[caption id="attachment_305645" align="aligncenter" width="1200"] കണ്ണുകളിൽ അസ്വസ്ഥതയും ചൊറിച്ചിലുമായി എത്തിയ അറുപതുകാരന്റെ കണ്ണിൽ നിന്ന് നീക്കം ചെയ്തത് ജീവനുള്ള 20 പുഴുക്കളെ. ചൈനയിൽ ആണ് സംഭവം. അതേസമയം രോഗിയുടെ വിശദാംശങ്ങൾ പുറത്തു വിടാത്ത ആശുപത്രി അധികൃതർ വാൻ എന്ന പേരു മാത്രമാണ് പുറത്തു വിട്ടത്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് കണ്ണിൽ കടുത്ത അസ്വസ്ഥതയുമായി വാൻ ആശുപത്രിയിൽ എത്തിയത്. കണ്ണിൽ തനിക്കുണ്ടായ അസ്വസ്ഥത എന്തോ ക്ഷീണത്തിന്റെ ഭാഗമാണെന്നാണ് അദ്ദേഹം കരുതിയത്. അങ്ങനെ തന്നെ വിചാരിച്ചാണ് ആശുപത്രിയിൽ ഡോക്ടറെ കാണുന്നതിനായി അറുപതുകാരൻ എത്തിയതും.
എന്നാൽ, കണ്ണിലെ വേദന അസഹനീയമാം വിധം വർദ്ധിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. സുഷോ നഗരത്തിലെ ആശുപത്രിയിലാണ് വാനെ പ്രവേശിപ്പിച്ചത്. തുടർന്ന് സുഷോ ആശുപത്രിയിലെ ഡോക്ടർമാർ അദ്ദേഹത്തെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഈ പരിശോധനയിൽ വലതു കൺപോളയുടെ അടിയിലായി ജീവനുള്ള ഇരുപതോളം ചെറു പുഴുക്കളെ കണ്ടെത്തുകയായിരുന്നെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
[caption id="attachment_305649" align="aligncenter" width="1200"] വിശദമായ വൈദ്യപരിശോധനയിൽ പുഴുക്കളെ കണ്ടെത്തിയതിനെ തുടർന്ന് പുഴുക്കളെ നീക്കം ചെയ്യുന്നതിനുള്ള മെഡിക്കൽ നടപടിക്രമങ്ങൾ ആരംഭിക്കുകയായിരുന്നു. ഡോക്ടർ ഷി ടിങ് ആയിരുന്നു പുഴുക്കളെ നീക്കം ചെയ്തത്. വിരകളെ പോലെ കണ്ടെത്തിയ ഏകദേശം ഇരുപതോളം പുഴുക്കളെയാണ് ഡോക്ടർ ഇയാളുടെ കണ്ണിൽ നിന്ന് നീക്കം ചെയ്തത്. നായ്ക്കൾ, പൂച്ചകൾ, മറ്റ് നിരവധി മൃഗങ്ങൾ എന്നിവയുടെ കണ്ണൂനീർ ഗ്രന്ഥികളിൽ കാണാവുന്ന പരാന്നഭോജികളാണ് ഇത്തരം വിരകൾ. ഇത് ലാർവകളിൽ നിന്ന് പുഴുക്കളായി വികസിക്കാൻ 15 ദിവസം മുതൽ 20 ദിവസം വരെ എടുക്കുമെന്ന് ഡോക്ടർ ഷി ടിങ് പറഞ്ഞു.
അതേസമയം, വാനിന്റെ കൺപോളകൾക്ക് താഴെ പുഴുക്കൾ എങ്ങനെ ഉണ്ടായിയെന്ന കാര്യത്തിൽ വ്യക്തതയില്ല. തനിക്ക് ഒരു തരത്തിലുള്ള ഓമനമൃഗങ്ങളും ഇല്ലെന്ന് ഇദ്ദേഹം ആശുപത്രി അധികൃതറെ അറിയിച്ചു. പുറത്തു പോയി ജോലി ചെയ്യുന്നതിനിടയിൽ ആയിരിക്കും ഇത്തരത്തിൽ പരാന്നഭോജികളുമായി സമ്പർക്കു ഉണ്ടായിട്ടുണ്ടാകുകയെന്ന് അദ്ദേഹം പറഞ്ഞു.