കേവലം പതിനാറാം വയസ്സിൽ കോളേജിൽ നിന്നും പഠനം അവസാനിപ്പിച്ച് പുറത്തിറങ്ങിയ പെൺകുട്ടി. ഇന്ന് അവൾക്ക് പ്രായം 19 വയസ്സ്. ഒന്നരക്കോടിയുടെ വീടിന്റെ ഉടമ. ധരിക്കാൻ ആഡംബര വസ്ത്രങ്ങൾ. കൊണ്ടുനടക്കാൻ ബ്രാൻഡഡ് ബാഗുകൾ. എല്ലാത്തിനും കാരണം ഇൻസ്റ്റഗ്രാം. ഇൻസ്റ്റഗ്രാം താരമോ സെലിബ്രിറ്റിയോ ഒന്നുമല്ല. പക്ഷെ ഈ യുവതിക്ക് എങ്ങനെ ഇൻസ്റ്റഗ്രാം പ്രയോജനപ്പെടുത്തണം എന്ന് വ്യക്തമായി അറിയാം; അത്രമാത്രം
പതിനാറാം വയസ്സിൽ പെട്ടെന്നുണ്ടായ ഉൾവിളിയിൽ കോളേജ് പഠനം അവസാനിപ്പിക്കുമ്പോൾ മുന്നോട്ടുള്ള ജീവിതം എന്തെന്നോ പോംവഴി എന്തെന്നോ ജോർജിയ പോർട്ടൊഗാലോ എന്ന ഈ യുവതിക്ക് യാതൊരു നിശ്ചയവും ഇല്ലായിരുന്നു. പഠനത്തിൽ വലിയ പുരോഗതി കാണാത്തതിനെ തുടർന്ന് താൻ തന്റെ സമയം പാഴാക്കുന്നു എന്ന തോന്നലിലാണ് യുവതി പഠനം അവസാനിപ്പിച്ചത്
കേവലം മൂന്ന് വർഷം കൊണ്ടാണ് 160K പൗണ്ട് അഥവാ ഒന്നര കോടി രൂപ വിലമതിക്കുന്ന വീടും 19 ലക്ഷത്തിനു മേൽ വിലമതിക്കുന്ന ഡിസൈനർ ബാഗുകളും ഇംഗ്ലണ്ടുകാരിയായ ഈ യുവതി സ്വന്തമാക്കിയിരിക്കുന്നത്. കോളേജിൽ താനൊരിക്കലും സന്തോഷവതിയായി ഇരിക്കില്ല എന്നും കോളേജ് തന്നെ ഒരിക്കലും സന്തോഷിപ്പിക്കുകയും ഇല്ല എന്ന തിരിച്ചറിവിലാണ് യുവതി കോളേജ് പഠനം ഉപേക്ഷിച്ച് പുറത്തിറങ്ങിയത്.
തുടക്കത്തിൽ പലരും നെറ്റിചുളിച്ചു എങ്കിലും ഇന്ന് ആ തീരുമാനം നല്ലതായിരുന്നു എന്ന് ജോർജിയ മനസ്സിലാക്കുന്നു. മൂന്നുവർഷം കാമുകനായിരുന്ന ജോർദനുമായി ഇക്കഴിഞ്ഞ ജൂണിലായിരുന്നു ജോർജിയയുടെ വിവാഹ നിശ്ചയം. ഇന്നിപ്പോൾ ജോർജിയയുടെ അലമാര തുറന്നു കഴിഞ്ഞാൽ അതിനകത്ത് ബ്രാൻഡഡ് ബാഗുകളുടെയും വസ്ത്രങ്ങളുടെയും ഒരു കൂമ്പാരം തന്നെ കാണാം. എങ്ങനെയാണ് ജോർജിയ പണം സമ്പാദിച്ചു എന്നല്ലേ, കേട്ടോളൂ
കോളേജ് പഠനം അവസാനിപ്പിച്ച് പുറത്തിറങ്ങിയ വ്യക്തിയാണെങ്കിലും ജോർജിയക്ക് നൂറുകണക്കിന് വിദ്യാർത്ഥികൾ ഉണ്ട്. അതിൽ കൗമാരക്കാർ മുതൽ 60 വയസ്സ് പിന്നിട്ടവർ വരെ ഉൾപ്പെടും. അവരെ എങ്ങനെ സോഷ്യൽ മീഡിയയിൽ പ്രശസ്തർ ആക്കാം എന്ന് പഠിപ്പിക്കുന്നതാണ് ജോർജിയയുടെ തൊഴിൽ. ഇത്രയും നാളിനകം അവർ 15000 വിദ്യാർത്ഥികളെ പഠിപ്പിച്ചു കഴിഞ്ഞു. ഇൻസ്റ്റഗ്രാമിൽ 121K ഫോളോവേഴ്സ് ജോർജിയയുടെ പേജിന് ഏതാനും വർഷങ്ങൾ കൊണ്ട് തന്നെ ലഭിച്ചു
ഇന്നിപ്പോൾ ജോർജിയയുടെ ഒരു പോസ്റ്റിനു തന്നെ 4000 പൗണ്ട് അതായത് മുപ്പത്തിയെണ്ണായിരത്തി അഞ്ഞൂറോളം രൂപ വരുമാനം ഉണ്ട്. കോളേജിൽ നിന്നും പുറത്തിറങ്ങും നേരം തന്റെ അച്ഛന്റെ കയ്യിൽ നിന്നും കടം വാങ്ങിയ 50 പൗണ്ട് അഥവാ 1800 രൂപ മാത്രമാണ് ജോർജിയയുടെ കയ്യിൽ ഉണ്ടായിരുന്നത്. വസ്ത്രങ്ങളും മേക്കപ്പ് സാധനങ്ങളും ഓൺലൈനിൽ വിറ്റായിരുന്നു അന്ന് കാശ് സമ്പാദിച്ചിരുന്നത് (പ്രതീകാത്മക ചിത്രം)
പ്രശസ്തരായ സെലിബ്രിറ്റികളുടെ ഇൻസ്റ്റാഗ്രാം പേജുകളും ചിത്രങ്ങളും നിരീക്ഷിച്ചു കൊണ്ടാണ് ജോർജിയയുടെ തുടക്കം. ഇൻസ്റ്റഗ്രാം പേജ് തുടങ്ങി ആദ്യ ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ഫോളോവേഴ്സ് എത്തിത്തുടങ്ങി. അവരുടെ ഇഷ്ടങ്ങൾ മനസ്സിലാക്കിയും അവരോടുള്ള ആശയവിനിമയവും വഴി ജോർജിയ മുന്നേറി. അവരുടെ പോസ്റ്റുകൾക്ക് കമന്റ് നൽകാൻ ശ്രദ്ധിച്ചു. അവർ അത് ശ്രദ്ധിക്കുകയും തിരിച്ചു തന്നെ ഫോളോ ചെയ്യാനും തുടങ്ങി
2018ൽ 30k ഫോളോവേഴ്സ് എത്തിയതോടു കൂടിയാണ് ജോർജിയയുടെ ആത്മവിശ്വാസം ഉയർന്നത്. ബ്രാൻഡുകൾ അവരെ തേടിയെത്തി. 10 പൗണ്ട് വരെ ഓരോ പോസ്റ്റും വിലയിട്ടു തുടങ്ങി. അന്നൊക്കെ കാമുകൻ ജോർദന്റെ കൂടെ ഒരു ഡിന്നർ കഴിക്കുക എന്നതിൽ കവിഞ്ഞ് ഒരു ആഗ്രഹവും ജോർജിയയ്ക്കു ഇല്ലായിരുന്നു. 2018ൽ ഇറ്റലിയിൽ മുത്തശ്ശിക്കൊപ്പം താമസിക്കവേയാണ് പുതിയ ആശയം ജോർജിയയുടെ മനസ്സിൽ കടന്നു കൂടിയത്. ഒട്ടേറെ ആളുകൾക്ക് ഇൻസ്റ്റഗ്രാമിൽ പ്രശസ്തർ ആവണം എന്ന് ആഗ്രഹമുണ്ട്. ഉടൻ തന്നെ പേപ്പറും പേനയുമെടുത്ത് ഏകദേശം 88 പേജോളം തന്റെ മനസ്സിൽ വന്നത് മുഴുവനും അവർ കുത്തിക്കുറിച്ചു. ആ കുറിപ്പ് തന്നെ നല്ലൊരു തുക വരുമാനമുണ്ടാക്കി കൊടുത്തു
ഒട്ടേറെപ്പേർ ജോർജിയയിൽ നിന്നും ഉപദേശം സ്വീകരിക്കുന്നുണ്ട് എങ്കിലും സൈബർ ബുള്ളികളുടെ ആക്രമണം ഇല്ല എന്ന് ജോർജ് പറയില്ല. അവരെ കൃത്യമായി അവഗണിക്കാനും ജോർജിയയ്ക്കു അറിയാം. ഇപ്പോൾ ഇൻസ്റ്റഗ്രാം താരമാവാൻ ഏറെപ്പേർ ജോർജിയയുടെ സഹായം സ്വീകരിക്കുന്നുണ്ട്. ഈ വീടും വളരെ ആഡംബരത്തോടെ കൂടി തന്നെ അണിയിച്ചൊരുക്കിയിട്ടുണ്ട്. ഒട്ടേറെ ബ്രാൻഡ് ഡിസൈനർ ഉൽപ്പന്നങ്ങൾ ഉൾപ്പെടും. 2024ൽ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണ് ജോർജിയ ഇപ്പോൾ