• HOME
 • »
 • NEWS
 • »
 • world
 • »
 • Youtube | യുക്രെയ്ൻ-റഷ്യ യുദ്ധം: നയം ലംഘിച്ചതിന് 9,000 ചാനലുകളും 70,000 വീഡിയോകളും നീക്കം ചെയ്ത് യൂട്യൂബ്

Youtube | യുക്രെയ്ൻ-റഷ്യ യുദ്ധം: നയം ലംഘിച്ചതിന് 9,000 ചാനലുകളും 70,000 വീഡിയോകളും നീക്കം ചെയ്ത് യൂട്യൂബ്

യുക്രെയ്ൻ അധിനിവേശം പോലുള്ള സംഭവങ്ങളെ നിരാകരിക്കുകയോ നിസ്സാരവത്കരിക്കുകയോ ചെയ്യുന്നതിൽ നിന്നും ചാനലുകളെ യൂട്യൂബ് വിലക്കുന്നുണ്ട്

 • Share this:
  യുക്രെയ്ൻ-റഷ്യ സംഘർഷവുമായി (Russia-Ukraine Conflict) ബന്ധപ്പെട്ട് 9,000 ത്തിലേറെ ചാനലുകളും 70,000ത്തിലേറെ വീഡിയോകളും യൂട്യൂബ് (YouTube) നീക്കം ചെയ്തു. വീഡിയോകളും ചാനലുകളും അക്രമ സംഭവങ്ങൾ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള പ്ലാറ്റ്ഫോമിന്റെ നയം ലംഘിച്ചതിനെ തുടർന്നാണ് ഈ നീക്കം. യുക്രെയ്ൻ അധിനിവേശം പോലുള്ള സംഭവങ്ങളെ നിരാകരിക്കുകയോ നിസ്സാരവത്കരിക്കുകയോ ചെയ്യുന്നതിൽ നിന്നും ചാനലുകളെ യൂട്യൂബ് വിലക്കുന്നുണ്ട്.

  റഷ്യയിൽ ഏറെ പ്രാചാരമുള്ള പ്ലാറ്റ്ഫോമാണ് യൂട്യൂബ്. കഴിഞ്ഞ ഫെബ്രുവരിയിൽ റഷ്യ- യുക്രെയ്ൻ സംഘർഷം ആരംഭിച്ചതു മുതൽ ക്രെംലിൻ അനുകൂല പത്രപ്രവർത്തകൻ വ്‌ളാഡിമിർ സോളോവോവിന്റെ ഉൾപ്പടെ പലരുടെയും ചാനലുകൾ യൂട്യൂബ് നീക്കം ചെയ്തിരുന്നു.

  മാത്രമല്ല സമീപ കാലയളവിൽ, സംഘർഷത്തെ വിമോചനശ്രമം എന്ന് പരാമർശിച്ചതിന് റഷ്യയുടെ പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളുടെ അനുബന്ധ ചാനലുകളെ സിനിമ സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്ന് ​ഹ്രസ്വകാലത്തേക്ക് വിലക്കിയിട്ടുണ്ട്.
  "അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് വ്യക്തമായ നയമുണ്ടെന്ന് ” യൂട്യൂബിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസർ നീൽ മോഹൻ വ്യക്തമാക്കി.

  നീക്കം ചെയ്ത വീഡിയോകളുടെയും ചാനലുകളുടെയും വിശദാംശങ്ങൾ യൂട്യൂബ് പുറത്തു വിട്ടിട്ടില്ല. എന്നാൽ അവയിൽ പലതും റഷ്യൻ സർക്കാരിൽ നിന്നുള്ള വിവരണങ്ങളോ അല്ലെങ്കിൽ റഷ്യൻ അഭിനേതാക്കൾ അഭിനയിക്കുന്നതോ ആണെന്ന് അ​ദ്ദേഹം പറഞ്ഞു. മാത്രമല്ല, സംഘർഷവുമായി ബന്ധപ്പെട്ട യുട്യൂബ് വാർത്താ ഉള്ളടക്കത്തിന് യുക്രെയ്നിൽ മാത്രം 40 ദശലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചതായും മോഹൻ പറഞ്ഞു. പ്ലാറ്റ്‌ഫോമിന്റെ പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്തം യുക്രെയ്ൻ-റഷ്യ സംഘർഷത്തെക്കുറിച്ചുള്ള വിവരങ്ങൾ തിരയുന്നവർക്ക് കൃത്യവും ഉയർന്ന നിലവാരവുമുള്ള വിശ്വസനീയമായ വിവരങ്ങൾ ഉറപ്പു വരുത്തുക എന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

  യൂട്യൂബ് പ്ലാറ്റ്‌ഫോമിലെ ആധികാരിക ചാനലുകളുടെ ഉപഭോഗം യുക്രെയ്‌നിൽ മാത്രമല്ല, അയൽരാജ്യങ്ങളായ പോളണ്ടിലും റഷ്യയിലും ഗണ്യമായി ഉയർന്നിട്ടുണ്ട്. രാജ്യത്ത് ഇനി മുതൽ പ്ലാറ്റ്‌ഫോമിലെ പരസ്യം അനുവദനീയമല്ല എങ്കിലും യൂട്യൂബിന് റഷ്യയിൽ 90 ദശലക്ഷം ഉപയോക്താക്കളുണ്ടെന്നാണ് കണക്കാക്കുന്നത്. റഷ്യൻ പൗരന്മാർക്ക് യുദ്ധത്തെക്കുറിച്ചുള്ള സെൻസർ ചെയ്യാത്ത വിവരങ്ങൾ ലഭിക്കുന്ന പ്രധാന പ്ലാറ്റ്ഫോം ഇപ്പോഴും യൂട്യൂബാണ്. റഷ്യ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും നിരോധിച്ചതോടെ, രാജ്യത്ത് ഇപ്പോഴും പ്രവർത്തിക്കുന്ന റഷ്യയുടെ ഉടമസ്ഥതയിലല്ലാത്ത ചുരുക്കം ചില പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് യൂട്യൂബ്.

  യുക്രെയ്ൻ-റഷ്യ യുദ്ധത്തിനിടയിൽ,ചില ഡെവലപ്പർമാർ സോഷ്യൽ നെറ്റ്‌വർക്കുകൾ പ്രാദേശികമായി സൃഷ്ടിച്ച് സേവനങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. അതേ പോലെ , ചില റഷ്യൻ സർക്കാർ മീഡിയകളും സർക്കാർ ഏജൻസികളും യൂട്യൂബിന് പകരം റൂട്യൂബിലേക്ക് (RuTube ) ലേക്ക് വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ തുടങ്ങി. സർക്കാരിന്റെ നേതൃത്വത്തിലുള്ള ഗാസ്‌പ്രോം-മീഡിയയുടെ ഉടമസ്ഥതയിലുള്ളതാണ് റൂട്യൂബ്.

  ഡാറ്റാ അനലിറ്റിക്‌സ് സ്ഥാപനമായ സെൻസർ ടവറിന്റെ കണക്കുകൾ പ്രകാരം റഷ്യയുടെ യുക്രെയ്‌ൻ അധിനിവേശത്തെ തുടർന്നുള്ള 40 ദിവസത്തിനുള്ളിൽ റഷ്യയുടെ ആപ്പ് സ്റ്റോറിൽ നിന്നും ഗൂഗിൾ പ്ലേയിൽ നിന്നുമായും ഏകദേശം 1.4 ദശലക്ഷം തവണയാണ് റൂട്യൂബ് ഡൗൺലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇത് മുൻ കാലയളവിനെ അപേക്ഷിച്ച് 2000 ശതമാനത്തിലധികം കൂടുതലാണ്. ടെലി​ഗ്രാം, ഫിയസ്റ്റ പോലുള്ള മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉപയോ​ഗത്തിലും ഇക്കാലയളവിൽ രാജ്യത്ത് വളർച്ച ഉണ്ടായിട്ടുണ്ട്.
  Published by:user_57
  First published: