വീട്ടിൽ നേരിട്ട വിവേചനത്തെക്കുറിച്ച് നേരത്തെ നടത്തിയ തുറന്നുപറച്ചിൽ വീട്ടുകാരെ വേദനിപ്പിച്ചതായി നടി റിമ കല്ലിങ്കൽ. ഏറെ കാലം മുമ്പുണ്ടായ പൊരിച്ചമീൻ വിവാദത്തിലാണ് വിശദീകരണവുമായി ഇപ്പോൾ നടി രംഗത്തെത്തിയത്. അന്നത്തെ വിവാദം അമ്മയെ കുറ്റപ്പെടുത്തിയതല്ലെന്ന് നടി റിമ കല്ലിങ്കൽ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അഭിമുഖത്തിലെ റിമ കല്ലിങ്കലിന്റെ വാക്കുകൾ ഇങ്ങനെ, 'ഈ സമൂഹത്തിൽ തന്നെ വളർന്നവരാണ് എൻറെ അച്ഛനും അമ്മയും. അവർ വേറെവിടെ നിന്നും പൊട്ടിവീണതൊന്നും അല്ലല്ലോ. പക്ഷേ അതിന്റെ ഉള്ളിൽ നിന്നുകൊണ്ട് അവർക്ക് മാറ്റാൻ പറ്റുന്നതെല്ലാം മാറ്റിയിട്ടുമുണ്ട്. അങ്ങനെയാണ് എന്നെ അവർ വളർത്തിയത്. ജീവിതത്തിൽ ഞാനെന്തെങ്കിലും വ്യത്യസ്തമായി ചെയ്തതിട്ടുണ്ടെങ്കിൽ അതിന് കാരണം അവരാണ്'.
ഭക്ഷണം കഴിക്കാനായി നാലുപേർ ഇരിക്കുന്ന ടേബിളിൽ മൂന്ന് ഫിഷ് ഫ്രൈ മാത്രമാണ് ഉള്ളതെങ്കിൽ അത് നാലുപേരും ചേർന്ന് പങ്കിട്ട് കഴിക്കണമെന്ന ചിന്ത തനിക്ക് പകർന്നത് മാതാപിതാക്കളാണെന്നും റിമ കല്ലിങ്കൽ പറഞ്ഞു. 'തുടർച്ചയായി ഫിഷ് ഫ്രൈ കിട്ടാത്ത അവസ്ഥ എനിക്ക് ഉണ്ടായിരുന്നെങ്കിൽ ഞാൻ അതിനോട് പൊരുത്തപ്പെട്ട് പോകുമായിരുന്നു. എനിക്ക് കിട്ടില്ലല്ലോ എന്നേ ഞാൻ വിചാരിക്കുകയുള്ളു. എന്നാൽ എന്റെ വീട് അങ്ങനെയല്ലായിരുന്നു. അത് ചെയ്യുന്നത് തെറ്റാണ് എന്ന് പറയാനുള്ള ഒരിടം സ്വന്തം വീട്ടിലുണ്ടായിരുന്നു'.- റിമ പറഞ്ഞു.
പൊരിച്ച മീൻ വിഷയം ട്രോളായത് എന്താണ് പറഞ്ഞതെന്ന് മനസിലാക്കാതെയാണെന്ന് റിമ കല്ലിങ്കൽ പറഞ്ഞു. 'ആ ഫിഷ് ഫ്രൈയുടെ പ്ലേറ്റിൽ നാലെണ്ണം ഉണ്ടെങ്കിൽ പോലും അതും കൂടി അമ്മ എനിക്ക് തരുമായിരുക്കും. പക്ഷെ അപ്പോഴും അമ്മ അവിടെ കഴിക്കാതിരിക്കുകയാണ്. അതാണല്ലോ ഇവിടുത്തെ എല്ലാ വീടുകളിലും നടക്കുന്നത്. അവർക്കും കൂടി വേണ്ടിയാണ് അവിടെ സംസാരിക്കുന്നതെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ അതൊന്നും കേൾക്കാതെ ട്രോൾ ഇറക്കുകയായിരുന്നു.- റിമ കല്ലിങ്കൽ കൂട്ടിച്ചേർത്തു.