സമോസ കച്ചവടം നടത്തി ദിവസവും ലക്ഷങ്ങൾ സമ്പാദിക്കാനാകുമോ? ബംഗളൂരുവിലെ ഒരു ദമ്പതികളോടാണ് ഈ ചോദ്യമെങ്കിൽ അതെ എന്ന ഉത്തരമാകും ലഭിക്കുക. ത്രികോണാകൃതിയിലുള്ളതും രുചികരവുമായ ജനപ്രിയ ഇന്ത്യൻ ലഘുഭക്ഷണമായ സമൂസ ശിഖർ വീർ സിങ്-നിധി സിങ് ദമ്പതികളുടെ ജീവിതം മാറ്റിമറിച്ച കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
സമൂസയിൽ നിറയ്ക്കുന്ന മസാലക്കൂട്ട് ചിലപ്പോൾ പ്രാദേശികമായി വ്യത്യാസപ്പെടാം, പക്ഷേ സാധാരണ ചേരുവകളിൽ ഉരുളക്കിഴങ്ങും കടലയും ഉള്ളിയും മസാലകളും എല്ലായിടത്തും ഉണ്ടാകാം. വ്യത്യസ്തതയ്ക്കുവേണ്ടി ചിക്കനോ മറ്റ് ഇറച്ചിയോ ചേർത്ത് നോൺ വെജ് സമോസയും ഉണ്ടാക്കാറുണ്ട്. എന്നാൽ ബംഗളുരുവിലെ ഈ ദമ്പതികളുടെ വിജയഗാഥ വളർന്നുവരുന്ന സംരംഭകർക്ക് വലിയ ഊർജം നൽകാനാകുമെന്ന കാര്യം തീർച്ചയാണ്.
നിധി സിങ്ങും ഭർത്താവ് ശിഖർ വീർ സിംഗും 2016-ലാണ് ബെംഗളൂരുവിൽ തങ്ങളുടെ ആദ്യ സമോസ കട തുടങ്ങിയത്. ഉയർന്ന ശമ്പളമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചാണ് ഇരുവരും സമോസ കച്ചവടത്തിലേക്ക് ഇറങ്ങിയത്. എന്നാൽ കോർപറേറ്റ് ജോലി ചെയ്തപ്പോൾ ലഭിച്ചതിനേക്കാൾ എത്രയോ ഉയർന്ന നിലയിലുള്ള സമ്പാദ്യമാണ് അവർക്ക് കച്ചവടത്തിലൂടെ ലഭിക്കുന്നത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ‘സമോസ’ വിറ്റ് ദമ്പതികൾ പ്രതിദിനം 12 ലക്ഷം രൂപ സമ്പാദിക്കുന്നുവത്രെ.
കുരുക്ഷേത്ര സർവകലാശാലയിൽ നിന്ന് ബയോടെക്നോളജിയിൽ ബി-ടെക് പഠിക്കുന്നതിനിടെയാണ് ശിഖറും നിധിയും ആദ്യമായി ഹരിയാനയിൽവെച്ച് കണ്ടുമുട്ടുന്നത്. പിന്നീട് ഇരുവരും വിവാഹിതരാകുകയും ചെയ്തു. ഹൈദരാബാദിൽ നിന്ന് എംടെക്കിന് ശേഷം ചേർന്ന ബയോകോണിൽ പ്രിൻസിപ്പൽ സയന്റിസ്റ്റായിരിക്കെയാണ് ശിഖർ ജോലി ഉപേക്ഷിച്ചതെന്നാണ് റിപ്പോർട്ട്. ഗുരുഗ്രാം ആസ്ഥാനമായുള്ള ഫാർമ കമ്പനിയിൽ നിന്ന് 30 ലക്ഷം രൂപ ശമ്പള പാക്കേജിലുള്ള ജോലിയായിരുന്നു നിധിക്ക് ഉണ്ടായിരുന്നത്.