• HOME
 • »
 • NEWS
 • »
 • world
 • »
 • World Tourism Day | ലോക ടൂറിസം ദിനം: അബുദാബിയിലെ സാംസ്കാരിക തനിമ വിളിച്ചോതുന്ന ആറ് ഇടങ്ങൾ

World Tourism Day | ലോക ടൂറിസം ദിനം: അബുദാബിയിലെ സാംസ്കാരിക തനിമ വിളിച്ചോതുന്ന ആറ് ഇടങ്ങൾ

അൽ ഐനിൻ്റെ പ്രശാന്തത മുതൽ ലൂവർ അബുദാബിയുടെ അത്ഭുതം വരെ അവധി ദിനങ്ങൾ ആസ്വദിക്കാനാകുന്ന ഇടങ്ങളെ കുറിച്ച് ഈ ലോക ടൂറിസം ദിനത്തിൽ അറിയാം.

 • Share this:
  അവധി ദിനങ്ങൾ ആസ്വദിക്കാൻ സാംസ്കാരിക തനിമ വിളിച്ചോതുന്ന സ്ഥലങ്ങളാണ് നിങ്ങൾ തേടുന്നതെങ്കിൽ അബുദാബി ഒരു മികച്ച ഓപ്ഷൻ തന്നെയാണ്. മാളുകൾക്കും ഷോപ്പിംഗിനും അപ്പുറത്ത് യുഎഇയുടെ തലസ്ഥാനത്ത് കാഴ്ചകളുടെ മറ്റൊരു ലോകം തന്നെയുണ്ട്. ഇവിടുത്തെ പല സാംസ്കാരിക-കലാ കേന്ദ്രങ്ങളും ആരെയും ആകർഷിക്കുന്നതാണ്. അൽ ഐനിൻ്റെ പ്രശാന്തത മുതൽ ലൂവർ അബുദാബിയുടെ അത്ഭുതം വരെ അവധി ദിനങ്ങൾ ആസ്വദിക്കാനാകുന്ന ഇടങ്ങളെ കുറിച്ച് ഈ ലോക ടൂറിസം ദിനത്തിൽ അറിയാം.

  ലൂവർ അബുദാബി
  അറബ് ലോകത്തെ ആദ്യ സാർവ്വദേശീയ മ്യൂസിയമാണ് ലൂവർ അബുദാബി. സംസ്കാരങ്ങൾ തമ്മിലുള്ള ബന്ധങ്ങളെയും തുറന്ന സമീപനങ്ങളെയും ഊട്ടിയുറപ്പിക്കുന്നതാണ് ഈ മ്യൂസിയത്തിലെ കാഴ്ചകൾ. സാദിയത്ത് ദ്വീപിലെ ഈ സാംസ്കാരിക സ്ഥാപനം പുരാതന കാലം മുതൽ ഇന്നുവരെയുള്ള സാംസ്കാരികവും ചരിത്രപരവും സാമൂഹികവുമായുള്ള കാര്യങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.  9200 ചതുരശ്ര മീറ്റർ ഗാലറിയിലായാണ് മ്യൂസിയത്തിൽ കാഴ്ചകൾ ഒരുക്കിയിട്ടുള്ളത്. സ്ഥിരം ഗ്യാലറിയും താൽക്കാലിയ ഗ്യാലറിയുമാണ് ഇവിടെയുള്ളത്. മ്യൂസി ഡു ലൂവർ, മ്യൂസി ഡി ഒറാസി, സെൻ്റർ പോംപിഡോ തുടങ്ങിയ പ്രശസ്ത ഫ്രഞ്ച് മ്യൂസിയങ്ങളിൽ നിന്ന് ലഭിച്ച വസ്തുക്കൾ ഉൾപ്പെടെ ഉൾക്കൊള്ളിച്ച് തയ്യാറാക്കിയതാണ് താൽക്കാലിക ഗ്യാലറി.

  കെട്ടിടനിർമ്മാണ കലയിലെ ഒരു മാസ്റ്റർ പീസാണ് മ്യൂസിയം എന്നു തന്നെ പറയാം. പ്രിറ്റ്സ്ക്കർ സമ്മാന ജേതാവ് ജീൻ നോവൽ ആണ് കെട്ടിടം രൂപകൽപ്പന ചെയ്തിട്ടുള്ളത്. വെള്ളവും, പ്രതിഫലിക്കുന്ന പ്രകാശത്തിൻ്റെ സാമീപ്യവുമെല്ലാം ഇതിനെ കൂടുതൽ മനോഹരമാക്കുന്നു. പ്രദേശത്തിൻ്റെ സാംസ്കാരിക വൈവിദ്ധ്യത്തിൽ നിന്നും കെട്ടിടത്തിൻ്റെ പ്രത്യേക സ്ഥാനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് രൂപകൽപ്പന നിർവ്വഹിച്ചിരിക്കുന്നത്. സാദിയാത്ത് ദ്വീപും അറേബ്യൻ കടലിടുക്കും ചേരുന്ന ഇടമാണിത്.

  ഖസർ അൽ ഹൊസ്ൻ
  എന്നും വികസിച്ചുകൊണ്ടിരിക്കുന്ന അബുദാബി പോലൊരു നഗരത്തിൽ ഇപ്പോഴും വലിയ മാറ്റമൊന്നുമില്ലാതെ തുടരുന്ന ചില ഇടങ്ങളുണ്ട്. ഖസർ അൽ ഹൊസ്ൻ അത്തരമൊരു ഇടമാണ്. അബുദാബിയിലെ മിന്നിത്തിളങ്ങുന്ന വൻ കെട്ടിടങ്ങൾക്കിടയിലാണ് നഗരത്തിലെ ഏറ്റവും പഴയ കെട്ടിടം തലയുയർത്തി നിൽക്കുന്നത്. പഴമയും പുതുമയും ചേരുന്ന ദുബായിയുടെ ചരിത്രത്തിലേക്കുള്ള ചൂണ്ടുപലകയാണ് ഈ കെട്ടിടം.

  1790-ൽ നിർമ്മിച്ച ഈ കെട്ടിടം ആദ്യകാലത്ത് ഭരണാധികാരികളുടെ വാസസ്ഥലമായിരുന്നു. ഏതാണ്ട് ഒരു പതിറ്റാണ്ട് നീണ്ടുനിന്ന സംരക്ഷണ, ബലപ്പെടുത്തൽ പ്രവൃത്തികൾക്കൊടുവിൽ 2018-ലാണ് ഈ കെട്ടിടം ഒരു മ്യൂസിയമാക്കി മാറ്റിയത്.

  കെട്ടിടത്തിലേക്ക് കടന്നു ചെല്ലുമ്പോൾ തന്നെ 1795-ൽ നിർമ്മിച്ച ആന്തരിക കോട്ടയും 1939-നും 45-നും ഇടയിൽ നിർമ്മിക്കപ്പെട്ട ബാഹ്യകൊട്ടാരവും കാണാം. മുകളിൽ പഴയ കാലത്തെ നിരീക്ഷണ കേന്ദ്രം ഇപ്പോഴും തലയുയർത്തി നിൽക്കുന്നു. ഇവിടെ ചിലവഴിക്കുന്ന ഓരോ നിമിഷവും ഈ കാഴ്ചകളിലേക്ക് ഊളിയിട്ടിറങ്ങാൻ നമ്മെ പ്രേരിപ്പിക്കും. യുഎഇയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന, 6000 വർഷത്തിലധികം പഴക്കമുള്ള വസ്തുക്കൾ വരെ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. കുട്ടികളെ സംബന്ധിച്ച് അൽപം സാഹസികത നിറഞ്ഞ ഒരു ലോകത്തെത്തിയ അനുഭവമായിരിക്കും ഇവിടം. ചരിത്ര കഥകൾ അവർക്ക് പറഞ്ഞു കൊടുക്കാനുള്ള അവസരമായി ഇത് ഉപയോഗിക്കാം.

  ഹെറിറ്റേജ് വില്ലേജ്
  മരുഭൂമിയിലെ പരമ്പരാഗത ജീവിതരീതി അടുത്തറിയാൻ സഹായിക്കുന്ന ഇടമാണ് അബുദാബിയിലെ ഹെറിറ്റേജ് വില്ലേജ്. കുടുംബമായെത്തുന്ന സന്ദർശകർക്ക് യോജിച്ച രീതിയിലാണ് ഇത് പ്രവർത്തിക്കുന്നത്. ആധുനിക യുഎഇ നിലവിൽ വരുന്നതിന് മുമ്പ് പ്രദേശത്ത് ഉണ്ടായിരുന്ന ഗ്രാമീണ ജീവിതത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള പഴയ കാല ചന്തയും മോസ്ക്കും ക്യാമ്പുമാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്.

  സിറ്റി സെൻ്ററിന് അടുത്തുള്ള മറീന മാൾ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഈ വില്ലേജ് അബുദാബിയുടെ കഴിഞ്ഞ കാലത്തേക്ക് തിരിച്ചുവെച്ച കണ്ണാടിയാണ്. ഇവിടെ ഷോപ്പ് ചെയ്യാനും കരകൗശല വസ്തുക്കൾ വാങ്ങാനും സാധിക്കും.

  പരമ്പരാഗത കരകൗശല നിർമ്മാണത്തിൽ പരിശീലനം നൽകുന്ന ഒരു ഹെറിറ്റേജ് ക്ലബ്ബും ഇവിടെയുണ്ട്. ലോഹനിർമ്മാണം, മൺപാത്രനിർമ്മാണം, നെയ്ത്ത്, നൂൽനൂൽപ്പ് തുടങ്ങിയ പരമ്പരാഗത തൊഴിലുകളുടെ പ്രദർശനവും ഇവിടെയുണ്ട്. പഴയകാല വ്യാപാരം അടുത്തറിയാനും സാധിക്കും. ഇവിടെയുള്ള സ്പൈസ് ഷോപ്പ് സന്ദർശിക്കാൻ സഞ്ചാരികൾ മറക്കരുത്. വിവിധങ്ങളായ ഉണക്കിയ സുഗന്ധവ്യഞ്ജനങ്ങളും കൈകൊണ്ട് നിർമ്മിച്ച സോപ്പുകളും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നൽകാൻ കഴിയുന്ന സുവനീറുകളും ഇവിടെ നിന്ന് ലഭിക്കും.

  ഷെയ്ഖ് സയിദ് ഗ്രാൻ്റ് മോസ്ക്
  ഷെയ്ഖ് സയിദ് ഗ്രാൻ്റ് മോസ്ക് സന്ദർശിക്കാതെ അബുദാബി സന്ദർശനം പൂർത്തിയാകില്ല. ലോകത്തെ ഏറ്റവും വലിയ മോസ്ക്കുകളിൽ ഒന്നായ ഇത് ഇസ്ലാമും മറ്റ് സംസ്കാരങ്ങളും തമ്മിലുള്ള ബന്ധത്തിൻ്റെ നേർസാക്ഷ്യമാണ്. എല്ലാവരെയും സ്വാഗതം ചെയ്യുന്ന ഈ മോസ്ക്കിൻ്റെ നയം ലോകമെമ്പാടും നിന്നുള്ള സഞ്ചാരികളെ ആകർഷിക്കുകയും അതിൻ്റെ സൗന്ദര്യം ആസ്വദിക്കുന്നതോടൊപ്പം തുറന്ന സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുന്ന, എമിറേറ്റിൻ്റെ സാംസ്കാരിക വിശ്വാസങ്ങൾ അവർക്കു മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്നു.

  ഓരോ ദിവസവും 55000ത്തോളം വിശ്വാസികളെ വരവേൽക്കാൻ മോസ്ക്കിന് കഴിയും. ചില്ലുകഷണങ്ങളും കല്ലുകളും പതിച്ച 1096 തൂണുകളും വെള്ള മാർബിളിലുള്ള 82 മിനാരങ്ങളും പ്രതിഫലനം സൃഷ്ടിക്കുന്ന കുളവും സ്വർണ്ണം പൂശിയ സ്വരോവ്സ്കി ഷാൻലിയറുകളും മനോഹരമായ പ്രാർത്ഥനാ ഹാളും നടുമുറ്റവുമെല്ലാം ആസ്വദിക്കേണ്ട കാഴ്ചകൾ തന്നെയാണ്. കാഴ്ചകൾ കാണാനും ഫോട്ടോയെടുക്കാനും യോജിച്ച ഇടമാണിത്.

  അൽ ഐൻ മരുപ്പച്ച
  അൽ ഐനിലെ പച്ചപ്പ് നിറഞ്ഞ ഈ മരുപ്പച്ച ഒരു യുനെസ്കോ ലോക പൈതൃക കേന്ദ്രമാണ്. തലസ്ഥാനത്തു നിന്ന് ഏതാണ്ട് ഒന്നര മണിക്കൂർ യാത്ര ചെയ്താൽ ഇവിടെയെത്താം. ഏതാണ്ട് 1200 ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്ന ഈ മരുപ്പച്ച, 4000 വർഷങ്ങൾക്കു മുൻപ് മരുഭൂമിയിൽ വാസമുറപ്പിച്ച, പ്രദേശത്തെ ആദ്യകാല മനുഷ്യരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നു.

  പ്രകൃതിഭംഗി ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് യോജിച്ച സ്ഥലമാണ് അൽ ഐൻ മരുപ്പച്ച. പരന്നുകിടക്കുന്ന നടവഴികളിൽ തണൽവിരിച്ചു നിൽകുന്ന മരങ്ങളാണ് ഇവിടെയുള്ളത്. മാങ്ങ, ഓറഞ്ച്, വാഴപ്പഴം തുടങ്ങിയ പഴങ്ങളും ധാരാളമുണ്ട്. സൈക്കിളുകളിൽ മരുപ്പച്ചയിലൂടെ കറങ്ങി നടക്കുന്നത് പ്രത്യേക അനുഭൂതിയായിരിക്കും വാഗ്ദാനം ചെയ്യുക.

  ഈ പ്രദേശത്തെ കുറിച്ച് കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ താൽപ്പര്യമുള്ളവർക്ക് ഇവിടുത്തെ എക്കോ സെൻ്റർ സന്ദർശിക്കാം. അൽ ഐൻ മരുപ്പച്ചയിലെ ഫലാജ് സംവിധാനം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും പ്രാദേശിക എക്കോ സിസ്റ്റം എങ്ങനെയാണ് സംരക്ഷിക്കപ്പെടുന്നതെന്നും ഇവിടുത്തെ ഇൻ്ററാക്ടീവ് പ്രദർശനം കാണിച്ചുതരുന്നു. എക്കോ സെൻ്ററിൽ പ്രവേശനം സൗജന്യമായതിനാൽ ടിക്കറ്റ് നിരക്കിനെ കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ല.

  അൽ അത്ബ ഫോസിൽ ഡ്യൂൺസ്
  അബുദാബിയിൽ നിന്ന് ഏതാണ്ട് 45 കിലോമീറ്റർ കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന അൽ അത്ബയിൽ 7 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന 17000ത്തോളം ഫോസിൽ മണൽക്കൂനകളാണ് ഉള്ളത്. സംരക്ഷിത പ്രദേശമായ ഇവിടം, എമിറേറ്റിലെ ഏറ്റവും വലിയ ഫോസിൽ കേന്ദ്രങ്ങളിൽ ഒന്നുകൂടിയാണ്.

  ഏതാണ്ട് 4 ദശലക്ഷം വർഷങ്ങൾക്കു മുൻപാണ് ഇവിടെയുള്ള ഫോസിലുകൾ രൂപപ്പെട്ടത് എന്നാണ് ജിയോളജിസ്റ്റുകൾ കണക്കാക്കിയിട്ടുള്ളത്. 3 കിലോമീറ്ററോളം നീളുന്ന നടവഴിയിലൂടെ നടന്ന് ഈ പ്രദേശത്തിൻ്റെ കാഴ്ചകൾ കാണാം. വിശ്രമിക്കാനായി തണലുള്ള ഇടങ്ങളും ബെഞ്ചുകളുമുണ്ട്.

  തുറന്നിരിക്കുന്ന സമയത്തെല്ലാം നടക്കുന്ന മ്യൂസിക്, ലൈറ്റ് ഷോയും നിങ്ങൾക്ക് ആസ്വദിക്കാം. ഇതിനായി ആംഫി തീയെറ്ററിൽ 200 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.
  Published by:Jayesh Krishnan
  First published: