• HOME
 • »
 • NEWS
 • »
 • world
 • »
 • Teacher's Strike | ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് സമരം; 135,000 അദ്ധ്യാപകരെ സസ്‌പെൻഡ് ചെയ്ത് സിംബാബ്‌വെ ഭരണകൂടം

Teacher's Strike | ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് സമരം; 135,000 അദ്ധ്യാപകരെ സസ്‌പെൻഡ് ചെയ്ത് സിംബാബ്‌വെ ഭരണകൂടം

യാത്രാ ചെലവുകള്‍ താങ്ങാനാകില്ലെന്ന് പറഞ്ഞ് പല അധ്യാപകരും ജോലിയ്ക്ക് ഹാജരാകുന്നതിൽ നിന്ന് വിട്ടുനിന്നിരുന്നു.

(Image: Reuters/ Unrelated File Photo)

(Image: Reuters/ Unrelated File Photo)

 • Share this:
  മെച്ചപ്പെട്ട വേതനം (Better Wages) ആവശ്യപ്പെട്ട് സമരം (Strike) ചെയ്തതിനെ തുടര്‍ന്ന് 135,000 അദ്ധ്യാപകരെ (Teachers) സസ്പെന്‍ഡ് ചെയ്ത് സിംബാബ്‌വെ (Zimbabwe) സര്‍ക്കാര്‍. സിംബാബ്‌വെയിൽ അധ്യാപകരുടെ പണിമുടക്ക് തിങ്കളാഴ്ച രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചു. കഴിഞ്ഞയാഴ്ച പുതുവര്‍ഷത്തിലെ ആദ്യ ടേമിൽ സ്‌കൂളുകള്‍ തുറന്നപ്പോള്‍ യാത്രാ ചെലവുകള്‍ താങ്ങാനാകില്ലെന്ന് പറഞ്ഞ് പല അധ്യാപകരും ജോലിയ്ക്ക് ഹാജരാകുന്നതിൽ നിന്ന് വിട്ടുനിന്നിരുന്നു. ചില സ്‌കൂളുകൾ അദ്ധ്യാപകരോ കുട്ടികളോ ഇല്ലാതെ പൂര്‍ണ്ണമായും ഒഴിഞ്ഞുകിടക്കുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.

  ഡ്യൂട്ടിക്ക് ഹാജരാകാത്തതിന് അദ്ധ്യാപകരെ മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുന്നതായി കഴിഞ്ഞ വ്യാഴാഴ്ചയാണ് വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചത്. ഇതുപ്രകാരം സിംബാബ്‌വെയിലെ പൊതുവിദ്യാലയങ്ങളിലെ ഏകദേശം 140,000 അധ്യാപകരില്‍ 135,000 പേരെ സസ്‌പെന്‍ഡ് ചെയ്തതായി യൂണിയനുകള്‍ അറിയിച്ചു. ''90 ശതമാനത്തിലധികം അദ്ധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചിരിക്കുകയാണ്'', സിംബാബ്‍വെയിലെ പ്രോഗ്രസീവ് ടീച്ചേഴ്സ് യൂണിയന്‍ പ്രസിഡന്റ് എഎഫ്പിയോട് പറഞ്ഞു.

  സിംബാബ്‍വെയിലെ അദ്ധ്യാപകര്‍ക്ക് പ്രതിമാസം ശരാശരി 100 യുഎസ് ഡോളറാണ് ശമ്പളമായി ലഭിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം യുഎസ് ഡോളറില്‍ നിന്ന് 'സിംബാബ്വിയന്‍ ഡോളറിലേക്ക്' മാറിയതോടെയാണ് വേതന തര്‍ക്കം ആരംഭിച്ചത്. പണപ്പെരുപ്പം കാരണം സിംബാബ്വിയന്‍ ഡോളറിന്റെ മൂല്യം കുറഞ്ഞിരുന്നു. ''ഏറ്റവും കുറഞ്ഞ ശമ്പളമുള്ള അദ്ധ്യാപകര്‍ക്ക് ഏകദേശം 80 യുഎസ് ഡോളര്‍ വരെയാണ് ലഭിക്കുന്നത്. മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയുടെ കീഴില്‍ ഞങ്ങള്‍ നേടിയിരുന്ന 540 യുഎസ് ഡോളർ ശമ്പളം പുനഃസ്ഥാപിക്കണമെന്നതാണ് ഞങ്ങളുടെ ആവശ്യം'', അധ്യാപക യൂണിയൻ നേതാക്കൾ പറഞ്ഞു.

  Also read- Fitness Influencer | ശരീരഭാരം അമിതമായി കുറച്ചത് പണിയായി; അവയവത്തകരാർ മൂലം പ്രശസ്ത ഫിറ്റ്നസ് ഇൻഫ്ലുവൻസർ ആശുപത്രിയിൽ

  സര്‍ക്കാര്‍ അദ്ധ്യാപകരോട് മോശമായി പെരുമാറുകയാണെന്നാണ് യൂണിയന്റെ ആരോപണം. അധ്യാപകരെ ജോലിയിലേക്ക് നിർബന്ധിതമായി മടക്കിയയയ്ക്കാൻ സര്‍ക്കാര്‍ 'ക്രൂരമായ രീതികള്‍' അവലംബിക്കുന്നുവെന്നും യൂണിയനുകള്‍ സസ്‌പെന്‍ഷനെതിരെ കോടതിയിൽ പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി.

  മുഗാബെയുടെ ഭരണകാലത്ത്, സിംബാബ്‍വെ ആഫ്രിക്കയിലെ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം കൈവരിച്ചിരുന്നു. ഇപ്പോള്‍ കോവിഡ് -19 ലോക്ക്ഡൗണുകള്‍ കാരണം വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനകം നിരവധി മാസങ്ങളുടെ പഠന സമയം നഷ്ടപ്പെട്ടു. ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ സിറ്റിസണ്‍സ് കോയലിഷന്‍ ഫോര്‍ ചേഞ്ച് (സിസിസി) സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

  Also Read-Macron - Putin Meeting | DNA മോഷ്ടിക്കുമോയെന്ന് ഭയം; റഷ്യയിൽ കോവിഡ് പരിശോധന നിരസിച്ച് ഇമ്മാനുവൽ മാക്രോൺ

  ദക്ഷിണാഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വെയുടെ സമ്പദ്‌വ്യവസ്ഥ ഒരു ദശാബ്ദത്തിലേറെയായി തളര്‍ച്ചയിലാണ്. അദ്ധ്യാപകരും നഴ്‌സുമാരും ഡോക്ടര്‍മാരും നടത്തുന്ന സമരങ്ങള്‍ ഇപ്പോള്‍ സാധാരണമാണ്. ദീര്‍ഘകാലം ഭരണത്തിലിരുന്ന മുഗാബെയെ അട്ടിമറിയിലൂടെ പുറത്താക്കിയ ശേഷം അധികാരമേറ്റ പ്രസിഡന്റ് എമേഴ്സണ്‍ മംഗഗ്വ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്ന് വാഗ്ദ്ദാനം നല്‍കിയിരുന്നു. എന്നാല്‍ മുഗാബെയേക്കാള്‍ മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
  Published by:Naveen
  First published: