• HOME
 • »
 • NEWS
 • »
 • world
 • »
 • World's Oldest Person | ലോകമുത്തശ്ശിയ്ക്ക് വിട; അന്ത്യം ജപ്പാനിൽ 119-ാം വയസ്സിൽ

World's Oldest Person | ലോകമുത്തശ്ശിയ്ക്ക് വിട; അന്ത്യം ജപ്പാനിൽ 119-ാം വയസ്സിൽ

2019ലാണ് ഇവരെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആളായി ഗിന്നസ് ലോകറെക്കോർഡ് പ്രഖ്യാപിച്ചത്.

 • Share this:
  ലോകത്തിലെ ഏറ്റവും പ്രായം കൂടിയയാളെന്ന റെക്കോർഡുള്ള ലോകമുത്തശ്ശി ജപ്പാനിൽ (Japan) 119-ാം വയസ്സിൽ അന്തരിച്ചു. തിങ്കളാഴ്ചയാണ് പ്രാദേശിക വാർത്താ ഏജൻസികൾ ഇവരുടെ മരണം സ്ഥിരീകരിച്ചത്.

  1903 ജനുവരി രണ്ടിനാണ് കെയ്ൻ തനക (Kane Tanaka) ജപ്പാനിലെ തെക്കുകിഴക്കൻ മേഖലയിലുള്ള ഫുക്കുവോക്കയിൽ ജനിച്ചത്. റൈറ്റ് സഹോദരങ്ങൾ ആദ്യമായി വിമാനത്തിൽ പറന്നതും മേരി ക്യൂറി നോബൽ സമ്മാനം നേടുന്ന ആദ്യത്തെ വനിതയെന്ന നേട്ടം കൈവരിച്ചതും ഈ വർഷം തന്നെയായിരുന്നു. തൻെറ അവസാന കാലത്തും തനക ഏറെ ആരോഗ്യവതിയായിരുന്നു. ഒരു നഴ്സിങ് ഹോമിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. ചോക്ലേറ്റ്, സോഡ, ചെസ്സ് കളി, ഗണിതം എന്നിവയിലായിരുന്നു തനകയ്ക്ക് താൽപര്യം.

  തൻെറ ചെറുപ്പകാലത്ത് നിരവധി ബിസിനസുകൾ അവർ നോക്കി നടത്തിയിരുന്നു. ന്യൂഡിൽസ് ഷോപ്പ്, റൈസ് കേക്ക് മിൽ എന്നിവയിൽ നിന്നുള്ള വരുമാനമായിരുന്നു പ്രധാന ജീവിതോപാധി. 1922ൽ ഹിഡിയോ, തനകയെ വിവാഹം ചെയ്തു. ഇവരുടെ വിവാഹം നടന്നിട്ട് ഈ വർഷം ഒരു നൂറ്റാണ്ട് തികഞ്ഞിരിക്കുകയായിരുന്നു. നാല് കുട്ടികൾക്കാണ് തനക ജൻമം നൽകിയത്. ഒരു കുട്ടിയെ ദത്തെടുക്കുകയും ചെയ്തിട്ടുണ്ട്. 2021 ടോക്യോ ഒളിമ്പിക്സിൽ ടോർച്ച് റിലേയിൽ പങ്കെടുക്കാൻ തനക തയ്യാറായതായിരുന്നു. വീൽചെയറിലാണ് ഇതിനുള്ള തയ്യാറെടുപ്പ് നടത്തിയിരുന്നത്. എന്നാൽ കൊവിഡ് 19 കാരണം ഒളിമ്പിക്സ് അധികൃതർ ഈ റിലേ തന്നെ മാറ്റിവെക്കുകയായിരുന്നു. അല്ലെങ്കിൽ ഒരുപക്ഷേ തനക പങ്കെടുക്കുന്ന അവസാനത്തെ പൊതുചടങ്ങായി ഇത് മാറുമായിരുന്നു.

  2019ലാണ് ഇവരെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആളായി ഗിന്നസ് ലോകറെക്കോർഡ് പ്രഖ്യാപിച്ചത്. ജീവിതത്തിലെ ഏറ്റവും സന്തോഷം തോന്നിയ നിമിഷം ഏതെന്ന് ചോദിച്ചപ്പോൾ 'ഈ നിമിഷം' എന്നായിരുന്നു തനക മറുപടി പറഞ്ഞത്. പ്രായമേറിയ കാലത്തും രാവിലെ എന്നും 6 മണിക്കാണ് തനക ഉറക്കമെണീക്കാറുള്ളത്. ഉച്ചയ്ക്ക് ശേഷം കണക്ക് പഠിക്കുകയും കാലിഗ്രാഫി പരിശീലിക്കുകയും ചെയ്യും. ഒഥല്ലോ എന്ന ഒരു ബോ‍ർഡ് ഗെയിം കളിക്കുന്നതിലും അതീവ തൽപരയായിരുന്നു. ഈ മത്സരത്തിൽ എതിരാളികളെ നിഷ്പ്രയാസം തോൽപ്പിക്കുകയും ചെയ്യുമായിരുന്നു. തനകയുടെ ജീവിതം ജപ്പാൻകാർക്കും ലോകത്തിനാകെയും പ്രചോദനമാണ്. പ്രായമായവരെ ബഹുമാനിക്കുന്നതിനായി ജപ്പാനിൽ സെപ്തംബറിൽ ഒരു ദിവസം മാറ്റിവെച്ചിട്ടുണ്ട്. ഇത് ദേശീയ അവധി ദിവസമാണ്. വരുന്ന വർഷം ഇത് കെയ്ൻ തനകയ്ക്ക് വേണ്ടി മാറ്റിവെക്കാനാണ് പ്രാദേശിക ഭരണകൂടത്തിൻെറ തീരുമാനമെന്ന് പ്രദേശത്തെ ഗവർണറായ സെയ്താരോ ഹട്ടോരി പറഞ്ഞു. “അവർക്കിഷ്ടപ്പെട്ട സോഡയും ചോക്ലേറ്റുകളും നൽകി ആഘോഷിക്കും,” തിങ്കളാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഹട്ടോരി പറഞ്ഞു.

  ലോകബാങ്കിൻെറ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പ്രായമായ ആളുകളുള്ളത് ജപ്പാനിലാണ്. ജപ്പാൻെറ ആകെ ജനസംഖ്യയുടെ 28 ശതമാനവും 65 വയസ്സിന് മുകളിലാണ്. ഗിന്നസ് ലോകറെക്കോർഡിൻെറ കണക്ക് പ്രകാരം ലോകത്ത് ജീവിച്ച ഏറ്റവും പ്രായം കൂടിയയാൾ ഫ്രഞ്ച് വനിതയായ ജിയന്നെ ലൂയീസ് കാൾമെൻറ് ആണ്. 1997ൽ മരിക്കുമ്പോൾ ഇവർക്ക് പ്രായം 122 വയസ്സും 164 ദിവസവുമായിരുന്നു.
  Published by:Jayashankar Av
  First published: