കൊല്ലം: ആ ഒന്നാം ക്ലാസ് മുറി ഇനി അറിയപ്പെടുക ദേവനന്ദയുടെ പേരിൽ. ഒരു നാടിനെ മുഴുവൻ നൊമ്പരപ്പെടുത്തി കടന്നു പോയി ആ കുഞ്ഞിന്റെ ഓർമ്മകൾ നിലനിർത്താൻ സ്കൂൾ അധികൃതരും. വാക്കനാട് സരസ്വതി വിദ്യാനികേതൻ സ്കൂളില്‍ ദേവനന്ദ പഠിച്ച ക്ലാസ് മുറി ഇനി 'ദേവനന്ദ'യുടെ പേരിലാകും അറിയപ്പെടുക. അകാലത്തിൽ പൊലിഞ്ഞ തങ്ങളുടെ വിദ്യാർഥിക്ക് നൽകുന്ന ആദരം കൂടിയാണ് സ്കൂൾ അധികൃതരുടെ ഈ നീക്കം. കഴിഞ്ഞ ദിവസം നടന്ന ദേവനന്ദ അനുസ്മരണ ചടങ്ങിൽ കുട്ടിയുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ക്ലാസ് മുറിയ്ക്ക് പുതിയ പേര് നൽകിയത്. വളരെ മിടുക്കിയായ കുട്ടിയായിരുന്നു ദേവനന്ദ. എല്ലാവരുമായും അടുപ്പം സൂക്ഷിച്ചിരുന്നു. എന്നാണ് അവളുടെ മരണം നിർഭാഗ്യകരം എന്നറിയിച്ച് സ്കൂൾ അധികൃതർ പറഞ്ഞത്. സ്കൂളിലെ പ്രാർഥനാ മുറിയ്ക്കും ദേവനന്ദയുടെ പേര് നൽകാൻ തീരുമാനമുണ്ടെന്നും ഇവർ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊല്ലം ഇളവൂർ സ്വദേശി ദേവനന്ദയെ വീട്ടിൽ നിന്നും കാണാതാകുന്നത് കേരളക്കരയാകെ പ്രാർഥനയോടെ കാത്തിരുന്നിട്ടും തൊട്ടടുത്ത ദിവസം വീടിന് സമീപത്തെ ആറ്റിൽ നിന്നും കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.