റുഡോൾഫ് ഇറാസ്മസ് എന്ന ദക്ഷിണാഫ്രിക്കൻ പൈലറ്റായിരുന്നു വിമാനം പറത്തിയിരുന്നത്. നാലു യാത്രക്കാരുമായി 11,000 അടി ഉയരത്തിൽ പറത്തുമ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. സീറ്റിനടിയിലായി കാലിൽ തണുപ്പ് അനുഭവപ്പെട്ടപ്പോൾ വെള്ളക്കുപ്പി ചോർന്നതാകുമെന്നാണ് ഇറാസ്മസ് ആദ്യം കരുതിയത്. തുടർന്ന് സീറ്റിനടിയിലേക്ക് നോക്കിയപ്പോഴാണ് പാമ്പ് കടിക്കുന്നത് കണ്ടത്.
ആഫ്രിക്കയിലെ ഉഗ്രവിഷമുള്ള കേപ്പ് കോബ്ര എന്നയിനത്തിൽപ്പെട്ട പാമ്പാണ് വിമാനത്തിനുള്ളിൽ കയറിപ്പറ്റിയത്. ഈ പാമ്പിന്റെ കടിയേറ്റാൽ ജീവൻ രക്ഷപ്പെടാനുള്ള സാധ്യത നാമമാത്രമാണ്. ഇക്കാര്യം തനിക്ക് അറിയാമായിരുന്നുവെന്നും ഇറാസ്മസ് പറയുന്നു. എന്നാൽ ധൈര്യം സംഭരിച്ചുകൊണ്ട് താൻ എമർജൻസി ലാൻഡിങ് നടത്തുകയായിരുന്നു. ഭാഗ്യംകൊണ്ട് അരുതാത്തതൊന്നും സംഭവിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്തിൽ പാമ്പുള്ള കാര്യം ഉടൻ തന്നെ ഇറാസ്മസ് എയർ ട്രാഫിക് കൺട്രോളറെ അറിയിച്ചു. ഇതേത്തുടർന്നാണ് സമീപത്തെ വിമാനത്താവളത്തിൽ ഇറക്കാനുള്ള അനുമതി ലഭിച്ചത്. വിമാനം ലാൻഡ് ചെയ്തശേഷം ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റുമാറിയ ഇറാസ്മസ് നോക്കുമ്പോൾ പാമ്പ് ശാന്തനായി സീറ്റിന്റെ അടിയിൽ തന്നെ കിടക്കുന്നതാണ് കണ്ടത്. ദക്ഷിണാഫ്രിക്കൻ സിവിൽ ഏവിയേഷൻ കമ്മീഷണർ പോപ്പി ഖോസ ഇറാസ്മസിന്റെ മനസാന്നിദ്ധ്യത്തെ വാനോളം പുകഴ്ത്തി.