മൂന്നാര്‍: ചിന്നക്കനാലിലും ശാന്തൻപാറയിലും ഭീതി വിതയ്ക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയുടെ സംഘത്തില്‍ പുതിയ കുട്ടിയാന. അരിക്കൊമ്പന് ഒപ്പമുണ്ടായിരുന്ന പിടിയാനയ്ക്ക് കുഞ്ഞ് പിറന്നു. 301 കോളനിയിലെ ഓമനക്കുഴിയിലാണ് പിടിയാന പ്രസവിച്ചത്. കുട്ടിയാനയ്ക്ക് സുരക്ഷയൊരുക്കി അരിക്കൊമ്പൻ ഉൾപ്പടെയുള്ള ആനക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്. ഈ സംഘത്തിനൊപ്പം മറ്റൊരു കുട്ടിയാനയെ നേരത്തെ തന്നെ കണ്ടുവരാറുണ്ട്.
അതേസമയം അരികൊമ്പന് ദൗത്യത്തിനായി, സര്‍ക്കാര്‍ ഓരോ ദിവസവും ചെലവിടുന്നത് അരലക്ഷത്തോളം രൂപയാണെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കുങ്കിയാനകള്‍ക്ക്, തീറ്റ ലഭ്യമാക്കുന്നതിന് മാത്രമായി, നാല്പതിനായിരത്തോളം രൂപ ചെലവിടുന്നതായാണ് അനൗദ്യോഗിക വിവരം. ദൗത്യം അനന്തമായി നീളുന്നതിനാല്‍, ഖജനാവില്‍ നിന്നും വന്‍ തുക, ഇനിയും നഷ്ടമാകും.