ഒരുപിടി അരി മാറ്റിവയ്ക്കാം; കോവിഡിനെ നേരിടാൻ കോവീടൊരുക്കി ലക്ഷ്മി മേനോൻ
പ്രളയ കാലത്ത് ആകെ മുങ്ങി പോയ പറവൂർ എന്ന കൈത്തറി ഗ്രാമത്തെ ഒന്നാകെ പിടിച്ചുയർത്തിയ ചേക്കുട്ടി പാവകൾക്കു ശേഷം കോവീടുമായി ലക്ഷ്മി മേനോൻ | ഡാനി ടി.പി.
News18 Malayalam | March 31, 2020, 9:24 AM IST
1/ 5
സാമൂഹ്യ പ്രവർത്തകയും സംരംഭകയുമായ ലക്ഷ്മി മേനോനെ അത്ര പെട്ടന്ന് നമ്മൾ മറക്കില്ല. കാരണം പ്രളയ കാലത്ത് ആകെ മുങ്ങി പോയ പറവൂർ എന്ന കൈത്തറി ഗ്രാമത്തെ ഒന്നാകെ പിടിച്ചുയർത്തിയത് അവരുടെ ചേക്കുട്ടി പാവകൾ എന്ന ആശയമായിരുന്നു. ചെളിയിൽ മുങ്ങിയ കൈത്തറി തുണിത്തരങ്ങളിൽ നിന്ന് അനേകായിരം പാവക്കുട്ടികൾ പിറവിയെടുത്തു. ചേറിൽ നിന്ന് വന്ന പാവക്കുട്ടിയെ നമ്മൾ ചേക്കുട്ടിയെന്ന് വിളിച്ചു. അതങ്ങനെ പ്രളയനാന്തര കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ അടയാളമായി
2/ 5
ഇപ്പോൾ കോവിഡ് എന്ന മഹാമാരിയെ ചെറുക്കാൻ വീട്ടിൽ കഴിയുന്നവർക്ക് പുതിയൊരാശയം നൽകുകയാണ് ലക്ഷ്മി. വീട്ടിലിരുന്നും നമ്മുക്ക് മറ്റുള്ളവരെ സഹായിക്കാം. അതിനിടയിൽ കുറച്ച് ക്രിയേറ്റിവിറ്റിയും ആകാം
3/ 5
ലോക് ഡൗൺ കാലത്ത് വീടുകളിൽ കഴിയുന്നവർ ഒരു ചെറു വീടിന്റെ മാതൃക ഉണ്ടാക്കുക. ഓരോരുത്തരുടേയും താല്പര്യവും കാഴ്ചപ്പാടും അനുസരിച്ചു അതിനു രൂപവും അളവും നിശ്ചയിക്കാം. അതിൽ നമ്മുക്ക് ഒരു പിടി ധാന്യമോ അരിയോ നിറച്ചു വെയ്ക്കാം. അതെന്തുമാകാം.ദിവസവും ഒരുപിടി മാറ്റിവെയ്ക്കുക എന്നതിലൂടെ കുട്ടികളെയും മറ്റൊരു നല്ല ശീലം പഠിപ്പിക്കാമെന്നു ലക്ഷ്മി
4/ 5
പണം മാത്രമല്ല കൂട്ടിവെയ്ക്കേണ്ടത്. ഒപ്പം അത് മറ്റുള്ളവർക്ക് നൽകാനും ശീലിപ്പിക്കാം. ഇങ്ങനെ നിറയുന്ന കോവീടുകൾ നമ്മുടെ വീട്ടിലിരിപ്പ് കഴിയുമ്പോൾ ഏറ്റവും അർഹരായ തൊട്ടടുത്തിടങ്ങളിലുള്ളവർക്കു നൽകാം. റെസിഡൻസ് അസോസിയേഷൻ ഉൾപ്പെടെയുള്ളവർ ഇതേറ്റെടുത്താൽ വലിയ രീതിയിൽ വിജയം കാണാമെന്നും ലക്ഷ്മി പറയുന്നു
5/ 5
വീടുകളിൽ കഴിയുമ്പോൾ സഹജീവികളെക്കൂടി ചേർത്തു ചിന്തിക്കാനും അവർക്കായി ഒരു നീക്കിയിരിപ്പു നൽകാനും കോവീടുകൾ സഹായിക്കും. വീടുകളുടെ മാതൃക എങ്ങനെ നിർമ്മിക്കാമെന്ന് www.coveed.in എന്ന വെബ്സൈറ്റിൽ പറഞ്ഞു തരുന്നുണ്ട്