ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഫാസ്റ്റ് ബൗളർമാരിൽ ഒരാളാണ് ഇന്ത്യയുടെ ജസ്പ്രിത് ബുംറ. 2016ൽ അരങ്ങേറ്റം കുറിച്ച ബുംറ കളിയുടെ എല്ലാ ഫോർമാറ്റുകളിലും ടീമിലെ പ്രധാന താരമായി. നിരന്തരം പരിക്കുകൾ വേട്ടയാടുന്നുണ്ടെങ്കിലും കളിക്കളത്തിൽ എതിരാളികൾക്ക് പേടിസ്വപ്നമാണ് ബുംറ. അതുല്യമായ ബൗളിംഗ് ആക്ഷനും യോർക്കറുകൾ സ്ഥിരമായി എറിയാനുള്ള കഴിവും ബുംറയെ ഡെത്ത് ഓവറുകളിൽ ഇന്ത്യയുടെ വജ്രായുധമാക്കി മാറ്റി.
എട്ടുവർഷത്തോളം നീണ്ട അന്താരാഷ്ട്ര കരിയറിനിടെ സ്വപ്നതുല്യമായ നേട്ടങ്ങളാണ് ബുംറ കൈവരിച്ചത്. 2019 ലെ ഐസിസി ഏകദിന പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടതുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ബുംറ നേടി. 2013 മുതൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) മുംബൈ ഇന്ത്യൻസിനുവേണ്ടിയും ബുംറ കളിച്ചിട്ടുണ്ട്, മുംബൈ ഇന്ത്യൻസിന്റെ ഐപിഎൽ കിരീടനേട്ടങ്ങളിൽ അവിഭാജ്യഘടകമായിരുന്നു ബുംറ.
കളിക്കളത്തിലെ അതുല്യമായ മികവ് അദ്ദേഹത്തിന് നിരവധി റെക്കോർഡുകളും അംഗീകാരങ്ങളും അതിനൊപ്പം സമ്പത്തും നൽകി. അത്യാഡംബര ജീവിതമാണ് ബുംറ പിന്തുടരുന്നത്. 2023-ൽ ജസ്പ്രീത് ബുംറയുടെ ആസ്തി 7 മില്യൺ ഡോളർ (55 കോടി രൂപ) ആണ്. ബിസിസിഐയുടെ കരാറിലുള്ള കളിക്കാർക്കുള്ള പേയ്മെന്റ് പോളിസി പ്രകാരം ബുംറയുടെ വാർഷിക ശമ്പളം 7 കോടി രൂപയാണ്. കൂടാതെ, ഇന്ത്യൻ ടീമിനായി കളിക്കുന്ന ഓരോ ടെസ്റ്റ്, ഏകദിന, ടി20 ഐ മത്സരങ്ങൾക്കും യഥാക്രമം 15 ലക്ഷം, 6 ലക്ഷം, 3 ലക്ഷം രൂപ വീതം ലഭിക്കും.
നിരവധി ബ്രാൻഡുകളുടെ അംബാസഡറായും പ്രവർത്തിക്കുന്ന ബുംറയ്ക്ക് കോടികൾ അങ്ങനെയും വരുമാനമുണ്ട്. ക്രിക്കറ്റിന് പുറമേ, Dream11, Asics, OnePlus Wearables, Zaggle, BOAT, Seagram's Royal Stag, Cultsport, Estrolo, UNIX, Bharat Pe തുടങ്ങി നിരവധി ജനപ്രിയ ബ്രാൻഡുകളുടെ പരസ്യങ്ങളിൽ ബുംറ പ്രത്യക്ഷപ്പെടുന്നുണ്ട്. ഫീൽഡിലെ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രകടനങ്ങളും ഫീൽഡിന് പുറത്തുള്ള അദ്ദേഹത്തിന്റെ ജനപ്രീതിയുമാണ് ബ്രാൻഡുകൾ തങ്ങളുടെ അംബാസഡറായി ബുംറയെ തിരഞ്ഞെടുക്കാൻ താൽപര്യം കാണിക്കാൻ കാരണമാകുന്നത്.
വിവാഹശേഷം, പൂനെയിലെ നിരവധി സ്വത്തുക്കൾക്ക് പുറമെ മുംബൈയിൽ ഏകദേശം 2 കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര ബംഗ്ലാവും ബുംറ സ്വന്തമാക്കിയിരുന്നു. മാത്രമല്ല, 2015-ൽ അഹമ്മദാബാദിൽ അദ്ദേഹം ഒരു ആഡംബര ബംഗ്ലാവ് വാങ്ങി. അതിന് നിലവിൽ 3 കോടി രൂപ മതിപ്പുവിലയുണ്ട്. ഈ സ്വത്തുക്കൾക്ക് പുറമേ, രാജ്യത്തുടനീളം പ്രധാന നഗരങ്ങളിൽ അദ്ദേഹം ഭൂമിയും സ്വന്തമാക്കിയിട്ടുണ്ട്.