ന്യൂഡല്‍ഹി: ലോകത്തിലെ സൈനിക ശക്തിയെക്കുറിച്ചുള്ള പഠനം പുറത്തുവിട്ട് മിലിട്ടറി ഡയറക്ട്. ചൈനയാണ് ഏറ്റവും വലിയ സൈനിക ശക്തിയെന്ന് പഠനം ചൂണ്ടികാണിക്കുന്നു. എന്നാല്‍ വലിയ തോതില്‍ സൈനിക ബജറ്റ് പ്രഖ്യാപിച്ചിട്ടും അമേരിക്ക 74 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്ത് 69 പോയിന്റുമായി റഷ്യയാണ്. അതേമസയം 61 പോയിന്റുകള്‍ നേടി ഇന്ത്യ നാലാം സ്ഥാനത്താണ്. ഫ്രാന്‍സ് 58 പോയിന്റുമായി ഇന്ത്യക്ക് പുറകിലുണ്ട്. യുകെ 43 പോയിന്റുമായി ആദ്യ പത്തില്‍ സ്ഥാനം നേടി. ഒന്‍പതാം സ്ഥാനത്താണ് യുകെ.
അള്‍ട്ടിമേറ്റ് മിലിട്ടറി സ്ട്രെങ്ത് സൂചികയിലാണ് ഇക്കാര്യം പറയുന്നത്. ബജറ്റ്, സജീവവും അല്ലാത്തതുമായ സൈനിക ഉദ്യോഗസ്ഥര്‍, വ്യോമ, കര, നാവിക, ആണവ വിഭാഗങ്ങള്‍, അടിസ്ഥാന ശമ്പളം, ഉപകരണങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യറാക്കിയത്. ഇതില്‍ ചൈന 82 പോയിന്റുകള്‍ നേടിയാണ് ഏറ്റവും വലിയ സൈനിക ശക്തിയായി മാറിയത്. ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ ബജറ്റ്, ഉദ്യോഗസ്ഥര്‍, വ്യോമ, കര, നാവിക ശേഷി തുടങ്ങിയവയുടെ കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ചൈന ലോകത്തിലെ വലിയ പ്രതിരോധ ശേഷിയുള്ള രാജ്യമായി മാറിയിരിക്കുന്നു എന്ന് സൂചിക ചൂണ്ടിക്കാട്ടുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ സൈനിക ചെലവ് വഹക്കുന്ന രാജ്യം അമേരിക്കയാണ്. 732 ബില്യണ്‍ ഡോളറാണ് സൈന്യത്തിനായി അമേരിക്ക മാറ്റി വയ്ക്കുന്നത്. അതേമസമയം ചൈന സൈന്യത്തിനായി മാറ്റി വയ്ക്കുന്നത് 261 ബില്യണ്‍ യുഎസ് ഡോളറാണ്. ഇന്ത്യ 71 ബില്യണ്‍ യുഎസ് ഡോളറാണ് സൈന്യത്തിനായി ചെലവഴിക്കുന്നത്. സാങ്കല്പിക ഏറ്റുമുട്ടൽ ഉണ്ടായാല്‍ ചൈന കടലിലൂടെയും അമേരിക്ക വ്യോമ വിഭാഗത്തിലും റഷ്യ കരയിലൂടെയും വിജയിക്കും. വ്യോമ വിഭാഗത്തില്‍ അമേരിക്കയുടെ 14,141 എയര്‍ഷിപ്പുകളും റഷ്യയുടെ 4,682 എയര്‍ഷിപ്പുകളും ചൈനയുടെ 3,587 എയര്‍ഷിപ്പുകളും ആണ് ഉള്ളത്. എന്നാല്‍ കരയില്‍ റഷ്യക്ക് 54,866 യുദ്ധ വാഹനങ്ങളും അമേരിക്കക്ക് 50,326ഉം ചൈനയ്ക്ക് 41,641 ഉം വാഹനങ്ങള്‍ ആണ് ഉള്ളതെന്ന് സൂചിക വ്യക്തമാക്കുന്നു.
വികസിത രാജ്യങ്ങളായ ഫ്രാൻസും ജർമ്മനിയും ബ്രിട്ടനുമെല്ലാം ഫയർ പവർ ഇൻഡക്സ് എന്ന ആയുധശേഷി പട്ടികയിൽ ഇന്ത്യയ്ക്ക് പിന്നിൽ തന്നെയാണുണ്ടായിരുന്നത്. കര-വ്യോമ-നാവിക സേനയിൽ അമേരിക്കയും റഷ്യയും ചൈനയും മാത്രമാണ് ഈ പട്ടികയിൽ ഇന്ത്യക്ക് മുന്നിലുണ്ടായിരുന്നത്. 13 62,500 സൈനികരുള്ള ഇന്ത്യൻ കരസേനയാണ് ലോകത്തിൽ രണ്ടാമത്തെ വലിയ കരസേന. 37,12,500 സൈനികരുള്ള ചൈനയാണ് പട്ടികയിൽ ഒന്നാമത്. ഏഴ് കമാൻഡർമാർക്ക് കീഴിൽ പ്രവർത്തിക്കുന്ന കരസേന രാജ്യത്തെ മൊത്തം സൈനിക ശേഷിയുടെ 80 ശതമാനം വരും. മിഗ് 29, മിറാഷ്, സുഖോയ്, ബോയിംഗ്, ജാഗ്വാർ തുടങ്ങി ലോകത്തിൽ മുൻപന്തിയുള്ള എല്ലാ യുദ്ധവിമാനങ്ങളും ഇന്ത്യൻ സൈന്യത്തിന്റെ കരുത്തായുണ്ട്.