സൊഹേൽ ഖതൂരിയയുമായുള്ള വിവാഹം മുതൽ വീണ്ടും നടി ഹൻസിക മോട്വാനി വാർത്തകളിൽ ഇടം നേടുകയാണ്. വിവാഹ വീഡിയോ ലവ് ഷാദി ഡ്രാമാ എന്ന പേരിൽ അടുത്തിടെ പുറത്തുവന്നിരുന്നു. സൊഹേലിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. മുൻപ് തമിഴ് നടൻ എസ്ടിആർ ചിമ്പുവുമായി ഡേറ്റിംഗ് നടത്തിയ ഹൻസികയ്ക്ക് പ്രണയത്തിനുള്ള രണ്ടാമത്തെ അവസരമായിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ, തന്റെ മുൻകാല ബന്ധത്തെക്കുറിച്ച് അവർ മനസ്സുതുറന്നു. സിമ്പുവുമായുള്ള ബന്ധം വേർപെടുത്തിയതിന് ശേഷം പ്രണയം കണ്ടെത്താൻ ഒരുപാട് വർഷങ്ങൾ വേണ്ടി വന്നുവെന്ന് ഹൻസിക പറഞ്ഞു.
“പിന്നീട് ഒരാളോട് യെസ് എന്ന് പറയാൻ കുറഞ്ഞത് 7-8 വർഷമെടുത്തു. ഞാൻ സ്നേഹത്തിൽ വിശ്വസിക്കുന്നു. ഞാൻ ഒരു റൊമാന്റിക് വ്യക്തിയാണ്, പക്ഷേ അത് പ്രകടിപ്പിക്കുന്ന വ്യക്തിയല്ല. ഞാൻ വിവാഹത്തിലും പ്രണയത്തിലും വിശ്വസിക്കുന്നു. സത്യം പറഞ്ഞാൽ, ഏറെെ സമയമെടുത്തു, എന്നേക്കും എന്റെ ആകാൻ പോകുന്ന ഒരാളോട് അതെ എന്ന് പറയാൻ ഞാൻ ആഗ്രഹിച്ചു. സൊഹേൽ വന്നതോടെ ഞാൻ കൂടുതൽ പ്രണയത്തിൽ വിശ്വസിക്കാൻ തുടങ്ങി. അതെ, ദൈവം എല്ലാം നിശ്ചയിച്ചിരുന്നു,” ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞു.
മുൻ ബന്ധത്തിൽ നിന്ന് എന്തെങ്കിലും പാഠങ്ങൾ ഉൾക്കൊള്ളുന്നുണ്ടോ എന്നും നടിയോട് ചോദിച്ചപ്പോൾ അത് വ്യത്യസ്തമായ ബന്ധമാണെന്ന് മറുപടി നൽകി, അത് ഇപ്പോൾ അവസാനിച്ചു. അതേസമയം, വിവാഹത്തിന് ശേഷം സൊഹേലിന്റെ ആദ്യ വിവാഹം തകർത്തുവെന്നാരോപിച്ച് ഹൻസികയ്ക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഹൻസികയുടെ സുഹൃത്തായിരുന്നു സൊഹൈലിന്റെ ആദ്യ ഭാര്യ. സുഹൃത്തിന്റെ വിവാഹ ജീവിതം തകർത്താണ് ഹൻസിക വിവാഹിതയാകുന്നതെന്നുള്ള തരത്തിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണവും നടിക്കു നേരെയുണ്ടായി.
“ആ സമയത്ത് എനിക്ക് ആ വ്യക്തിയെ അറിയാമായിരുന്നതുകൊണ്ട് അത് എന്റെ തെറ്റാണെന്ന് അർത്ഥമാക്കുന്നില്ല. എനിക്ക് ഇതുമായി ഒരു ബന്ധവുമില്ല. ഞാനൊരു പബ്ലിക് ഫിഗർ ആയതിനാൽ ആളുകൾക്ക് എന്നെ ചൂണ്ടിക്കാണിച്ച് എന്നെ വില്ലനാക്കാൻ വളരെ എളുപ്പമായിരുന്നു. ഒരു സെലിബ്രിറ്റി ആയതിന് ഞാൻ കൊടുക്കുന്ന വിലയാണിത്."- ഹൻസിക പറഞ്ഞു.