ഇൻഡോർ: ഒരു രാത്രി മുഴുവൻ കഷ്ടപ്പെട്ട് പണിയെടുത്താണ് കള്ളൻ വീടിന്റെ പൂട്ട് തകർത്ത് അകത്തുകയറിയത്. വീട്ടിനുള്ളിൽ ഒന്നുമില്ലെന്ന് കണ്ട കള്ളന് അരിശം തോന്നുക സ്വാഭാവികം. വീട്ടിൽ നിന്ന് മടങ്ങുന്നതിന് മുൻപ് കള്ളൻ ഉടമസ്ഥന് ഒരു കുറിപ്പും എഴുതിവെച്ചു. 'നിങ്ങളെന്തൊരു കഞ്ഞിയാണ്' എന്നെഴുതി വച്ചാണ് കള്ളൻ സ്ഥലം വിട്ടത്. മധ്യപ്രദേശിലെ ഷാജാപൂർ ജില്ലയിലെ ആദർശ് നഗീൻ നഗറിലെ ഒരു വീട്ടിലായിരുന്നു സംഭവം. ഗവണ്മെന്റ് എഞ്ചിനീയറായ പർവേഷ് സോണിയുടെ വീട്ടിലാണ് കള്ളൻ കയറിയത്. 'നിങ്ങളെന്തൊരു കഞ്ഞിയാണ്. ജനാല തകർക്കാനെടുത്ത അധ്വാനത്തിന് പോലും ഒന്നും കിട്ടിയില്ല. എന്റെ ഈ രാത്രി നശിപ്പിച്ചു'- കുറിപ്പിൽ കള്ളൻ കുറിച്ചു.
റൂറൽ എഞ്ചിനീയറിംഗ് വകുപ്പിൽ ജോലി ചെയ്യുന്ന പർവേഷ് സോണി മോഷണ സമയം വീട്ടിലില്ലായിരുന്നു. തൊട്ടടുത്ത വീടുകൾ ജഡ്ജിയുടെയും ജോയിന്റ് കളക്ടറുടെയുമാണ്. രാവിലെ വീട്ടിലെത്തിയ സോണിയുടെ വീട്ടുജോലിക്കാരനാണ് കള്ളന്റെ കുറിപ്പ് കണ്ടത്. ജോലിക്കാരൻ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി. വീട്ടിലെ മുഴുവൻ മേശകളും അലമാരകളുമെല്ലാം ബലം പ്രയോഗിച്ച് തുറന്ന നിലയിലായിരുന്നു. ക്ലോസറ്റുകളും തകർത്തിരുന്നു. തുണികളൊക്കെ വാരിവിതറിയ നിലയിലായിരുന്നു. മേശപ്പുറത്തുണ്ടായിരുന്ന സോണിയുടെ ചെറിയ ഡയറിയിലാണ് കള്ളൻ തന്റെ നിരാശ എഴുതിവെച്ചത്.