മലയാള സിനിമയിൽ ഉൾപ്പെടെ സജീവമായ നടൻ ആശിഷ് വിദ്യാർത്ഥിയുടെ (Ashish Vidyarthi) രണ്ടാം വിവാഹം കഴിഞ്ഞ ദിവസം വാർത്താ തലക്കെട്ടുകളിൽ നിറഞ്ഞിരുന്നു. രൂപാലി ബറുവ എന്ന സംരംഭകയാണ് ആശിഷിനു വധുവായത്. മുൻ ഭാര്യ രജോഷി ബറുവയിൽ നിന്നും വളരെ വർഷങ്ങൾക്ക് മുൻപേ വിവാഹമോചനം നേടിയ ശേഷമാണ് ആശിഷ് വീണ്ടും വിവാഹിതനായത് എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്
ആസാം സ്വദേശിനിയാണ് രൂപാലി. ഇവർ ഗുവാഹത്തിയിൽ മുന്തിയ വസ്ത്ര ബ്രാൻഡ് നടത്തിപ്പോരുന്നു. പരിചയപ്പെട്ട ശേഷം ഇരുവരും ഫോൺ നമ്പറുകൾ കൈമാറുകയും, പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിച്ചേരുകയുമായിരുന്നു. ആദ്യ ഭാര്യയിൽ ആശിഷ് വിദ്യാർത്ഥിക്ക് 23 വയസുള്ള മകനുണ്ട്. രണ്ടാം വിവാഹശേഷം ആശിഷ് വിദ്യാർത്ഥിയുടെ ആദ്യഭാര്യയുടെ ചില പോസ്റ്റുകൾ ചർച്ചയാവുകയാണ് (തുടർന്ന് വായിക്കുക)
ഇൻസ്റ്റഗ്രാം സ്റ്റോറീസിൽ രജോഷി രണ്ടു കുറിപ്പുകൾ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതിലൊരെണ്ണം മനസിനേറ്റ മുറിവിനെക്കുറിച്ചാണ്. "ജീവിതത്തിലെ ശരിയായയാൾ, നിങ്ങൾ അവർക്ക് എത്രത്തോളം വേണ്ടപ്പെട്ടതാണെന്ന കാര്യത്തിൽ നിങ്ങളെ ചോദ്യം ചെയ്യില്ല. നിങ്ങളെ വേദനിപ്പിക്കുമെന്ന് അവർക്കറിയാവുന്ന കാര്യങ്ങൾ അവർ ചെയ്യില്ല. അത് ഓർക്കുക," എന്ന് ഒരുപോസ്റ്റിൽ പറയുന്നു
രണ്ടാമത്തെ പോസ്റ്റ്, അമിത ചിന്തയുടെ കാരണങ്ങൾ ഇല്ലാതാക്കി ജീവിതത്തിൽ സമാധാനവും ശാന്തതയും കണ്ടെത്തുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. "അമിതചിന്തയും സംശയവും മനസ്സിൽ നിന്ന് പുറത്തുപോകട്ടെ. ആശയക്കുഴപ്പത്തിന് പകരം വ്യക്തത വരട്ടെ. സമാധാനവും ശാന്തതയും നിങ്ങളുടെ ജീവിതത്തിൽ നിറയട്ടെ. നിങ്ങൾ ശക്തനാണ്, നിങ്ങളുടെ അനുഗ്രഹങ്ങൾ സ്വീകരിക്കാൻ തുടങ്ങേണ്ട സമയമാണിത്. നിങ്ങൾ അത് അർഹിക്കുന്നു," എന്നാണ് ആ പോസ്റ്റ്