• HOME
  • »
  • NEWS
  • »
  • world
  • »
  • ചൈനീസ് പാഠ്യപദ്ധതിയില്‍ 'ഷി ജിങ്പിങ് ചിന്താധാര' പഠിപ്പിക്കും; മാര്‍ക്‌സിസ്റ്റ് വിശ്വാസം ഊട്ടിയുറപ്പിക്കാന്‍

ചൈനീസ് പാഠ്യപദ്ധതിയില്‍ 'ഷി ജിങ്പിങ് ചിന്താധാര' പഠിപ്പിക്കും; മാര്‍ക്‌സിസ്റ്റ് വിശ്വാസം ഊട്ടിയുറപ്പിക്കാന്‍

രാജ്യത്തെ വരുംതലമുറയെ മാർക്സിസ്റ്റ് ചിന്തകൾ പഠിപ്പിക്കാൻ വേണ്ടിയാണ് കരിക്കുലത്തിൽ മാറ്റം വരുത്തിയത് എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

  • Last Updated :
  • Share this:
    ചൈനയിലെ പരിഷ്ക്കരിച്ച ദേശീയ പാഠ്യപദ്ധതിയിൽ ‘ഷി ജിന്പിങ് ചിന്താധാര’ എന്ന ഭാഗം ചേർക്കുമെന്ന് രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വ്യാഴായ്ചയാണ് ഇത് സംബന്ധിച്ച പുതിയ നിർദ്ദേശം അധികൃതർ പങ്കുവച്ചത്. രാജ്യത്തെ വരുംതലമുറയെ മാർക്സിസ്റ്റ് ചിന്തകൾ പഠിപ്പിക്കാൻ വേണ്ടിയാണ് കരിക്കുലത്തിൽ മാറ്റം വരുത്തിയത് എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

    പ്രാഥമിക സ്കൂൾ മുതൽ സർവകലാശാല തലത്തിൽ വരെ 'പുതിയ കാലത്തെ ചൈനീസ് സവിശേഷതകൾ അടങ്ങിയ സോഷ്യലിസത്തെ കുറിച്ചുള്ള ഷി ജിന്പിങ്ങിന്റെ ചിന്താധാര’ എന്ന പാഠഭാഗം പഠിപ്പിക്കുമെന്ന് ചൈനീസ് വിദ്യാഭ്യാസം മന്ത്രാലയം അറിയിച്ചു. പുതിയ പാഠ ഭാഗം ആളുകൾക്കിടയിൽ രാജ്യസ്നേഹം വർദ്ധിപ്പിക്കാനും പാർട്ടിയെ കേൾക്കാനും അനുസരിക്കാനുമുള്ള നിശ്ചയദാര്‍ഢ്യം ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നുവെന്നും പുതിയ നിർദ്ദേശത്തിൽ മന്ത്രാലയം കൂട്ടിച്ചേർത്തു.

    2012 ൽ അധികാരത്തിൽ എത്തിയത് മുതൽ ബിസിനസ്, സ്കൂളുകൾ, സാമൂഹിക സ്ഥാപനങ്ങൾ തുടങ്ങി മുഴുവൻ കാര്യങ്ങളിലും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം ശക്തിപ്പെടുത്താനാണ് പ്രഡിഡണ്ട് ഷി ജിന്പിങ് ശ്രമിച്ചത്. മ2018 ലാണ് 'പുതിയ കാലത്തെ ചൈനീസ് സവിശേഷതകൾ അടങ്ങിയ സോഷ്യലിസത്തെ കുറിച്ചുള്ള ഷി ജിന്പിങ്ങിന്റെ ചിന്താധാര’ എന്ന പദ്ധതി ഔദ്യോഗികമായി ചൈനീസ് ഭരണഘടനയുടെ ഭാഗമായത്. പ്രസിഡണ്ട് സ്ഥാനത്തിരിക്കാനുള്ള കാലാവധി നിയമങ്ങൾ പരിഷ്ക്കരിച്ച് ഷി തന്റെ വ്യക്തിപരമായ ശക്തികളും ദൃഢമാക്കിയിട്ടുണ്ട്.

    ജൂലൈയിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം ആഘോഷിച്ച വേളയിലെ തന്റെ പ്രസംഗത്തിൽ പാർട്ടിയിലെ തന്റെ നേതൃത്വം ശക്തിപ്പെടുത്തണം എന്നും ചൈനീസ് ജനതയുടെ ഐക്യമാണ് പ്രധാനം എന്നും പറഞ്ഞിരുന്നു.

    കേരളത്തിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികത്തിൽ പാർട്ടിക്ക് അഭിവാദ്യമർപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി ചുമതല വഹിക്കുന്ന എ വിജയരാഘവൻ രംഗത്തെത്തിയിരുന്നു. വ്യാജ പ്രചരണങ്ങൾ കൊണ്ട് പടിഞ്ഞാറൻ മാധ്യമങ്ങൾ കാലങ്ങളായി നിർമ്മിച്ചെടുക്കാൻ ശ്രമിക്കുന്ന ചൈനീസ് വിരുദ്ധ പൊതുബോധത്തിൽപ്പെടാതെ, പ്രതിസന്ധികളിൽ എങ്ങനെയാണ് ആ ഭരണകൂടം തങ്ങളുടെ ജനതയെ ചേർത്ത് പിടിച്ചതെന്ന് നാം മനസിലാക്കേണ്ടതാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

    സാമ്പത്തിക രംഗത്ത് പലവിധ പരീക്ഷണങ്ങൾ നടത്തുമ്പോഴും മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ലോക വീക്ഷണത്തിൽ നിന്നോ കമ്മ്യൂണിസ്റ്റ് പാർടിയുടെ അടിസ്ഥാന സംഘടനാ തത്വങ്ങളിൽ നിന്നോ കടുകിട മാറുന്നില്ല എന്നത് തന്നെയാണ് ചൈനയുടെ വിജയ രഹസ്യം. അതാണ് ലോകത്താകമാനമുള്ള തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തിന്റെ പ്രചാരകന്മാർ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർടിയുടെ നൂറാം വാർഷികത്തിൽ പഠിച്ചെടുക്കേണ്ട പ്രധാനപാഠമെന്നും അദ്ദേഹം കുറിച്ചു.

    “കോവിഡിന് മുന്നിൽ ലോകം മുഴുവൻ പോരടിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്ത് ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങളുള്ള രാജ്യമായിട്ടുകൂടി അടിപതറാതെ നിന്ന് നേരിട്ട് മഹാമാരിയെ പരാജയപ്പെടുത്തിയ ചൈനീസ് ജനകീയ ഭരണകൂടത്തിന്റെ രീതി മാതൃകാപരമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
    Published by:Karthika M
    First published: