യുക്രെയ്‌നിനെതിരായ (Ukraine) റഷ്യന്‍ സൈനിക നടപടിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഇന്ത്യ സ്വീകരിച്ച മാനുഷിക നടപടികളെ പ്രശംസിച്ച് യുക്രെയ്‌നിലെ ഏറ്റവും പ്രായം കുറഞ്ഞ പാര്‍ലമെന്റ് അംഗം (MP) സ്വിയാറ്റോസ്ലാവ് യുറാഷ്. കൂടാതെ, രാജ്യത്തിന്റെ നിലവിലെ സാഹചര്യത്തെക്കുറിച്ച്, യുക്രെയ്ന്‍ പ്രസിഡന്റ് വ്ലോദിമിർ സെലെന്‍സ്‌കിയുമായി സംസാരിച്ചതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് (Narendra Modi) യുറാഷ് നന്ദി അറിയിക്കുകയും ചെയ്യുന്നു.
''ഈ നൂറ്റാണ്ടിന്റെ ഭാഗധേയം നിർണയിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞങ്ങളുടെ പ്രസിഡന്റിനെ വിളിച്ചതിന് നന്ദി. ഇന്ത്യയുടെ മാനുഷിക നടപടികള്‍ക്ക് ഞങ്ങള്‍ നന്ദിയുള്ളവരാണ്.'', എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ യുക്രേനിയന്‍ എംപി പറഞ്ഞു. റഷ്യയുമായി ഇന്ത്യക്ക് തന്ത്രപരമായ പങ്കാളിത്തമുണ്ടെന്നും എന്നാല്‍, യുക്രെയ്‌നില്‍ റഷ്യന്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ആ നിലപാട് പുനഃപരിശോധിക്കണമെന്നും യുക്രേനിയന്‍ എംപി അഭിപ്രായപ്പെട്ടു.
"റഷ്യയുമായി നിങ്ങള്‍ക്ക് തന്ത്രപരമായ സൗഹൃദത്തിനും പങ്കാളിത്തത്തിനും ഒരു ഉടമ്പടിയുണ്ട്. യുക്രെയ്ന്‍ വിഷയത്തില്‍ മാത്രമല്ല, കഴിഞ്ഞ 20 വര്‍ഷമായി പുടിന്റെ ഭരണകൂടം ചെയ്തുവരുന്ന എല്ലാ ദുഷ്പ്രവൃത്തികളുടെയും വെളിച്ചത്തില്‍ അത് പുനര്‍വിചിന്തനം ചെയ്യേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. റഷ്യയെ ഇന്ത്യ ശിക്ഷിക്കണം", അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുക്രെയ്നില്‍ സമാധാനം ഉടന്‍ വീണ്ടെടുക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് മറുപടിയായി എംപി പറഞ്ഞത്, "അത് ക്രെംലിനിനെ ആശ്രയിച്ചിരിക്കുന്നു. ക്രെംലിന്‍ സമ്മര്‍ദ്ദം തുടരാന്‍ തീരുമാനിച്ചാല്‍ ഞങ്ങള്‍ പോരാട്ടം തുടരും. മൗലികാവകാശങ്ങള്‍ സംരക്ഷിക്കാൻ ഞങ്ങൾ പോരാട്ടം തുടരും. ഞങ്ങള്‍ നേടിയതൊന്നും ഉപേക്ഷിക്കാന്‍ തയ്യാറല്ല," എന്നാണ്.
യുക്രേനിയന്‍ എംപി യുറാഷ് റഷ്യന്‍ സൈന്യത്തിനെതിരെ പോരാടുന്നതിനായി തോക്കുമായി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ വലിയ തോതിൽ പ്രചരിച്ചിരുന്നു. ''യുക്രെയ്‌നിലേക്കുളള റഷ്യന്‍ അധിനിവേശത്തിനെതിരെ പ്രതിരോധം തീർക്കേണ്ട സാഹചര്യത്തിൽ എല്ലാ യുക്രെയ്ൻ പൗരന്മാരും ഇപ്പോള്‍ സൈനികരാണ്. എല്ലാവരും അവരവരുടെ സ്ഥാനം കണ്ടെത്തേണ്ടതുണ്ട്" എന്നായിരുന്നു ആ ചിത്രത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചത്.
റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധത്തിനിടയില്‍ പാശ്ചാത്യ രാജ്യങ്ങള്‍ സ്വീകരിക്കുന്ന നടപടികളെ എം.പി. പ്രശംസിച്ചു. പാശ്ചാത്യ രാജ്യങ്ങള്‍ ഒറ്റിക്കൊടുത്തതായി യുക്രെയ്നിന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് യുക്രേനിയന്‍ എംപി പറഞ്ഞു: "പാശ്ചാത്യ രാജ്യങ്ങള്‍ ശരിയായ കാര്യം ചെയ്യുന്നതിന് സമയമെടുക്കുന്നു. ഞങ്ങളുടെ കൈവശം സമയമില്ല, അതിനാല്‍ ഞങ്ങള്‍ റഷ്യന്‍ ആക്രമകാരികളോട് പോരാടുകയാണ്.
"പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ഞങ്ങള്‍ക്ക് ധാരാളം സഹായം ലഭിച്ചു, അതിന് ഞങ്ങള്‍ നന്ദിയുള്ളവരാണ്. എന്നാല്‍ അത് മതിയാവില്ല, ഒരു സഹായവും അധികമല്ല, എല്ലാവര്‍ക്കും സ്വാഗതം," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Summary: Youngest MP from Ukraine praises humanitarian efforts of India. MP Sviatoslav Yurash praised Prime Minister Narendra Modi for speaking with the Ukrainian President Volodymyr Zelenskyy on the current situation in Ukraine
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Russia ukraine, Russia ukraine news, Russia-Ukraine war