

കേരളത്തെ തന്നെ നാണം കെടുത്തിയ വാർത്തയാണ് കാസർഗോഡ് നിർത്തിയിട്ട ടോറസ് ലോറിയിൽ നിന്നും വീലുകൾ മോഷണംപോയ സംഭവം. ഉത്തരഖണ്ഡിൽ നിന്നും ട്രക്ക് ചെയിസിസുമായി കേരളത്തിലെത്തിയ ജുമാഖാൻ എന്ന ഡ്രൈവർ കാസർഗോഡ് ചെറുവത്തൂർ എന്ന സ്ഥലത്ത് വാഹനം റോഡരികിൽ നിർത്തി ഉറങ്ങിയെഴുന്നേറ്റപ്പോഴാണ് രണ്ടു ലക്ഷത്തിലധികം രൂപ വിലവരുന്ന ടയറുകൾ മോഷണം പോയ കാര്യം അറിയുന്നത്.


ഉത്തരാഖണ്ഡില്‍ നിന്നും എറണാകുളം ഷോറൂമിലേക്ക് പുറപ്പെട്ട അശേക് ലൈലന്റ് ടോറസിന്റ 4 ടയറുകളാണ് കാസര്‍കോട്ടെ പിലിക്കോട് നിന്നും മോഷണം പോയത്. തുടര്‍ച്ചയായ 10 ദിവസത്തെ യാത്രക്കൊടുവില്‍ പിലിക്കോട് പെട്രോള്‍ പമ്പിന് സമീപം ദേശീയപാതയില്‍ വിശ്രമിക്കാന്‍ നിര്‍ത്തിയിട്ടതായിരുന്നു ജുമാ ഖാനും സഹഡ്രൈവര്മാരും.


കനത്ത മഴ കാരണം ലോറിയില്‍ ഇരിക്കാനോ യാത്ര തുടരാനോ ആയില്ല. പിന്നീട് പെട്രോള്‍ പമ്പില്‍ അല്പനേരം ഉറങ്ങി എഴുന്നേറ്റ് യാത്ര തുടരാന്‍ നോക്കിയപ്പോഴാണ് വീലുകൾ നഷ്ടമായതായി മനസ്സിലായത്.


നഷ്ടപ്പെട്ട വീലുകളുടെ തുക ഡ്രൈവറായ താൻ കമ്പനിയ്ക്ക് വീട്ടണമെന്നറിഞ്ഞ ജുമാഖാൻ തകർന്നു. കേരളമാണല്ലോ എന്ന ധൈര്യത്തോടെയാണ് ആ പാവം ഡ്രൈവർ മലയാളികളെ വിശ്വസിച്ച് കിടന്നുറങ്ങിയത്. എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു എന്നു മാത്രം. തുടര്‍ച്ചയായി 10 ദിവസം യാത്ര ചെയ്ത് വാഹനം ഷോറൂമിലെത്തിച്ചാല്‍ 7,500 രൂപയാണ് ഡ്രൈവര്‍ക്ക് ലഭിക്കുക.


ഇതു സംബന്ധിച്ച വാർത്ത വൈറലായതോടെ ഡ്രൈവർക്ക് തുണയായതും മലയാളികൾ തന്നെ. മുഖ്യധാരാ മാധ്യമങ്ങളിൽ വന്ന വാർത്തകൾ ജുമാഖാൻ വഴി മാധ്യമപ്രവർത്തകനായ വിനയൻ കമ്പനി അധികൃതർക്ക് അയച്ചു കൊടുക്കുകയായിരുന്നു. ഇതോടെ സംഭവത്തിന്റെ നിജസ്ഥിതിയും, പാവം ഡ്രൈവറുടെ ദയനീയാവസ്ഥയും മനസിലാക്കിയ കമ്പനി അധികൃതർ, ഒപ്പമുള്ള മറ്റു വണ്ടികളിലെ സ്റ്റെപ്പിനി ടയറുകൾ അഴിച്ചെടുത്ത്, വീലുകൾ മോഷണം പോയ ലോറിയിൽ ഘടിപ്പിച്ച് ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടരുവാൻ ആവശ്യപ്പെട്ടു.


സത്യാവസ്ഥ അറിഞ്ഞതോടെ ഡ്രൈവറിൽ നിന്നും നഷ്ടപ്പെട്ട വീലുകളുടെ തുകയായ 2 ലക്ഷം രൂപ ഈടാക്കില്ലെന്ന ഉറപ്പും കമ്പനി അധികൃതർ നൽകി. അതോടൊപ്പം തന്നെ വീലുകൾ മോഷ്ടിച്ച കള്ളന്മാരെ പിടികൂടാനുള്ള ഊർജ്ജിത ശ്രമം ആരംഭിച്ചുവെന്ന് പൊലീസും പറയുന്നു.


കേരളമാണെന്ന ധൈര്യത്തിലാണ് തങ്ങള്‍ വിശ്രമിച്ചതെന്നും മറ്റ് ഒരു സംസ്ഥാാനത്തും വാഹനം നിര്‍ത്തിയിട്ട് ഉറങ്ങാറില്ലെന്നും ഇവര്‍ പറയുന്നു. ടയര്‍ മോഷണം മുഖ്യ തൊഴിലാക്കിയ അന്തര്‍ സംസ്ഥാന മോഷ്ടാക്കളെയാണ് പൊലീസ് സംശയിക്കുന്നത്.