വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ വളരെ വേഗം സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. പ്രത്യേകിച്ചും, ഇന്ത്യയിലെ ഉൾനാടൻ ഗ്രാമങ്ങളിൽ ഉൾപ്പടെ നടക്കുന്ന വിവാഹങ്ങൾ. ഇപ്പോഴിതാ, വിവാഹ ഘോഷയാത്രയിൽ പങ്കെടുക്കാനാകാത്തതിൽ വരൻ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് വരന്റെ സുഹൃത്ത് കോടതിയെ സമീപിച്ച വാർത്തയാണ് പുറത്തുവരുന്നത്.
ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നിന്നുള്ള ഈ വരന്, സുഹൃത്തിന്റെ അതൃപ്തി കാരണം 50 ലക്ഷം രൂപ കൈയിൽനിന്ന് ചിലവായേക്കാം. വിവാഹ ക്ഷണക്കത്തിൽ പറഞ്ഞിരിക്കുന്ന സമയത്തിന് മുമ്പ് വിവാഹ ഘോഷയാത്ര പുറപ്പെട്ടതിനെ തുടർന്നാണ് സുഹൃത്ത് അതൃപ്തനായത്. കടുത്ത നടപടികൾ സ്വീകരിക്കാൻ അദ്ദേഹം തീരുമാനിക്കുകയും പ്രാദേശിക കോടതിയിൽ ഒരു കേസ് ഫയൽ ചെയ്യുകയും ചെയ്തു. അമർ ഉജാല റിപ്പോർട്ട് അനുസരിച്ച്, വരൻ രവി തന്റെ സുഹൃത്തിൽ ഒരാളായ ചന്ദ്രശേഖറിനോട് അവരുടെ പൊതു സുഹൃത്തുക്കൾക്കിടയിൽ തനിക്ക് വേണ്ടി വിവാഹ ക്ഷണക്കത്തുകൾ വിതരണം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു.
വൈകിട്ട് അഞ്ചിന് വിവാഹ ഘോഷയാത്ര വീട്ടിൽനിന്ന് പുറപ്പെടുമെന്നായിരുന്നു ക്ഷണക്കത്തിൽ രേഖപ്പെടുത്തിയിരുന്നത്. ചന്ദ്രശേഖർ, മറ്റ് സുഹൃത്തുക്കളോടൊപ്പം, നിശ്ചിത സമയത്ത് വരന്റെ വീട്ടിലെത്തിയപ്പോൾ, ഘോഷയാത്ര പുറപ്പെട്ടിരുന്നു. ഇതുകാരണം അവർക്ക് വിവാഹ ഘോഷയാത്രയിൽ പങ്കെടുക്കാൻ സാധിച്ചില്ല. ഇതോടെ വരനെ ഫോണിൽ ബന്ധപ്പോൾ ഘോഷയാത്ര അവസാനിക്കാറായെന്നും നിങ്ങൾ വീട്ടിലേക്ക് മടങ്ങി പോകാനുമായിരുന്നു നിർദേശം.
ഈ പ്രതികരണം ചന്ദ്രശേഖറിനെ അങ്ങേയറ്റം അസ്വസ്ഥനാക്കി, അങ്ങനെ വരനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാൻ അദ്ദേഹം തീരുമാനിച്ചു. വരൻ ആവശ്യപ്പെട്ടിട്ട് താൻ വിവാഹത്തിന് ക്ഷണിച്ചവർ തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ചന്ദ്രശേഖർ പറഞ്ഞു. 50 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് പുറമെ വരനോട് പരസ്യമായി മാപ്പ് പറയണമെന്നും ചന്ദ്രശേഖർ ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ വിവാഹങ്ങൾ ഇത്തരത്തിൽ വാർത്തകളിൽ ഇടംനേടുകയും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്യുന്ന സംഭവങ്ങൾ ഇതാദ്യമായല്ല. മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിൽ നിന്നുള്ള അത്തരത്തിലുള്ള ഒരു സംഭവത്തിൽ, വരൻ വിവാഹത്തിന് വൈകിയതിനെത്തുടർന്ന് ഒരു സ്ത്രീ തന്റെ ബന്ധുവിനെ വിവാഹം കഴിച്ച സംഭവം അടുത്തിടെയാണ് വാർത്തയായത്.
ഈ വർഷം ആദ്യം ഏപ്രിൽ 22 ന് വൈകുന്നേരം 4 മണിക്ക് വിവാഹ ചടങ്ങുകൾ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. രാത്രി എട്ടുമണിയായിട്ടും വരൻ മണ്ഡപത്തിൽ എത്തിയില്ല. ഈ സമയം സുഹൃത്തുക്കളോടൊപ്പം നൃത്തവും മദ്യപാനവും തുടർന്ന വരന് മണ്ഡപത്തിൽ എത്താനായില്ല. ഇയാളുടെ പെരുമാറ്റത്തിൽ പ്രകോപിതരായ വധുവിന്റെ വീട്ടുകാർ കല്യാണം നിർത്തിവെക്കുകയും വരന്റെ സംഘത്തിന്റെ വിവാഹ ഘോഷയാത്ര തിരിച്ചയച്ചു. പിന്നീട്, അന്ന് വൈകുന്നേരം, വിവാഹത്തിൽ പങ്കെടുക്കാൻ അതിഥിയായി വന്ന ബന്ധുക്കളിൽ ഒരാളുമായി വധുവിന്റെ വിവാഹം നടത്തുകയും ചെയ്തു.