്.

പ്രാധാന്യം

മാധ്യമപ്രവർത്തന സ്വാതന്ത്ര്യത്തിന് നേരെ ഉയരുന്ന അതിക്രമങ്ങൾക്കെതിരെ മാധ്യമങ്ങൾക്ക് സംരക്ഷണവും സുരക്ഷയും ഉറപ്പുവരുത്തുക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം മാധ്യമ ധർമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനും സത്യം തേടിയുള്ള അന്വേഷണത്തിന്റെ ഭാഗമായി ജീവൻ ത്യജിക്കേണ്ടി വന്ന മഹാന്മാരായ പത്രപ്രവർത്തകരെ അനുസ്മരിക്കാനും ഈ അവസരം വിനിയോഗിക്കപ്പെടുന്നു.

ചൈന, ഉത്തര കൊറിയ, വിയറ്റ്നാം, ലാവോസ്, എറിട്രിയ, ജിബൗട്ടി, തുർക്ക്മെനിസ്ഥാൻ, സൗദി അറേബ്യ, ഇറാൻ, ക്യൂബ എന്നീ പത്ത് രാജ്യങ്ങളിൽ പത്രസ്വാതന്ത്ര്യം വളരെയധികം പരിമിതമാണ്. നിരവധി പ്രസാധകരും എഡിറ്റർമാരും റിപ്പോർട്ടർമാരും പലപ്പോഴും അവരുടെ പ്രവൃത്തികൾ ചെയ്യുന്നതിൽ നിന്ന് വിലക്കപ്പെടുകയോ തടയപ്പെടുകയോ ഒക്കെ ചെയ്തിട്ടുണ്ടെന്ന് നമ്മെ ഓർമപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട് പത്രസ്വാതന്ത്ര്യദിനം. പലരും പത്രപ്രവർത്തനത്തിന്റെ പേരിൽ കൊല്ലപ്പെടുകയോ ജയിലിൽ അടയ്ക്കപ്പെടുകയോ ചെയ്യപ്പെട്ടിട്ടുള്ള ചരിത്രവും നമ്മുടെ മുന്നിലുണ്ട്.

ഔദ്യോഗിക വിഷയം

'വിവരം ഒരു പൊതുസ്വത്ത്' എന്നതാണ് ഈ വർഷത്തെ പത്രസ്വാതന്ത്ര്യദിനത്തിന്റെ ഔദ്യോഗിക വിഷയം. ആഗോളതലത്തിൽ വിവരങ്ങൾ കൈകാര്യം ചെയ്യുകയും കാര്യക്ഷമമായ രീതിയിൽ അവ ഉപയോഗിക്കുകയും ആഗോള പൗരന്മാരിൽ എത്തിക്കുകയും ഒപ്പം തങ്ങളുടെ മാധ്യമപ്രവർത്തകരെ ശാക്തീകരിക്കുകയും ചെയ്യുന്ന മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രസക്തമായ വിഷയമാണ് ഇത്.

യുനെസ്‌കോയുടെ നിർദ്ദേശപ്രകാരം 2021-ലെ പത്രസ്വാതന്ത്ര്യദിനത്തിലെ ലോക സമ്മേളനത്തിൽ പ്രധാനമായും ഉന്നയിക്കപ്പെടേണ്ട മൂന്ന് വിഷയങ്ങൾ ഇവയാണ്: വാർത്താ മാധ്യമങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിന് സ്വീകരിക്കേണ്ട നടപടികൾ, ഇന്റർനെറ്റ് കമ്പനികളുടെ സുതാര്യത ഉറപ്പു വരുത്തുന്നതിനുള്ള സംവിധാനം, ഒരു പൊതുസ്വത്ത് എന്ന നിലയിലുള്ള വിവരങ്ങളുടെ സുപ്രധാന ഭാഗമായ മാധ്യമപ്രവർത്തനത്തെ തിരിച്ചറിയാനും വിലമതിക്കാനും ഒപ്പം പ്രതിരോധിക്കാനും ആവശ്യങ്ങളുയർത്താനും ജനങ്ങളെ പ്രാപ്തരാക്കുന്ന രീതിയിലുള്ള വർദ്ധിത മാധ്യമ സാക്ഷരത.

Keywords: Journalism, World Press Freedom Day, Press Freedom, Media Literacyമാധ്യമപ്രവർത്തനം, ലോക പത്രസ്വാതന്ത്ര്യദിനം, പത്രസ്വാതന്ത്ര്യം, മാധ്യമ സാക്ഷരത
Published by: user_57
First published: May 3, 2021, 6:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories