2012ലെ ക്രൈം-ത്രില്ലർ ചിത്രം 'സെക്കൻഡ് ഷോയിലൂടെ' ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ച ദുൽഖർ സൽമാൻ (Dulquer Salmaan) അതേ വർഷം ദേശീയ അവാർഡ് നേടിയ ചിത്രം ഉസ്താദ് ഹോട്ടലിലൂടെ മമ്മൂട്ടിയുടെ മകനായ താരപുത്രൻ എന്ന നിലയിൽ നിന്നും വമ്പൻ ആരാധകവൃന്ദമുള്ള നായകനായി മാറി. അഞ്ജലി മേനോന്റെ 'ബാംഗ്ലൂർ ഡേയ്സ്', സായ് പല്ലവി നായികയായ 'കലി', 'ചാർലി', 'കുറുപ്പ്' തുടങ്ങിയ ചിത്രങ്ങളിലൂടെ ഡി.ക്യൂ. മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായി ഉയർന്നു
മണിരത്നത്തിന്റെ തമിഴ് റൊമാന്റിക് കോമഡി ഓ കാതൽ കൺമണിയിലൂടെ ദുൽഖർ വ്യാപകമായ പ്രശംസ നേടുകയും ഒടുവിൽ ഇർഫാൻ ഖാൻ അഭിനയിച്ച 2018-ലെ കർവാനിലൂടെ ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. തുടക്കം മുതൽ തന്നെ താൻ എന്തിലാണ് വളരെയധികം സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ദുൽഖർ സൽമാൻ പറഞ്ഞു (തുടർന്ന് വായിക്കുക)
'എന്നെക്കൊണ്ടാവുമോ എന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ അതിജീവിക്കുമോ, ആളുകൾ എന്നെ സ്വീകരിക്കുമോ എന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ സിനിമയിലേക്ക് വരുമ്പോൾ ഒരുപാട് ആശങ്കകൾ ഉണ്ടായിരുന്നു. 20-കളിൽ ആയിരിക്കുമ്പോൾ, നിങ്ങൾക്ക് ഒട്ടേറെ ഭയവും അരക്ഷിതാവസ്ഥയും ഉണ്ടാകും. ഞാൻ അച്ഛന്റെ നിലയിലേക്ക് കയറുകയായിരുന്നു. എന്റെ കാര്യം പോട്ടെ, ആർക്കും അദ്ദേഹത്തെ വെല്ലുവിളിക്കാനോ പകരം വയ്ക്കാനോ കഴിയുമെന്ന് ഞാൻ കരുതുന്നില്ല...
'അതുമൂലം എനിക്ക് വല്ലാത്ത സമ്മർദ്ദം അനുഭവപ്പെട്ടിരുന്നു. ഞാൻ അദ്ദേഹത്തെപ്പോലെയാകണം എന്നല്ല, പക്ഷേ അദ്ദേഹത്തെ ഒരു തരത്തിലും നാണം കെടുത്താനോ ആ പാരമ്പര്യം നശിപ്പിക്കാനോ ഞാൻ ആഗ്രഹിച്ചില്ല. അതിനാൽ ഈ കാര്യങ്ങളിൽ ഞാൻ എന്നിൽ തന്നെ വളരെയധികം സമ്മർദ്ദം ചെലുത്താറുണ്ടായിരുന്നു. ഒരുപാട് വർഷങ്ങൾ ഞാൻ അങ്ങനെ ചെലവഴിച്ചു, ഓരോ ചുവടും ശ്രദ്ധാപൂർവ്വം എടുത്തു', താരം പറഞ്ഞു
'എന്റെ കരിയറിന്റെ തുടക്കത്തിൽ തന്നെ ചില മികച്ച സിനിമകൾ ലഭിച്ചത് നിയോഗമോ, ഈശ്വരനിശ്ചയമോ ആണ്. ചില മികച്ച സംവിധായകരുമായി സഹകരിക്കാൻ കഴിഞ്ഞു. എനിക്ക് മറ്റ് ഭാഷകളിൽ നിന്നും ഓഫറുകൾ ലഭിച്ചു, ഇവ ഉറച്ച സിനിമകളാണെന്ന് എനിക്കറിയാമായിരുന്നു, അതിനാൽ ഞാനും അത് പരീക്ഷിച്ചു. അത് എന്നെ സഹായിച്ചു,' അദ്ദേഹം കൂട്ടിച്ചേർത്തു
'നിങ്ങൾ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണെങ്കിൽ, നിങ്ങൾ ബഹുമാനിക്കപ്പെടും. അഭിനേതാക്കളെന്ന നിലയിൽ, നിങ്ങളുടെ കഥാപാത്രങ്ങളിലൂടെ വ്യത്യസ്തമായ ജീവിതം നയിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. ഒരു നടൻ എന്ന നിലയിൽ, എന്റെ സിനിമകളെക്കുറിച്ച് എനിക്ക് ബോധ്യമുണ്ട്, ബോധമുണ്ട്. ഓരോ സിനിമയും മറ്റൊന്നിൽ നിന്ന് വ്യത്യസ്തമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സിനിമകളുടെ വലിയൊരു പോർട്ട്ഫോളിയോ ഉണ്ടാവാൻ ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേർത്തു