ഇത്തവണ, തന്റെ ട്രാവൽ മാസ്റ്റർ എന്ന തന്റെ യു ട്യൂബ് ചാനലിൽ വ്യത്യസ്തമായ ഒരു വീഡിയോയുമായാണ് ഫിറോസ് ചുട്ടിപ്പാറ എത്തിയത്. 'ഇതാണ് മക്കളേ ലോകത്തിലെ ഏറ്റവും ചെറിയ ഫോൺ' എന്ന് പരിചയപ്പെടുത്തിയ കാപ്ഷനോടു കൂടിയ വീഡിയോ ഇതിനകം യു ട്യൂബിലെ ട്രെൻഡിങ് വൺ വീഡിയോ ആയി കഴിഞ്ഞു. ലോകത്തിലെ ഏറ്റവും ചെറിയ ഫോണെന്ന വിശേഷണത്തോടെയാണ് 'കെച്ചാഓടാ' (KECHAODA A26) എന്ന കുഞ്ഞിൻ ഫോണിന്റെ അൺബോക്സിംഗ് വീഡിയോ അവതരിപ്പിക്കുന്നത്. മാത്രമല്ല. ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങിയ ഈ ഫോണിന്റെ വിശേഷങ്ങളും ഫിറോസ് ചുട്ടിപ്പാറ പങ്കുവെയ്ക്കുന്നു.
ഒരു വിരലിന്റെ നീളം തികച്ചില്ലാത്ത ഈ കുഞ്ഞൻ ഫോണും നമ്മുടെ സിഗരറ്റ് ലൈറ്ററും കൂടി ഒരു പൊക്കമത്സരം വെച്ചാൽ സിഗരറ്റ് ലൈറ്റർ ആണ് വിജയിക്കുക. അപ്പോൾ തന്നെ മനസിലായല്ലോ ഈ കുഞ്ഞൻ ഫോണിന് എത്ര വലുപ്പമാണ് ഉള്ളതെന്ന്. ആള് കുഞ്ഞനാണെങ്കിലും വാറണ്ടി കാർഡ് ഉൾപ്പെടെയാണ് നമുക്ക് ഫോൺ ലഭിക്കുക. ഫോണിനൊപ്പം ചാർജിങ് കേബിളും ബാറ്ററിയും മാത്രമാണ് അധികമായി ലഭിക്കുന്നത്.
പണ്ടു നമ്മൾ ഉപയോഗിച്ചിരുന്ന നോക്കിയ ഫോണിനോട് ചില സാമ്യമൊക്കെ ഈ ഫോണിനും തോന്നും അതിന്റെ കീപാഡെല്ലാം അതുപോലെയാണ് വിന്യസിച്ചിരിക്കുന്നത്. രണ്ട് സിം ഇടാമെന്നതാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. എന്നാൽ, നാനോ സിം വേണം ഇതിൽ ഉപയോഗിക്കാനെന്നും വീഡിയോയിൽ ഫിറോസ് വ്യക്തമാക്കുന്നു. കൈവെള്ളയിൽ ഒതുങ്ങുന്ന ഈ കുഞ്ഞൻ ഫോണിന് നമ്മുടെ കൈയിൽ ഇപ്പോഴുള്ള വലിയ ഫോൺ ബ്ലൂടൂത്ത് വഴി നിയന്ത്രിക്കാൻ കഴിയും. അതും തന്റെ വീഡിയോയിൽ ഫിറോസ് വ്യക്തമാക്കുന്നുണ്ട്.
ജൂൺ ഏഴിന് ഫിറോസിന്റെ യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം അഞ്ചരലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. സിം ഉപയോഗിക്കാതെ ബ്ലൂ ടൂത്ത് വഴിയാണ് ഫിറോസ് തന്റെ കുഞ്ഞൻ മൊബൈൽ ഫോൺ പ്രവർത്തിപ്പിച്ചിരിക്കുന്നത്. ഫിറോസ് തന്റെ ട്രാവൽ മാസ്റ്റർ (Travel Master) എന്ന യു ട്യൂബ് ചാനലിലാണ് കുഞ്ഞൻ ഫോണിന്റെ വിശേഷങ്ങൾ പങ്കു വെച്ചിരിക്കുന്നത്.