മോസ്കോ: പല തരത്തിൽ കള്ളങ്ങൾ പറയുന്നത് നമ്മൾ കേട്ടിട്ടുണ്ട്. ഗർഭം ഒളിപ്പിച്ചു വെയ്ക്കാൻ കളവ് പറയുന്നതും നമ്മൾ പല വാർത്തകളിലൂടെയും സംഭവങ്ങളിലൂടെയും കേട്ടിട്ടുണ്ട്. എന്നാൽ, ഭർത്താവിന്റെ സന്തോഷത്തിനു വേണ്ടി ഗർഭിണി അല്ലാതിരുന്നിട്ടും ഗർഭിണി ആണെന്ന് പറയുക. തുടർന്ന്, ഗർഭിണി ആയി അഭിനയിക്കുക. പക്ഷേ, എത്ര ആയാലും ഒമ്പതു മാസം കഴിയുമ്പോൾ പ്രസവിക്കണ്ടേ? അവിടെയാണ് സംഭവത്തിന്റെ ട്വിസ്റ്റ് തുടങ്ങുന്നത്.
താൻ ഗർഭ പരിശോധന നടത്തിയപ്പോൾ അത് പോസിറ്റീവ് ആണെന്ന് ആയിരുന്നു ലോറ ഭർത്താവിന്റെ സമീപത്ത് എത്തി അവകാശപ്പെട്ടത്. എന്നാൽ, വളരെ പെട്ടെന്നാണ് ലോറ കെട്ടിപ്പൊക്കിയ നുണകളുടെ ചില്ലു കൊട്ടാരം തകർന്നടിഞ്ഞ് വീണത്. ഭർത്താവായ ദൗതിനോട് താൻ ഗർഭിണിയാണെന്ന് ലോറ അറിയിക്കുകയായിരുന്നു. താൻ ഗർഭിണിയാണെന്ന വിവരം പറഞ്ഞപ്പോൾ ഭർത്താവിന്റെ മുഖത്ത് ഉണ്ടായ സന്തോഷം കണ്ട ലോറ സ്തംഭിച്ചു പോയി. ഇതിനെ തുടർന്ന് താൻ പറഞ്ഞ കളവ് തിരുത്തി പറയാൻ അവൾക്ക് കഴിഞ്ഞതുമില്ല. ഭർത്താവിന്റെ സന്തോഷിക്കുന്ന മനസിനെ വേദനിപ്പിക്കാൻ തനിക്ക് മനസ് വന്നില്ലെന്നും അതു കൊണ്ടാണ് താൻ സത്യം തുറന്നു പറയാതിരുന്നതെന്നും ലോറ വെളിപ്പെടുത്തുന്നു.
തന്റെ പ്രവർത്തികളെ ലോറ ന്യായീകരിക്കുന്നത് ഇങ്ങനെ, 'ഞാൻ ഗർഭിണി ആണെന്ന് പറഞ്ഞപ്പോൾ എന്റെ ഭർത്താവ് അതീവ സന്തോഷവാൻ ആയിരിക്കുന്നത് ഞാൻ കണ്ടു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. പിന്നീട് അങ്ങോട്ടും നുണകൾ പറയുവാൻ ഞാൻ ആഗ്രഹിച്ചു. ഭർത്താവിനോടും ബന്ധുക്കളോടും ഞാൻ ഗർഭിണിയാണെന്ന് നുണ പറഞ്ഞു കൊണ്ടേയിരുന്നു. പക്ഷേ, മുന്നോട്ട് ഇനി എന്തു ചെയ്യണമെന്ന എനിക്ക് ഒരു പദ്ധതി ഉണ്ടായിരുന്നില്ല. ചില സമയങ്ങളിൽ എന്റെ വയറ് വലുതാകുന്നതു പോലെ എനിക്ക് തോന്നി. ഞാൻ ഗർഭിണിയാണെന്ന് എനിക്ക് തോന്നി. ജനുവരിയിൽ കുഞ്ഞുങ്ങളുടെ കട്ടിലുകൾ കാണാൻ ഞാൻ പോയി. എന്നാൽ, അത് അങ്ങേയറ്റം വേദനാജനകമായ അനുഭവം ആയിരുന്നു. കാരണം ഞാൻ ഗർഭിണി അല്ല എന്നുള്ള സത്യം എനിക്ക് അറിയാമായിരുന്നു. പക്ഷേ, ഗർഭിണിയാണെന്ന് അഭിനയിക്കുന്നത് നിർത്താൻ ഞാൻ തയ്യാറായില്ല' - ലോറ വ്യക്തമാക്കി.
ഏതായാലും സത്യം പുറത്തു പറയാൻ കഴിയാതെ വന്നതോടെ ഒരു മറ്റേണിറ്റി ആശുപത്രിക്ക് സമീപം ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുന്നതു വരെ എത്തി കാര്യങ്ങൾ. ഫെബ്രുവരി മൂന്നിന് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതായി അവർ വെളിപ്പെടുത്തി. എന്നാൽ, രണ്ടു കുഞ്ഞുങ്ങളും സെറിബ്രൽ ഹെമറേജ് അനൂറിസം എന്ന അസുഖത്തെ തുടർന്ന് മരിച്ചതായും അവർ ഭർത്താവിനോട് പറഞ്ഞു. എന്നാൽ, അന്നു തന്നെ ഭർത്താവ് തന്റെ കുഞ്ഞുങ്ങളെ ഡഗെസ്താനിലെ കുടുംബ ശ്മശാനത്തിൽ അടക്കം ചെയ്യാമെന്ന് പറഞ്ഞു. തുടർന്ന് കുഞ്ഞുങ്ങളെ അടക്കം ചെയ്യുന്നതിനായി കുടുംബ ശ്മശാനത്തിലേക്ക് കൊണ്ടു പോകേണ്ടതായി വന്നു. ഞാൻ രണ്ടു കുഞ്ഞു പാവകളെ വാങ്ങി അതിനെ പൊതിഞ്ഞ് ശവസംസ്കാര ചടങ്ങുകൾക്കായി എത്തിച്ചു. എന്നാൽ, ലോറ ഈ നിമിഷം വരെ കെട്ടിപ്പൊക്കിയ നുണകളെല്ലാം ഈ സമയത്ത് തകർന്നു വീഴുകയായിരുന്നു.
ദൗദിനോട് അദ്ദേഹത്തിന്റെ അടുത്ത ഒരു ബന്ധുവാണ് കുഞ്ഞുങ്ങളുടെ മുഖം നോക്കുവാൻ ആവശ്യപ്പെട്ടത്. മരിച്ചു പോയ കുഞ്ഞുങ്ങളാണെങ്കിലും അവർ ഇപ്പോഴും മനുഷ്യൻമാരാണെന്നും അടക്കം ചെയ്യുന്നതിനു മുമ്പ് അവരുടെ മുഖം ഒരു നോക്ക് കാണണമെന്നും ബന്ധു ആവശ്യപ്പെട്ടതിനെ തുടർന്നാണ് മൃതദേഹം പുതപ്പിച്ചിരുന്നു ആവരണം മാറ്റി നോക്കിയത്. എന്നാൽ, രണ്ടു മൃതദേഹങ്ങൾക്കും കണ്ണ് ഉണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് അത് പാവക്കുട്ടികളാണെന്ന് മനസിലായതെന്നും ദൗത് പറഞ്ഞു.