ടോക്കിയോ: നാട്ടിലെ യുവത്വത്തോട് ഒന്ന് കല്യാണം കഴിക്കാമോ എന്ന അഭ്യർത്ഥനയുമായി ഇറങ്ങിയിരിക്കുകയാണ് ഒരു സർക്കാർ. ഇതിന്റെ ഭാഗമായി പുതിയതായി വിവാഹിതരാകുന്നവർക്ക് സാമ്പത്തിക പിന്തുണയും ഉറപ്പു വരുത്തുകയാണ്. ജപ്പാൻ സർക്കാരാണ് രാജ്യത്തെ കുറഞ്ഞ ജനനനിരക്ക് മറികടക്കാൻ പുതിയതായി വിവാഹിതരാകുന്നവർക്ക് ഒരു സാമ്പത്തികനയം കൊണ്ടു വന്നിരിക്കുന്നത്. പുതിയതായി വിവാഹിതരാകുന്നവർക്ക് 6,00,000 യെൻ (4.2ലക്ഷം രൂപ) ജപ്പാൻ സർക്കാർ നൽകും. വരുന്ന ഏപ്രിൽ മുതലായിരിക്കും ഈ തീരുമാനം നടപ്പിലാകുക.
വിവാഹിതരാകുന്നവർ 40 വയസിന് താഴെയുള്ളവർ ആയിരിക്കണം. അത് മാത്രമല്ല, ഇരുവരുടെയും മൊത്ത വരുമാനം 38 ലക്ഷം രൂപയ്ക്കും താഴെയായിരിക്കുകയും വേണം. ഈ വിഭാഗത്തിൽപ്പെട്ടവർക്ക് വിവാഹത്തിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. അതേസമയം, 35 വയസിൽ താഴെയുള്ളവർക്ക് നിയമം അൽപം വ്യത്യസ്തമാണ്. അവരുടെ വരുമാനം 33 ലക്ഷത്തിലും താഴെയാണെങ്കിൽ അവർക്ക് വിവാഹത്തിന് 2.1 ലക്ഷം രൂപയായിരിക്കും സർക്കാർ നൽകുക.
വാടക, നിക്ഷേപം, ഇളവുകൾ, സ്ഥലം മാറുന്ന ചെലവുകൾ എന്നിവയുൾപ്പെടെ വിവിധ ജീവിത ചെലവുകളാണ് പോളിസി തുകയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വിവാഹത്തിനുള്ള തുക കണ്ടെത്താനുള്ള പ്രയാസം കാരണം ജപ്പാനിലെ ആളുകൾ വൈകി വിവാഹം കഴിക്കുകയോ അവിവാഹിതരായി കഴിയുകയോ ആണ് ചെയ്യുന്നത്. ഇതിന് മാറ്റം വരുത്താനാണ് നവദമ്പതിമാർക്ക് സാമ്പത്തികസഹായം സർക്കാർ തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്.